കറണ്ട് ബിൽ വെറും 20 രൂപ! ഊർജക്ഷമതയുള്ള വീട് നിർമിച്ച് എൻജിനീയർ
Mail This Article
വൈദ്യുതി ബില്ലിലെ വൻവർധന സാധാരണ കുടുംബങ്ങൾക്ക് ഷോക്ക് ട്രീറ്റ്‌മെന്റായി മാറുന്ന കാലമാണ്. എന്നാൽ തമിഴ്നാട്ടിലെ അണ്ണാമംഗലം സ്വദേശിയായ ജഗദീശന് വൈദ്യുതി ബില്ല് ഒരു പേടിസ്വപ്നമേ അല്ല. സുസ്ഥിരത ഉറപ്പാക്കിക്കൊണ്ട് നിർമിച്ചിരിക്കുന്ന തന്റെ വീടിന് രണ്ടുമാസം കൂടുമ്പോൾ വരുന്ന വൈദ്യുതി ബില്ല് 30 രൂപയിൽ താഴെയാണെന്ന് സിവിൽ എൻജിനീയറായ അദ്ദേഹം പറയുന്നു.
കളിമണ്ണ് ഉപയോഗിച്ച് നിർമിച്ചിരുന്ന തന്റെ വീട് കോൺക്രീറ്റാക്കി പുതുക്കി നിർമിക്കണമെന്ന ആവശ്യവുമായി ഒരാൾ എത്തിയപ്പോഴാണ് ഇത്തരം വീടുകൾ അപ്രത്യക്ഷമാവുകയാണെന്ന കാര്യം ജഗദീശന്റെ ചിന്തയിലേയ്ക്ക് വന്നത്. അതോടെ പരമ്പരാഗത തനിമയുടെയും സുസ്ഥിരതയുടെയും ഉദാഹരണമായി സ്വന്തമായി ഒരു വീട് നിർമിക്കണമെന്ന് അദ്ദേഹം തീരുമാനിക്കുകയായിരുന്നു. ഇത്തരം വീടുകൾക്ക് കോൺക്രീറ്റിനോളമോ അതിലും അപ്പുറമോ ഉറപ്പുണ്ടെന്ന് തെളിയിച്ചു കാണിക്കുക എന്ന ഉദ്ദേശ്യം കൂടി ജഗദീശന്റെ മനസ്സിൽ ഉണ്ടായിരുന്നു.
അങ്ങനെയാണ് 'തായ്‌മൺവീട്' എന്ന പേര് നൽകിയിരിക്കുന്ന തന്റെ പ്രകൃതിസൗഹൃദ സ്വപ്നഭവനം അദ്ദേഹം നിർമിച്ചത്. നിർമാണ മേഖലയിൽ പരിചയ സമ്പത്ത് ഉണ്ടെങ്കിലും ഇത്തരമൊരു വീട് നിർമിക്കുന്നതിന്റെ ഗുണദോഷങ്ങൾ കൃത്യമായി മനസ്സിലാക്കാനായി അദ്ദേഹം പുതുച്ചേരിയിലെ എർത്ത് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠനവും ആരംഭിച്ചു. കളിമൺ കട്ടകളുടെ നിർമ്മാണവും ഉപയോഗക്രമവും എല്ലാം പഠിച്ചെടുത്തത് അവിടെ നിന്നാണ്. ഇഷ്ടികകൾക്ക് വിപരീതമായി ചുടാതെ നിർമിക്കുന്നവയാണ് ഈ മൺകട്ടകൾ.
ഇത്തരം മൺകട്ടകളും കളിമണ്ണ് ഉപയോഗിച്ചുള്ള മോർട്ടറും നിർമാണത്തിന് ഉപയോഗിക്കുന്നതോടെ അകത്തളത്തിൽ പരമാവധി വായുസഞ്ചാരം ഉറപ്പാക്കാനാവും. വീടിനുള്ളിൽ ചൂടുകാലത്ത് വേണ്ടത്ര തണുപ്പും തണുപ്പ് കാലത്ത് ചൂടും അനുഭവപ്പെടുന്നതിനാൽ എസിയുടെ ആവശ്യമില്ല. അകത്തളത്തിൽ പരമാവധി സ്വാഭാവിക വെളിച്ചം ലഭിക്കാനായി ഒരു നടുമുറ്റവും ഒരുക്കി. ഇത് മൂലം പകൽസമയത്ത് വൈദ്യുതിയുടെ ആവശ്യമേ ഇല്ല. രാത്രികാലങ്ങളിൽ പലപ്പോഴും ഫാനും പ്രവർത്തിപ്പിക്കാറില്ല. തമിഴ്നാട് സർക്കാരിൽ നിന്നുള്ള സബ്സിഡിയായി ആദ്യത്തെ 100 യൂണിറ്റ് വൈദ്യുതി സൗജന്യമാണ്. ഈ പരിധി അപൂർവമായി മാത്രമേ മറികടക്കേണ്ടി വരാറുള്ളൂ. അതിനാൽ ഇരുപതോ മുപ്പത് രൂപയാണ് ബില്ലിനത്തിൽ അടയ്ക്കേണ്ടി വരുന്നത് എന്നും അദ്ദേഹം പറയുന്നു.
ലിവിങ് ഏരിയ, അടുക്കള, രണ്ട് കിടപ്പുമുറികൾ, സ്റ്റോറേജ് റൂം എന്നിവയെല്ലാം ഉൾപ്പെടുന്ന ഇരുനില വീടിന്റെ ആകെ വിസ്തീർണ്ണം ആയിരം ചതുരശ്ര അടിയാണ്. ഒരു വർഷം കൊണ്ട് നിർമ്മാണം പൂർത്തിയായി. മഴവെള്ളം സംഭരിക്കാനായി ഇരുപതിനായിരം ലിറ്റർ കപ്പാസിറ്റിയുള്ള ഒരു ടാങ്ക് വീട്ടിൽ സ്ഥാപിച്ചിട്ടുണ്ട്. വീട്ടാവശ്യങ്ങൾക്കുള്ള പച്ചക്കറികൾ വളർത്തുന്നതിനായി ടെറസ് ഗാർഡൻ കൂടി ഒരുക്കിയതോടെ സുസ്ഥിരതയുടെ പര്യായമായി 'തായ്‌മൺവീട്' മാറ്റി കഴിഞ്ഞു. പരമ്പരാഗത രീതിയിൽ വീട് നിർമ്മിക്കാൻ തൊഴിലാളികൾക്ക് പരിശീലനം ഉണ്ടായിരുന്നില്ല എന്നത് മാത്രമാണ് നിർമ്മാണ ഘട്ടത്തിൽ വെല്ലുവിളിയായത്. എന്നാൽ വീടിന്റെ നിർമാണം പൂർത്തിയായതോടെ പരമ്പരാഗത രീതിയിൽ വീട് നിർമിച്ചത് മറ്റുള്ളവർക്ക് മാതൃകയാകാനായതിന്റെ സന്തോഷത്തിലാണ് ജഗദീശൻ.
English Summary- Energy Efficient Sustainable House with less current Bill- News