വീടുകൾ കയ്യേറി പതിനായിരക്കണക്കിന് ചീവീടുകൾ: ഗതികെട്ട് ഈ നഗരത്തിലെ താമസക്കാർ

crickets-at-home
Representative Image: Photo credit: Kaprisova/ Shutterstock.com Joni Hanebutt
SHARE

സാധാരണഗതിയിൽ ചീവീടുകളെ പോലെയുള്ള ചെറുപ്രാണികളെ ആരും അങ്ങനെ ഭയക്കാറില്ല. എന്നാൽ ചീവീടുകളെ ഭയന്ന് സ്വന്തം വീടുവിട്ടുപോയാലോ എന്ന് ചിന്തിച്ച് മനഃസമാധാനം നഷ്ടപ്പെട്ടു കഴിയുകയാണ് അമേരിക്കയിലെ നെവാഡയിലുള്ള എൽക്കോ നഗരവാസികൾ. കാരണം  ചീവീടുകൾ കൂട്ടമായി ചേർന്ന് ഇവരുടെ വീടുകളും നഗരവുമാകെ ഏതാണ്ട് പിടിച്ചടക്കി കഴിഞ്ഞു എന്നുതന്നെ  പറയാം. 

നഗരത്തിൽ ജീവിക്കുന്ന കോളറ്റ് - മൈക്ക് റെനോൾഡ്സ് ദമ്പതികൾ ഒരു ദിവസം രാവിലെ ഉറക്കം ഉണർന്നു നോക്കുമ്പോൾ വീടിന്റെ പുറംഭിത്തിയിൽ പതിനായിരക്കണക്കിന് ചീവീടുകൾ ആധിപത്യം ഉറപ്പിച്ച കാഴ്ചയാണ് കണ്ടത്. വടക്കൻ അമേരിക്കയിൽ കണ്ടുവരുന്ന വലിയ ചീവീടിനമായ മോർമൻ ക്രിക്കറ്റ് ഇനത്തിൽപ്പെട്ടവയാണ് ഇവരുടെ വീട് അക്ഷരാർഥത്തിൽ പിടിച്ചെടുത്തത്. ചീവീടുകളെ ഇടയ്ക്കിടെ വീട്ടുപരിസരത്ത് കാണാറുണ്ടെങ്കിലും ഇത് നടുക്കുന്ന കാഴ്ചയായിരുന്നു എന്ന് ഇവർ പറയുന്നു.

വീടിന്റെ മുൻഭാഗത്തെ ഭിത്തി കാണാനാവാത്ത വിധം ചീവീടുകൾ മൂടി കഴിഞ്ഞിരുന്നു. കാര്യം പന്തിയല്ല എന്ന് തിരിച്ചറിഞ്ഞ ഉടൻ തന്നെ പ്രാണികളെ തുരത്തുന്ന വിദഗ്ധരെ ഇവർ വിളിച്ചുവരുത്തി. എന്നാൽ അവയുടെ എണ്ണം കണ്ട് തങ്ങൾക്ക് സഹായിക്കാനാവില്ല എന്നും അവ തനിയെ പോകാൻ കാത്തിരിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ല എന്നും അറിയിച്ച് വിദഗ്ധർ മടങ്ങി. മറ്റൊരു മാർഗ്ഗവും ഇല്ലാതെ വന്നതോടെ മൈക്ക് സ്വന്തം നിലയിൽ ഹോസ് ഉപയോഗിച്ച് വെള്ളം ചീറ്റിച്ചും തല്ലിക്കൊന്നുമൊക്കെ അവയെ തുരത്താൻ ശ്രമിച്ചു. എന്നാൽ ചത്തു വീഴുന്ന ചീവീടുകളെ മറ്റുള്ളവ കൂട്ടം ചേർന്ന് ഭക്ഷിക്കുന്ന കാഴ്ചയാണ് ഇവർ കണ്ടത്. 

ചീവീടുകളുടെ ശല്യം സഹിച്ചു ജീവിക്കുകയല്ലാതെ മറ്റു മാർഗ്ഗമില്ല എന്ന നിലയിലാണ് ഇപ്പോൾ ഇവരുടെ കാര്യം. കതകുകളും ജനാലുകളും എല്ലാം അടച്ചിട്ട് അവ അകത്തേയ്ക്ക് കയറാതെ ശ്രദ്ധിക്കാൻ മാത്രമാണ് ഇവർക്ക് സാധിക്കുന്നത്. എത്ര ശ്രമിച്ചിട്ടും ചീവീടുകൾ അകത്ത് കയറിക്കൂടുകയും ചെയ്തു. നാല് കിടപ്പുമുറികളും മൂന്ന് ബാത്റൂമുകളുമുള്ള വീട് 2015ലാണ് ഇവർ വാങ്ങിയത്. വീടിന് ചുറ്റുമായി ധാരാളം ചെടികളും മരങ്ങളും ഉള്ളതിനാൽ ചീവീടുകൾക്ക് സുഖമായി ഭക്ഷണവും കിട്ടുന്നുണ്ട്. 

ഒരു ശസ്ത്രക്രിയയെ തുടർന്ന് വിശ്രമത്തിലായതിനാൽ കോളറ്റിനു തൽക്കാലം വീടുവിട്ട് യാത്ര ചെയ്യാൻ നിവൃത്തിയില്ല. തങ്ങളുടെ മാനസിക നിലയും ആരോഗ്യനിലയും എല്ലാം ചീവീടുകൾ തരാറിലാക്കിയെന്നും സന്തോഷം ഇല്ലാതെ ദിവസങ്ങൾ തള്ളി നീക്കുകയാണെന്നും ഇവർ പറയുന്നു. എത്രയും വേഗം ചീവീടുകൾ സ്ഥലം വിടുമെന്ന് പ്രതീക്ഷയിലാണ് ഇവർ. അടുത്തവർഷവും സമാനമായ രീതിയിൽ ചീവീടുകൾ കൂട്ടമായി എത്തിയാൽ വീട് പൂട്ടിയിട്ട് തത്കാലത്തേയ്ക്ക് സ്ഥലം വിടുമെന്ന ഉറച്ച തീരുമാനവും എടുത്തു കഴിഞ്ഞു. എന്നാൽ ഇത് കോളറ്റിന്റെയും മൈക്കിന്റെയും മാത്രം കാര്യമല്ല. എൽക്കോയിലെ എല്ലാ വീടുകളിലും അവ കയറിക്കൂടിയിട്ടുണ്ട്. 

English Summary- House, Streets in Nevada Invaded By Mormon Crickets- News

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS