വൻപ്രതീക്ഷയോടെ ആറുകോടിയുടെ വീട് വാങ്ങി; പക്ഷേ താമസിയാതെ പേടിസ്വപ്നമായി മാറി
Mail This Article
ഏറെ പ്രതീക്ഷയോടെയും സന്തോഷത്തോടെയുമാണ് തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ഹിൽറ്റ്ഷയറിലുള്ള ഒരു വീട് ഡേവിഡ് വോക്കർ എന്ന വ്യക്തിയും കുടുംബവും സ്വന്തമാക്കിയത്. വീടിനായി ആറ് ലക്ഷം പൗണ്ടും (6 കോടി രൂപ) ഇവർ ചെലവാക്കി. എന്നാൽ തങ്ങളുടെ വീടിനെക്കുറിച്ചുള്ള സ്വപ്നം നിലവിൽ ഒരു പേടിസ്വപ്നമായി മാറിയിരിക്കുകയാണ് എന്ന് കുടുംബം പറയുന്നു. 'ഒരു കെട്ടിടനിർമാണ സൈറ്റിൽ താമസിക്കുന്നതിന് തുല്യം' എന്നാണ് ഇവിടുത്തെ ജീവിതത്തെ ഇവർ വിശേഷിപ്പിക്കുന്നത്.
ഒന്നിനുപിന്നാലെ ഒന്നായി പ്രശ്നങ്ങൾ വന്നുചേരുന്നതിനാൽ മൂന്ന് തവണയാണ് ഇവർക്ക് ഇതിനോടകം വീടുവിട്ട് മാറി തങ്ങേണ്ടി വന്നത്. കെട്ടിടത്തിലെ ചില പ്രശ്നങ്ങൾ പരിഹരിക്കാനായി ജനുവരിയിൽ നിർമാണം പുരോഗമിക്കുന്ന സ്ഥലങ്ങളിലെന്നതുപോലെ വീടിനുചുറ്റും വലിയ തട്ട് (scaffolding) സ്ഥാപിച്ചു. പിന്നീടിങ്ങോട്ട് ഒന്നൊന്നായി നിർമാണ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പ്രവർത്തനങ്ങൾ കെട്ടിടത്തിൽ നടന്നുവരികയാണ്.
ഒരു ബിൽഡർ കൂടിയായ ഡേവിഡ് എത്രയും വേഗം ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്തി സ്വസ്ഥമായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നാണ് കെട്ടിട നിർമാതാക്കളോട് അപേക്ഷിക്കുന്നത്. അതേസമയം കെട്ടിടത്തിലെ ഒറ്റപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുകയാണ് തങ്ങൾ ചെയ്യുന്നത് എന്നാണ് ഡെവലപ്പർമാർ നൽകുന്ന വിശദീകരണം. തികച്ചും ശ്രദ്ധയില്ലാതെയുള്ള നിർമാണമാണ് നടന്നിരിക്കുന്നത്. ഭിത്തികൾ ഉറപ്പോടെ നിൽക്കാനുള്ള സംവിധാനങ്ങളും ഇൻസുലേഷനും ഒരുക്കിയിട്ടില്ല. ഫ്ലോറുകൾ നിരപ്പല്ല. ഇതിനെല്ലാം പുറമേ ചോർച്ച നിത്യസംഭവവുമാണ്.
സ്വാഭാവിക വെളിച്ചം തീരെ ലഭിക്കാത്തതുമൂലം ബാൽക്കണിയിലോ പരിസരങ്ങളിലോ ഒരു ചെടി പോലും വളർത്താൻ സാധിക്കില്ല. പണി നടക്കുന്നത് മൂലം സുഹൃത്തുക്കളെയോ ബന്ധുക്കളെയോ ഇവിടേക്ക് ക്ഷണിക്കാൻ പോലുമാകാത്ത അവസ്ഥ. നിർമാതാക്കളുമായി നിരന്തരം ബന്ധപ്പെടുകയും ആവശ്യങ്ങൾ അറിയിക്കുകയും തർക്കിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഇതുവരെ എന്നത്തേക്ക് പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നതിനെക്കുറിച്ച് യാതൊരു ഉറപ്പും ലഭിച്ചിട്ടുമില്ല.
English Summary- Family Spend Crores on Dreamhome went Wrong- News