ബാത്റൂമിൽ നുഴഞ്ഞുകയറിയ 'കള്ളൻ': ഒടുവിൽ പ്രതിയെ കമ്പിൽ തൂക്കിയെടുത്ത് പൊലീസ്

snake-bathroom
First image-Representative Image: Photo credit: Holger Kirk / Shutterstock.com; Second image : Photo credit: facebook @ GrahamPolice
SHARE

യുഎസിലെ നോർത്ത് കരോലിനയിൽ ഒരു വീടിന്റെ ബാത്റൂമിൽ ഒളിച്ചു കയറിയ കടന്നുകയറ്റക്കാരനെ അതിസാഹസികമായി പൊലീസ്  ഉദ്യോഗസ്ഥർ പിടികൂടുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. എന്നാൽ സാധാരണയിൽ നിന്നും വ്യത്യസ്തമായി കമ്പിൽ തൂക്കിയെടുത്താണ് പൊലീസ് ഈ കള്ളനെ വെളിയിലാക്കിയത്. കാരണം ബാത്റൂമിൽ കയറിക്കൂടിയത് ഒരു മനുഷ്യനായിരുന്നില്ല മറിച്ച് പാമ്പായിരുന്നു. പൊലീസ് സംഘം പാമ്പിനെ ബാത്റൂമിൽ നിന്നും വെളിയിലാക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

ബാത്റൂമിനുള്ളിൽ അനക്കം കേട്ട ഉടമ ആരോ വീടിനുള്ളിൽ അതിക്രമിച്ചു കയറി എന്നാണ് ആദ്യം കരുതിയത്. ധൈര്യം സംഭരിച്ച് വാതിൽ തുറന്ന് നോക്കിയപ്പോൾ കണ്ടതാകട്ടെ പാമ്പിനെയും. ഉടൻതന്നെ സഹായത്തിനായി ഇദ്ദേഹം ഗ്രഹാം പൊലീസ് ഡിപ്പാർട്ട്മെന്റിനെ വിളിച്ചു. ഉടമയുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയ പൊലീസ് സംഘം ഉടൻതന്നെ സ്ഥലത്തെത്തുകയും ചെയ്തു. പാമ്പ് ആക്രമണകാരിയായാൽ അപകടം ഒഴിവാക്കാനായി വീട്ടിൽ ഉണ്ടായിരുന്നവരെ പുറത്തു നിർത്തുകയാണ് അവർ ആദ്യം ചെയ്തത്.

ബാത്ത്ടബ്ബും ടോയ്‌ലറ്റും വാഷ്ബേസിനും സ്ഥാപിച്ചിരിക്കുന്ന ബാത്റൂമിനുള്ളിൽ നിന്നും പാമ്പിനെ പിടികൂടുക എന്നത് ഏറെ ശ്രമകരമായിരുന്നു. ട്രാഷ് ഗ്രാബർ ഉപയോഗിച്ചാണ് ഒടുവിൽ അതിനെ വരുതിയിലാക്കിയത്. അടച്ചുറപ്പുള്ള വീടിനുള്ളിൽ പാമ്പ് എങ്ങനെയാണ് കയറിക്കൂടിയത് എന്ന കാര്യം ഇനിയും കണ്ടെത്താനായിട്ടില്ല. എന്തായാലും പൊലീസ് സംഘം വീട്ടിൽ നിന്നും പാമ്പിനെ പിടികൂടുന്ന ചിത്രങ്ങൾ ഇതിനോടകം വൈറലായി കഴിഞ്ഞു.

അനിമൽ റെസ്ക്യൂ ടീമാണ്  സാധാരണഗതിയിൽ ഇത്തരം സന്ദർഭങ്ങളിൽ അപകടം ഒഴിവാക്കാൻ മുന്നിട്ടിറങ്ങുന്നതെങ്കിലും അത് കണക്കിലെടുക്കാതെ പാമ്പിനെ പിടികൂടിയ പൊലീസ് ഉദ്യോഗസ്ഥരുടെ ധൈര്യത്തെ പ്രകീർത്തിച്ചുകൊണ്ടാണ് ആളുകൾ പ്രതികരണങ്ങൾ അറിയിക്കുന്നത്. 'താൻ പൊലീസ് സേനയിലായിരുന്നെങ്കിൽ ഇത്തരം ഒരു ജോലി ചെയ്യേണ്ട സാഹചര്യമുണ്ടായാൽ ആ നിമിഷം തന്നെ രാജിക്കത്ത് സമർപ്പിക്കുമായിരുന്നു' എന്നാണ് ഒരു കമന്റ്. 

പുറത്ത് തണുപ്പ് അധികമാകുമ്പോഴാണ് ചൂടുതേടി പാമ്പുകൾ വീടിനുള്ളിലേയ്ക്ക് കയറാനുള്ള സാധ്യത വർദ്ധിക്കുന്നത്. ഭക്ഷണത്തിന്റെ സാന്നിധ്യവും അവയെ ആകർഷിച്ചേക്കാം. അതിനാൽ വീടിനുള്ളിൽ പാമ്പുകൾ കയറുന്നത് തടയാൻ വളർത്തു മൃഗങ്ങൾക്കുള്ള ഭക്ഷണവും മറ്റും പുറത്തു തന്നെ സൂക്ഷിക്കാൻ ശ്രമിക്കുക. വീടിനോട് ചേർന്ന ഭാഗംവരെ പുൽത്തകിടികൾ ഉണ്ടാക്കുന്നതും അവയ്ക്ക് വേഗത്തിൽ ഇഴഞ്ഞ് അകത്തേയ്ക്ക് കയറാനുള്ള അവസരം ഒരുക്കും.

പാമ്പുകൾ അധികമായുള്ള ഇടങ്ങളാണെങ്കിൽ വാതിലുകൾ  അടച്ചിടാൻ  ശ്രദ്ധിക്കുക എന്നതാണ് ഏറ്റവും പ്രധാനം. പുറംഭിത്തികളിൽ വിള്ളലോ ദ്വാരങ്ങളോ ഇല്ല എന്ന് കൃത്യമായ ഇടവേളകളിൽ പരിശോധിച്ച് ഉറപ്പാക്കണം. സമീപത്തെ മരങ്ങൾ വീടിന്റെ മേൽക്കൂരയിൽ തൊട്ടു നിൽക്കുന്നുണ്ടെങ്കിൽ അവയുടെ ശിഖരങ്ങൾ എത്രയും വേഗം മുറിച്ചു നീക്കുക. പാമ്പുകൾ ഇരുണ്ടതും നനഞ്ഞതുമായ സ്ഥലങ്ങളാണ് ഇഷ്ടപ്പെടുന്നത്. അതിനാൽ ഇത്തരം ഇടങ്ങളിൽ പ്രത്യേകം ശ്രദ്ധ വേണം.

വീട് വിഡിയോ കാണാം...

English Summary- Police Catches Snake from bathroom- News

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS