ആവശ്യങ്ങൾ മാതാപിതാക്കൾ കണ്ടറിഞ്ഞു നടത്തിക്കൊടുത്തില്ലെങ്കിൽ അത് നേടിയെടുക്കാൻ സാധ്യമായ മാർഗങ്ങളെല്ലാം നോക്കുന്ന കുട്ടികളുണ്ട്. ചോരത്തിളപ്പുള്ള കൗമാരക്കാരുടെ കാര്യമാണെങ്കിൽ പറയുകയും വേണ്ട. എന്നാൽ ഇരുചെവി അറിയാതെ കുടുംബവീട് വിറ്റുകളഞ്ഞാലോ ? കടുംകയ്യാണെന്ന് തിരിച്ചറിഞ്ഞെങ്കിലും മോട്ടോർസൈക്കിൾ വാങ്ങാൻ പണമില്ലാതെ വന്നതോടെ ചൈനക്കാരനായ 18-കാരനാണ് പാരമ്പര്യമായി തന്റെ പേരിൽ ലഭിച്ച വീട് കണ്ണുംപൂട്ടി വിറ്റു കളഞ്ഞത്. അതും നേർപകുതി വിലയ്ക്കായിരുന്നു വിൽപന.
മധ്യ ചൈനയിലെ ഹെനാൻ പ്രവിശ്യയിലാണ് സംഭവം. മുത്തച്ഛന്റെ പക്കൽനിന്നാണ് വീട് ഈ ചെറുപ്പക്കാരന് ലഭിച്ചത്. രേഖകൾ പ്രകാരം ഒരുകോടി 15 ലക്ഷം രൂപയാണ് ($139000) വീടിന്റെ വിലമതിപ്പ്. മോട്ടോർസൈക്കിൾ വാങ്ങണമെന്ന ആഗ്രഹം ഏറെക്കാലമായി 18കാരൻ പ്രകടിപ്പിച്ചിരുന്നു. എന്നാൽ അത് സാധിച്ചു കൊടുക്കാൻ മാതാപിതാക്കൾ കൂട്ടാക്കിയില്ല. തന്റെ ആഗ്രഹം എങ്ങനെ നേടിയെടുക്കും എന്ന് ചിന്തിച്ചപ്പോഴാണ് സ്വന്തം പേരിലുള്ള വീട് വിറ്റുകളഞ്ഞാലോ എന്ന് അവന് തോന്നിയത്.
പിന്നെ വൈകിയില്ല. മാതാപിതാക്കളോട് പോലും പറയാതെ ഒരു റിയൽഎസ്റ്റേറ്റ് ഏജന്റുമായി ബന്ധപ്പെട്ടു. 59 ലക്ഷം രൂപയ്ക്ക് വീട് കൈമാറാമെന്ന ധാരണപത്രത്തിൽ ഒപ്പിടുകയും ചെയ്തു. ചുളുവിലയ്ക്ക് വീട് സ്വന്തമാക്കിയ ഏജന്റാകട്ടെ മറ്റൊരാൾക്ക് വൻലാഭത്തിന് അത് മറിച്ചു വിറ്റു. ഇത്രയുമൊക്കെ നടന്ന ശേഷമാണ് ചെറുപ്പക്കാരന്റെ മാതാപിതാക്കൾ വിവരം അറിയുന്നത്. അവർ ഉടൻ തന്നെ റിയൽ എസ്റ്റേറ്റ് ഏജന്റിനെ സമീപിച്ച് നടന്നതൊക്കെ വിവരിച്ചു. വിൽപന റദ്ദാക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.
എന്നാൽ കിട്ടിയ ലാഭം കൈവിട്ടു കളയാൻ മടിച്ച ഏജന്റ്, 'വിൽപന റദ്ദാക്കാൻ സാധിക്കില്ല' എന്ന മറുപടിയാണ് നൽകിയത്. ഗത്യന്തരമില്ലാതെ മാതാപിതാക്കൾ നിയമസഹായം തേടി. 18-കാരന്റെ പക്വതയില്ലാത്ത പെരുമാറ്റത്തെക്കുറിച്ച് അറിഞ്ഞ കോടതി പോലും അദ്ഭുതമാണ് പ്രകടിപ്പിച്ചത്. പിന്നീട് ചെറുപ്പക്കാരനെയും ഏജന്റിനെയും വിശദമായി വിസ്തരിച്ചു. വീടിന്റെയോ സ്ഥലത്തിന്റെയോ വിലമതിപ്പിനെക്കുറിച്ച് യാതൊരു ഗ്രാഹ്യവുമില്ലാതിരുന്ന ചെറുപ്പക്കാരന് കുറഞ്ഞ വില നൽകി ഏജന്റ് കബളിപ്പിക്കുകയായിരുന്നു എന്ന നിഗമനത്തിലാണ് കോടതി എത്തിച്ചേർന്നത്. ഒടുവിൽ വിൽപന റദ്ദാക്കാനും വീട് തിരികെ 18കാരന്റെ ഉടമസ്ഥതയിലേയ്ക്ക് മാറ്റാനും കോടതി ഉത്തരവിടുകയും ചെയ്തു.
English Summary- Chinese Teen Sell Inherited House to buy Motorbike- News