സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഗുണനിലവാരം ഉറപ്പാക്കിയും ലാഭകരമായും വീട് നിർമിക്കാൻ സഹായിക്കുന്ന ‘ബിൽഡ് നെക്സ്റ്റ്’ സ്റ്റാർട്ടപ് ഇതു വരെ പടുത്തുയർത്തിയത് നൂറിലേറെ സ്വപ്നഭവനങ്ങൾ. ഐഐടി, ഐഐഎം ബിരുദധാരികളായ വി.ഗോപീകൃഷ്ണനും ഫിനാസ് നഹയും 2015 ലാണ് ബിൽഡ് നെക്സ്റ്റിനു തറക്കല്ലിട്ടത്.
ഐഐടി ഖരഗ്പുരിൽ നിന്ന് ബിആർക് ബിരുദം നേടിയ ഗോപീകൃഷ്ണൻ ഐഐഎം ബെംഗളൂരുവിൽ നിന്ന് എംബിഎ ചെയ്ത ശേഷം അഫോഡബിൾ ഹൗസിങ്, ആർക്കിടെക്ചർ മേഖലകളിൽ ജോലി ചെയ്ത ശേഷമാണു ടെക് അധിഷ്ഠിത സ്റ്റാർട്ടപ്പിന് തുടക്കമിടുന്നത്.

വീട് പണിതു തുടങ്ങുമ്പോൾ മനസ്സിൽകാണുന്ന ബജറ്റ് ആയിരിക്കില്ല, അതു പൂർത്തിയായിക്കഴിയുമ്പോൾ. വിചാരിച്ചപോലെ പലകാര്യങ്ങളും യാഥാർഥ്യമായില്ലെന്നും വരും. ഈ പോരായ്മകളെ ടെക്നോളജിയുടെ സഹായത്തോടെ പരിഹരിക്കുന്ന സേവനമാണ് ‘ബിൽഡ് നെക്സ്റ്റ്’ നൽകുന്നതെന്ന് ഗോപീകൃഷ്ണൻ പറയുന്നു.
1000 ചെക്ക് പോയിന്റുകൾ പരിശോധിച്ചാണു നിർമാണം. വീടിന്റെ പ്ലാൻ വിആർ (വെർച്വൽ റിയാലിറ്റി) അധിഷ്ഠിത ത്രീ ഡി പ്ലാറ്റ്ഫോമിലൂടെ വ്യക്തമായി പരിചയപ്പെടുത്തുന്നതു മുതൽ ഓരോ ഘട്ടത്തിലും ടെക് സൊലൂഷൻസ് ഉപയോഗിക്കും. ഇതിലൂടെ നിർമാണ വസ്തുക്കളും ലഭ്യതയും ഗുണദോഷങ്ങളുമൊക്കെ ശാസ്ത്രീയമായി ഉടമയെ ബോധ്യപ്പെടുത്താനാകുമെന്നും ഗോപീകൃഷ്ണൻ പറയുന്നു.
English Summary- Buildnext-Youth Start up Innovative Home Solution