അകത്താണ് വീട്! ഇത് ആർക്കിടെക്ട് ദമ്പതികളുടെ സ്വപ്നവീട്

architect-house-exteriors
SHARE

മറ്റുള്ളവരുടെ സ്വപ്നഭവനങ്ങൾക്ക് ജീവൻ നൽകുന്ന ആർക്കിടെക്ടുകൾ സ്വന്തമായി വീട് വയ്ക്കുമ്പോൾ വെല്ലുവിളികൾ ഏറെയാണ്. തങ്ങളുടെ സൃഷ്ടികളിൽ മുന്നിൽ നിൽക്കേണ്ടതാകണം അതെന്ന് ഏതൊരു ആർക്കിടെക്ടും ആഗ്രഹിക്കും. എല്ലാ സ്വാതന്ത്രത്തോടെയും സ്വന്തമായി ചെയ്യാൻ കഴിയുന്ന ഒരു ഡ്രീം പ്രൊജക്റ്റ്! രണ്ടു പേരും ആർക്കിടെക്ട് ആകുമ്പോൾ മറ്റുള്ളവർ കൂടുതൽ ഉറ്റുനോക്കും.

architect-house-exterior

റാസിയും നീനുവും ആദ്യമേ ഉറപ്പിച്ചിരുന്നു ഒരുനിലവീട് മതിയെന്നത്. കുടുംബാംഗങ്ങൾ തമ്മിൽ കൂടുതൽ സമയം ചിലവഴിക്കാനും കുട്ടികളുടെ മേൽ ഒരുകണ്ണുണ്ടാകാനും അത് കൂടുതൽ ഉപകരിക്കും. 3000 സ്‌ക്വയർഫീറ്റ് വീട്ടിൽ ബാത്റൂമോടുകൂടിയ നാല് കിടപ്പുമുറികളും, ഗസ്റ്റ് ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്ങ് ഹാൾ, പ്രയർ ഏരിയ, രണ്ടു കോമൺ ടോയ്‌ലറ്റ്, കിച്ചൻ, വർക്ക് ഏരിയ, മെസനൈൻ  ആയി ചെയ്തിരിക്കുന്ന ഓഫിസ് സ്പേസ്, ബാൽക്കണി, സ്റ്റോർ റൂം, കാര് പോർച്ച് എന്നിവ അടങ്ങിയിരിക്കുന്നു.

വീട് മുഴുവനായും പണിതിരിക്കുന്നത് AAC കട്ട കൊണ്ടാണ്. സാധാരണക്കാർക്ക് അത്ര പരിചിതമല്ലാതിരുന്ന മെറ്റീരിയൽ ഉപയോഗിക്കുന്നതിനു മുൻപേ അതിനെ പറ്റിയുള്ള ടെക്നിക്കൽ വശങ്ങൾ (ചിതൽ വരില്ല, ചൂട് കുറയ്ക്കും, കെട്ടിടത്തിന്റെ ഭാരം മൂന്നിലൊന്നായി കുറയ്ക്കും) പരിഗണിച്ചുകൊണ്ടാണ് AAC കട്ടയിൽ തന്നെ പണിയാൻ തീരുമാനിച്ചത്.

architect-house-hall

വളരെ മിനിമൽ ആയി ചെയ്തിരിക്കുന്ന എലിവേഷനിൽ AAC കട്ട മുറിച്ചെടുത്തു ചെയ്തിരിക്കുന്ന ഡിസൈൻ പാറ്റേൺ അകത്തളങ്ങളിലും, പ്രവേശന കവാടത്തിലുമെല്ലാം നൽകിയിട്ടുണ്ട്. അകത്തളങ്ങളിലെ പ്രധാന ആകർഷണം ജിഐ പൈപ്പിലും WPC ബോർഡിലും മരത്തടിയിലും ചെയ്തെടുത്തിരിക്കുന്ന ഓപ്പൺ ഷെൽഫ് എന്ന് തോന്നിപ്പിക്കുന്ന സ്റ്റെയർകേസ് ആണ്.

architect-house-living

ചവിട്ടുന്ന ഭാഗത്തും ഗ്ലാസ് കൈവരിയിലുമല്ലാതെ ഈ വീട്ടിൽ മരം ഉപയോഗിച്ചിട്ടേയില്ല. പ്രധാന വാതിൽ, പുറത്തേക്കുള്ള മറ്റു വാതിലുകൾ, ബെഡ്റൂമിന്റെ വാതിൽ കട്ടിളകൾ എന്നിവ എല്ലാം തന്നെ ചെയ്തിരിക്കുന്നത് സ്റ്റീലിൽ ആണ്. അകത്തെ വാതിൽ WPC ബോർഡിൽ CNC കട്ടിങ് ചെയ്ത് മനോഹരമായി പെയിന്റ് ചെയ്ത് വച്ചിരിക്കുന്നു. ഉപയോഗിച്ചിരിക്കുന്ന എഴുപത്തഞ്ചു ശതമാനം മെറ്റീരിയലുകളും പ്രകൃതിക്ക് ദോഷം വരാത്ത ഗ്രീൻ റേറ്റഡ് ആയിട്ടുള്ളവയാണ്. അകത്തെ ചുമരുകൾ സാധാരണ സിമന്റ് പ്ലാസ്റ്ററിങ്ങിനു പകരം വളരെ കനം കുറഞ്ഞ രീതിയിൽ വൈറ്റ് സിമന്റ് പ്രധാനമായി വരുന്ന റെഡിമിക്സ് പ്ലാസ്റ്ററിങ് ആണ് ചെയ്തിരിക്കുന്നത്. നൂതനമായ എൽഇഡി ലൈറ്റുകളാണ് മുഴുവനായും നൽകിയിരിക്കുന്നത്.

architect-house-dine

ഡബിൾഹൈറ്റിൽ പണിതിരിക്കുന്ന ഹാളിന്റെ മേൽക്കൂര ഫില്ലർ സ്ളാബ് രീതിയിൽ പത്തിരി ചട്ടി കൊണ്ട് നിർമിച്ചിരിക്കുന്നു..അത് അകത്തളങ്ങളെ കൂടുതൽ മനോഹരമാക്കുന്നു. അതിനിടയിൽ പുറത്തേക്കു കാണാത്ത രീതിയിൽ സ്ഥാപിച്ചിട്ടുള്ള ഇൻഡസ്ട്രിയൽ ഫാൻ അകത്തളങ്ങളിലെ വായുവിനെ പുറത്തേക്കു തള്ളികൊണ്ടേയിരിക്കുന്നു.

architect-house-wash

സാഹസിക വിനോദങ്ങൾ ഇഷ്ട്ടപെടുന്ന ആർക്കിടെക്ട് അതിന്റെ ഒരു എലമെന്റ് എന്നോണം കൊടുത്തിരിക്കുന്ന ഹമ്മോക്ക് ഫ്ലോർ (വലകൊണ്ടുള്ള നിലം) കുട്ടികളിലും മുതിർന്നവരിലും ഒരു പോലെ ആശ്ചര്യം ജനിപ്പിക്കുന്നു. ആയിരം കിലോയോളം താങ്ങാവുന്ന മൗണ്ടൈനിങ് റോപ്പ് കൊണ്ടാണ് അത് നെയ്തെടുത്തിരിക്കുന്നത്. ഹമ്മോക്ക് ഫ്ലോറിനടിയിലായി ആർട്ടിഫിഷ്യൽ ഗ്രാസ് നൽകി മനോഹരമാക്കിയിരിക്കുന്നു. ഹാളിനു ഒരുവശത്തു മൾട്ടിപർപ്പസ് ആയി ഉപയോഗിക്കാവുന്ന രീതിയിൽ ഒരു പ്ലാറ്റ്ഫോമും വിന്യസിച്ചിരിക്കുന്നു.

architect-house-bed

കിച്ചൻ കബോർഡുകളും, വാർഡ്രോബുകളുമെല്ലാം WPC ബോർഡിലും യൂക്കാലിപ്റ്റസ് ബോർഡിലുമാണ് ചെയ്തിരിക്കുന്നത്. ഐലൻഡ് കൗണ്ടറും രണ്ടു പേർക്കിരിക്കാവുന്ന സീറ്റിങ്ങും കൂടാതെ നാലു പേർക്കിരിക്കാവുന്ന ബ്രേക്ക്ഫാസ്റ്റ് ടേബിളും നൽകിയിരിക്കുന്നത് അടുക്കളയെ വീട്ടുകാരുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റിയിരിക്കുന്നു.

architect-house-kitchen

അടുക്കളയിൽ നിന്നാൽ ഗസ്റ്റ് ലിവിങ് മുതൽ ഫാമിലി ലിവിങ് വരെ കണ്ണെത്താവുന്ന രീതിയിലാണ് നൽകിയിരിക്കുന്നത്. സ്വന്തം പണിക്കാരെ വച്ച് ചെയ്തെടുത്തതാണ് ഇവിടെയുള്ള എല്ലാ പണികളും. പല വലുപ്പമുള്ള താന്തൂർ കല്ലുകൾ വിരിച്ചുചെയ്തെടുത്ത മുറ്റം വീടിനു കൂടുതൽ ഭംഗി നൽകുന്നു.

വീട് വിഡിയോ കാണാം..

Project facts

Location- Kunnamkulam

Plot- 25 cent

Owners & Architects- Razi & Ninu

RN Designers, Thrissur

Y.C- 2023

English Summary- Architect Couples Self Designed Home- Veedu Magazine Malayalam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS