ഫ്ലാറ്റിന്റെ ബാൽക്കണിയിൽ പശുക്കളെ വളർത്തി ഉടമ : സ്വസ്ഥത കെട്ട് പരാതിയുമായി അയൽക്കാർ

cow-balcony
Representative Image: Photo credit: Giovanni Del Curto / Shutterstock.com
SHARE

പശു ഫാം തുടങ്ങാൻ ആഗ്രഹമുണ്ടെങ്കിലും സ്വന്തമായി സ്ഥലമില്ലെങ്കിൽ എന്ത് ചെയ്യും? ഒന്നുകിൽ ആ ആഗ്രഹം ഉപേക്ഷിക്കും അല്ലെങ്കിൽ എങ്ങനെയെങ്കിലും പണം സംഘടിപ്പിച്ച് സ്ഥലം കണ്ടെത്തും. എന്നാൽ ചൈനയിലെ സിഷ്വാൻ പ്രവിശ്യയിലെ നഗരവാസിയായ ഒരു വ്യക്തി തന്റെ ആഗ്രഹം സാധിക്കാനായി ചെയ്ത കടുംകൈയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. പശുക്കളെ വളർത്താൻ മറ്റിടങ്ങളില്ലാതെ വന്നതോടെ അഞ്ചാം നിലയിലുള്ള തന്റെ ഫ്ലാറ്റിന്റെ ബാൽക്കണി തന്നെ അദ്ദേഹം പശുത്തൊഴുത്തായി മാറ്റുകയായിരുന്നു. 

ചൈനീസ് സമൂഹമാധ്യമങ്ങളിലൂടെയാണ് സംഭവം പുറത്തുവന്നിരിക്കുന്നത്. ഒന്നും രണ്ടുമല്ല ഏഴ് പശുക്കളാണ് ഫ്ലാറ്റിന്റെ ബാൽക്കണിയിൽ തങ്ങിയത്. എങ്ങനെയാണ് ഉടമ അവയെ ഫ്ലാറ്റിലേക്ക് എത്തിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല. തൊഴുത്തിൽ എന്നപോലെ അവ കൂട്ടമായി ബാൽക്കണിയിൽ നിന്ന് ആഹാരം കഴിക്കുന്നതിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്. എന്തായാലും അദ്ദേഹത്തിന്റെ  സന്തോഷത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. പശുക്കളുടെ കരച്ചിലും ചാണകത്തിന്റെയും ഗോമൂത്രത്തിന്റെയും മണവും അയൽക്കാർക്ക് സഹിക്കാൻ പറ്റാതെയായി.

ബാൽക്കണി ഫാം തുടങ്ങി ഒറ്റദിവസത്തിനുള്ളിൽ ഫ്ലാറ്റ് ഉടമയ്ക്കെതിരെ പരാതികളുടെ പ്രവാഹം തന്നെ ഉണ്ടാവുകയായിരുന്നു. സംഭവമറിഞ്ഞ് നഗരത്തിന്റെ ചുമതയുള്ള ഭരണകൂടം പോലും ആശ്ചര്യത്തിലായി. ഉദ്യോഗസ്ഥർ ഉടൻതന്നെ സ്ഥലത്തെത്തുകയും ചെയ്തു. കാര്യങ്ങൾ കുഴപ്പത്തിലായെങ്കിലും തന്റെ തീരുമാനത്തിൽ നിന്നും പിന്നോട്ടുമാറാൻ തയ്യാറാകാത്ത ഉടമ ഇപ്പോഴും അധികൃതരുമായി നിയമ പോരാട്ടത്തിലാണ്.

പശുക്കളെ തിരികെ ഫ്ലാറ്റിലേക്കെത്തിക്കാൻ ഏതു മാർഗ്ഗവും സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. സംഭവം നടന്ന റെസിഡൻഷ്യൽ മേഖലയിൽ ജീവിക്കുന്നവരിൽ ഭൂരിഭാഗവും  ഗ്രാമപ്രദേശങ്ങളിൽ നിന്നും പുനരധിവസിപ്പിക്കപ്പെട്ട് ഇവിടേക്ക് എത്തിയവരാണ്. പഴയ ജീവിതശൈലിയിൽ നിന്നും വിട്ടുമാറാൻ പറ്റാത്ത ധാരാളം ആളുകൾ ഇതിനുമുൻപും വീടുകൾക്കുള്ളിൽ കോഴികളെയും മറ്റും വളർത്തുന്നതായി പരാതികളും ഉയർന്നിരുന്നു.

ചൈനീസ് സമൂഹമാധ്യമങ്ങളുടെ നാല് ദശലക്ഷത്തിലധികം ആളുകൾ ഇതിനോടകം ബാൽക്കണിയിൽ ജീവിക്കുന്ന പശുക്കളുടെ ചിത്രങ്ങൾ കണ്ടുകഴിഞ്ഞു. കേട്ടുകേൾവി ഇല്ലാത്ത സംഭവം കണ്ടതിന്റെ അത്ഭുതത്തിലാണ് ആളുകൾ പ്രതികരണങ്ങൾ അറിയിക്കുന്നത്. നായകളെയും പൂച്ചകളെയും പോലെ ഒരിക്കൽ ഉടമയുടെ വീടിനുള്ളിൽ താമസിക്കാൻ തങ്ങൾക്കും സാധിക്കുമെന്ന് ഒരിക്കലും പശുക്കൾ കരുതിയിട്ടുണ്ടാവില്ല എന്ന് ഒരാൾ കുറിക്കുന്നു. എന്തായാലും 'കെട്ടിടനിർമ്മാതാക്കൾ നിർമ്മാണത്തിൽ കള്ളത്തരം കാണിച്ചിട്ടില്ല എന്നും കെട്ടുറപ്പോടെയാണ് അവ നിലനിൽക്കുന്നതെന്നും തെളിയിക്കാൻ സാധിച്ചു' എന്ന് ചൂണ്ടിക്കാണിക്കുന്നവരുമുണ്ട്.

വീട് വിഡിയോസ് കാണാം..

English Summary- China Flat Owner Kept Cows on Balcony- News

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS