ഇങ്ങനെയും പുനരുപയോഗിക്കാം:16000 പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് വീടുപണിത് യുവതികൾ

plastic-bottle-houses
Image Credit- facebook via Namita Kapale
SHARE

പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉയർത്തുന്ന ഭീഷണി വളരെ ഗുരുതരമാണ്. ഉപയോഗം കുറയ്ക്കുക, പുനരുപയോഗിക്കുക തുടങ്ങിയ മാർഗങ്ങളാണ് പ്ലാസ്റ്റിക് ഭീഷണിയെ പ്രതിരോധിക്കാനായുള്ളത്. എന്നാൽ ഇതേ പ്ലാസ്റ്റിക് കൊണ്ട് പ്രകൃതിസൗഹൃദമായി എന്തെങ്കിലും നിർമിക്കാനാകുമോ? വിചിത്രമായി തോന്നാമെങ്കിലും പ്ലാസ്റ്റിക് കൊണ്ട് ഒരുവീട് നിർമിച്ച് അദ്‌ഭുതപ്പെടുത്തുകയാണ് ഔറംഗബാദ്  സ്വദേശികളായ രണ്ടു സുഹൃത്തുക്കൾ. നമിത കപാലെ, കല്യാണി ബരംഭെ എന്നിവർ 16000 പ്ലാസ്റ്റിക് കുപ്പികളും മണ്ണും ഉപയോഗിച്ചാണ് വീട് നിർമ്മിച്ചത്

4000 ചതുരശ്രഅടി വിസ്തീർണ്ണമുള്ള ഒരു പാടത്താണ് ഇവർ മൂന്നു ഭാഗങ്ങളായി തിരിച്ചിരിക്കുന്ന വീട് നിർമിച്ചിരിക്കുന്നത്. മണ്ണിനും പ്ലാസ്റ്റിക് കുപ്പികൾക്കും പുറമേ ചാണകവും പുനരുപയോഗം ചെയ്യാനാവാത്ത പ്ലാസ്റ്റിക്കും നിർമാണത്തിന് ഉപയോഗിച്ചിട്ടുണ്ട്. കോവിഡ് ലോക്ക്ഡൗൺ കാലത്താണ് പ്ലാസ്റ്റിക്കിനെ ഉപയോഗപ്രദമാക്കി മാറ്റാനുള്ള ചിന്ത ഇരുവരുടെയും മനസ്സിലേക്കെത്തിയത്. ഗുവാഹത്തിയിലെ ഒരു സ്കൂളിൽ പ്ലാസ്റ്റിക് കുപ്പികളിൽ സിമന്റ് നിറച്ച് ബെഞ്ചുകൾ നിർമ്മിച്ചിരിക്കുന്നത് കണ്ടതായിരുന്നു പ്രചോദനം .

plastic-home
Image Credit- facebook via Namita Kapale

എങ്കിൽ പിന്നെ ഇവ ഉപയോഗിച്ച് ഒരു വീട് നിർമിച്ചെടുത്താലോ എന്ന ചിന്തയിൽ സാധിക്കാവുന്ന ഇടങ്ങളിൽനിന്നും നിരത്തുകളിൽ നിന്നുമെല്ലാം ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ചുതുടങ്ങി. തുടക്കത്തിൽ വീട്ടുകാരും നാട്ടുകാരും ഇവരുടെ ഈ ശ്രമങ്ങളെ പരിഹസിക്കുകയും എതിർക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിന്റെ പ്രാധാന്യം മറ്റുള്ളവർ മനസ്സിലാക്കി തുടങ്ങിയതോടെ പിന്തുണയും ലഭിച്ചു. 

പ്ലാസ്റ്റിക് കുപ്പികൾ ആവശ്യത്തിനു ശേഖരിച്ചതോടെ വീട് നിർമാണത്തിന് സിമന്റിന് പകരം മണ്ണ് ഉപയോഗിച്ചാലോ എന്നായി ചിന്ത. മണ്ണും മുളയും ജൈവ വിഘടനം സംഭവിക്കാത്ത പ്ലാസ്റ്റിക്കും കൂട്ടിച്ചേർത്ത് പ്രകൃതി സൗഹൃദ ബ്രിക്കുകളും ഉണ്ടാക്കി. 10000 കുപ്പികളിൽ പല അടുക്കുകളായി പ്ലാസ്റ്റിക്കും 6000 കുപ്പികളിൽ മണ്ണും നിറച്ചു. ഗവൺമെന്റ് എൻജിനീയറിങ് കോളേജിലെ സിവിൽ എൻജിനീയർമാർ എത്തിയാണ് കുപ്പിയിൽ നിർമ്മിച്ച കട്ടകളുടെ ഗുണനിലവാരം പരിശോധിച്ചത്. എന്നാൽ ഈ കട്ടകൾ ഉപയോഗിച്ച് ആദ്യഘട്ടത്തിൽ ഭിത്തികൾ നിർമിച്ചത് പരാജയമായിരുന്നു എന്നും ഇരുവരും പറയുന്നു. 

ഇതോടെ അല്പം കൂടി പശപശപ്പുള്ള മണ്ണ് കണ്ടെത്തി ഭിത്തിയുടെ നിർമാണം ആരംഭിച്ചു. ഭിത്തികളുടെ പ്ലാസ്റ്ററിങ്ങിനായി ചാണകവും മണ്ണുമാണ് ഉപയോഗിച്ചത്. മേൽക്കൂരയുടെ നിർമ്മാണത്തിനായി മുളയും ജനാലകൾക്കും വാതിലുകൾക്കുമായി തടിയും ഉപയോഗിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ നിർമിച്ച വീടിനെക്കുറിച്ച് സംശയം തോന്നിയപ്പോഴൊക്കെ ഇന്റർനെറ്റിന്റെ സഹായമാണ് ഈ സുഹൃത്തുക്കൾ തേടിയത്. ദിവസവേതനക്കാരായ 15 സ്ത്രീകളുടെ സഹായത്തോടെ 10 മാസംകൊണ്ട് നിർമാണവും പൂർത്തിയാക്കി.

സമചതുരാകൃതിയിലുള്ള രണ്ടു മുറികളും കുടിലുപോലെ വൃത്താകൃതിയിലുള്ള ഒരുമുറിയും ഉൾക്കൊള്ളുന്നതാണ് ഇവരുടെ പ്രകൃതി സൗഹൃദവീട്. നിർമാണത്തിന് പ്രധാനമായും മണ്ണ്  ഉപയോഗിച്ചിരിക്കുന്നതിനാൽ വേനൽക്കാലത്തും ശൈത്യകാലത്തും എയർ കണ്ടീഷണറുകളോ ഹീറ്ററുകളോ ആവശ്യമില്ല. ചെലവ് കണക്കാക്കിയാൽ ചതുരശ്ര അടിക്ക് 500 രൂപയിൽ കൂടുതൽ മുടക്കേണ്ടിയും വന്നിട്ടില്ല. 

കൃത്യമായ ഇടവേളകളിൽ ചാണകവും മണ്ണും ഉപയോഗിച്ച് പ്ലാസ്റ്ററിങ് ചെയ്യാൻ ഇവർ ശ്രദ്ധിക്കുന്നുണ്ട്. ചുരുങ്ങിയത് 15 വർഷമെങ്കിലും ഈ വീട് നിലനിൽക്കും എന്നാണ് ഇവരുടെ പ്രതീക്ഷ. വീടായാണ് നിർമിച്ചതെങ്കിലും നിലവിൽ ഇതൊരു റസ്റ്ററന്റായാണ് പ്രവർത്തിക്കുന്നത്. ഈ നിർമാണ രീതിയിൽ അല്പം കൂടി പരീക്ഷണങ്ങൾ നടത്തി ഇരുനില വീട് നിർമിക്കാനാവുമോ എന്ന ആലോചനയിലാണ് ഇപ്പോൾ നമിതയും കല്യാണിയും.

വീട് വിഡിയോസ് കാണാം...

English Summary- Girls Built Eco Friendly House Using Plastic Bottles- News

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS