നിയന്ത്രണം നഷ്ടമായി ചെറുവിമാനം; വന്നുപതിച്ചത് വീടിന്റെ മേൽക്കൂരയിലേക്ക്

plane-building
SHARE

വീടുകളുടെ ടെറസിൽ കയറിനിന്ന് ആകാശത്തുകൂടെ വിമാനം പോകുന്നത് കൗതുകത്തോടെ കണ്ടിരുന്ന ബാല്യകാലം പലർക്കുമുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം അമേരിക്കയിലെ ടെക്സസിലെ ജോർജ്ടൗണിൽ ഒരുചെറുവിമാനം നേരെ പറന്നിറങ്ങിയത് വീടിന്റെ മേൽക്കൂരയിലേക്കാണ്. എയർപോർട്ടിന് സമീപമുള്ള വീടിനു മുകളിലേക്ക് നിയന്ത്രണംവിട്ട വിമാനം വന്നുപതിക്കുകയായിരുന്നു. സംഭവത്തിൽ വിമാനത്തിലെ യാത്രക്കാരായിരുന്ന മൂന്നുപേർക്ക് പരിക്കേറ്റു.

എങ്ങനെയാണ് അപകടം ഉണ്ടായത് എന്ന കാര്യത്തിൽ ഇനിയും വ്യക്തത കൈവന്നിട്ടില്ല. സംഭവത്തെക്കുറിച്ച് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആൾതാമസമില്ലാത്ത വീടിന്റെ മേൽക്കൂരയിലേക്കാണ് വിമാനം വന്നുപതിച്ചത്. വലിയ അപകടം ഒഴിവാക്കിയത് ഇതാണെന്ന് അധികൃതർ പറയുന്നു. ഒരുദിവസംമുഴുവൻ തകർന്ന വിമാനം വീടിന്റെ മേൽക്കൂരയിൽ തന്നെ തുടരുകയും ചെയ്തു.

അപകടമുണ്ടായ സ്ഥലത്തിന് തൊട്ടുപിന്നിൽ ഒരു അപ്പാർട്ട്മെന്റ് സമുച്ചയം സ്ഥിതിചെയ്യുന്നുണ്ട്. വിമാനം ക്രാഷ് ലാൻഡ് ചെയ്യേണ്ടി വരുമെന്ന് തിരിച്ചറിഞ്ഞതോടെ അപ്പാർട്ട്മെന്റ് കോംപ്ലക്സ് ഒഴിവാക്കി ഇരുനിലവീടിന് മുകളിലേക്ക് പൈലറ്റ് വിമാനം തിരിച്ചു വിടുകയായിരുന്നു. സംഭവം കണ്ട സമീപവാസികൾ വിമാനത്തിൽ ഉണ്ടായിരുന്നവരെ രക്ഷിക്കാനായി ഓടിക്കൂടിയപ്പോഴേക്കും പരിഭ്രാന്തരായ യാത്രികർ മേൽക്കൂരയിലുണ്ടായ വിടവിൽകൂടി താഴേക്ക് ചാടാനുള്ള ശ്രമത്തിലായിരുന്നു. മേൽക്കൂരയിലേക്കുള്ള സ്റ്റെയറുകൾ തുറന്നു കൊടുത്താണ് ഒടുവിൽ ഇവരെ താഴേക്ക് ഇറക്കിയത്.

വിമാനത്തിലെ ഇന്ധനം മേൽക്കൂരയിൽനിന്ന് വീടിന്റെ മുകൾനിലയിലേക്കും താഴത്തെ നിലയിലേക്കും ചോർന്നൊലിച്ചത് ഭീഷണി ഉയർത്തിയിരുന്നു. ഇതോടെ തീപിടിക്കാൻ സാധ്യതയുള്ളവയെല്ലാം വീട്ടിൽനിന്ന് ഒഴിവാക്കി. വീട്ടിലേക്കുള്ള വൈദ്യുതി ബന്ധവും വിച്ഛേദിച്ചിരുന്നു.

English Summary- Airplane Crashed into House- News

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS