വെറും 83 രൂപയ്ക്ക് സ്വന്തമാക്കാം! ഇതാകുമോ ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ വീട്?

Michigan-home
Image Credit- Zillow
SHARE

ജനസംഖ്യ കുറഞ്ഞ, ഡിമാൻഡില്ലാത്ത മേഖലകളിൽ കുറഞ്ഞ വിലയിൽ വീടുകൾ വിൽപനയ്ക്ക് വയ്ക്കുന്നത് ഇറ്റലി പോലെയുള്ള രാജ്യങ്ങളിൽ പതിവാണ്. '1 യൂറോ വീടുകൾ' അങ്ങനെ ലോകപ്രശസ്‌തി നേടിയിരുന്നു. എന്നാലങ്ങ് അമേരിക്കയിൽ ഈ കാരണങ്ങളൊന്നും കൂടാതെ കുറഞ്ഞ വിലയ്ക്ക് ഒരു വീട് സ്വന്തമാക്കാനായാലോ? ചെറിയ വീടുകൾക്ക് പോലും കോടികൾ മുടക്കേണ്ടി വരുന്ന ഇടത്ത് 100 രൂപപോലും ചെലവില്ലാതെ വാങ്ങാവുന്ന ഒരുവീടാണ് പുതിയ ഉടമയെ കാത്തിരിക്കുന്നത്. 'ലോകത്തിലെ ഏറ്റവും വില കുറഞ്ഞ വീട്' എന്ന രീതിയിലാണ് വിൽപന സൈറ്റിൽ വീട് പരസ്യപ്പെടുത്തിയിരിക്കുന്നത്. വെറും ഒരു ഡോളറാണ് (83 രൂപ) പരസ്യത്തിൽ ആവശ്യപ്പെട്ടിരിക്കുന്ന വില.

വില കണ്ട് ചാടിവീഴുന്നവർക്ക് ഒരു മുന്നറിയിപ്പും പരസ്യ കമ്പനി നൽകിയിട്ടുണ്ട്. ഒരു റിയൽഎസ്റ്റേറ്റ് സാഹസികതയ്ക്ക് തയാറാകാൻ  മനസ്സുള്ളവർ മാത്രമേ വീട് സ്വന്തമാക്കാൻ മുതിരാവൂ എന്നതാണത്. പച്ചപ്പുല്ല് വിരിച്ച പുൽത്തടിക്ക് പിന്നിലായി സ്ഥിതിചെയ്യുന്ന വീട്ടിൽ രണ്ട് കിടപ്പുമുറികളും ഒരു ബാത്റൂമുമാണ് ഉള്ളത്. ആകെ 724 ചതുരശ്രഅടിയാണ് വിസ്തീർണ്ണം. ഒറ്റനോട്ടത്തിൽ കണ്ടാൽ ഇഷ്ടപ്പെടുന്ന ഈ വീടിനുള്ളിലേക്ക് കടക്കുമ്പോൾ മാത്രമേ അതിനെ വാസയോഗ്യമാക്കിയെടുക്കാൻ എത്രത്തോളം പണിപ്പെടേണ്ടി വരും എന്ന് മനസ്സിലാകൂ എന്ന് പരസ്യത്തിൽ കൃത്യമായി പറയുന്നുണ്ട്.

ഏതുനിമിഷവും ചോർന്നൊലിക്കും എന്ന അവസ്ഥയിലുള്ള മേൽക്കൂരയാണ് ഒന്നാമത്തെ കടമ്പ. ഭിത്തിയിലെ പെയിന്റിങ്ങുകൾ അടർന്നുവീണ് അകത്തളത്തിന്റെ മനോഹാരിത അപ്പാടെ ഇല്ലാതാക്കിയിട്ടുണ്ട്. തറയാകട്ടെ പോറൽ വീണ് നാശമായിരിക്കുന്നു. ബാത്റൂമിനുള്ളിൽ ഉപയോഗശൂന്യമായതോടെ പൂപ്പൽപിടിച്ചനിലയിൽ തുടരുന്ന ടബ്ബാണ് മറ്റൊരു കാഴ്ച.

അകത്തളത്തിലേതുപോലെതന്നെ വീടിന്റെ പുറംഭാഗം മോടി പിടിപ്പിക്കാനും ചില്ലറ ബുദ്ധിമുട്ടല്ല സഹിക്കേണ്ടി വരുന്നത്. കാടുപിടിച്ച് കിടക്കുന്നത് മൂലം ധാരാളം ചെറുജീവികളും ഇവിടെ നിറഞ്ഞിട്ടുണ്ട്.

1956 ൽ നിർമ്മിച്ച വീടാണ് ഇത്. ഓഗസ്റ്റ് 23 വരെയാണ് ഈ വീട് സ്വന്തമാക്കാൻ അവസരം ഒരുക്കിയിരിക്കുന്നത്. 2022 അവസാനമായി കൈമാറ്റം ചെയ്യപ്പെടുന്ന സമയത്ത് 4092 ഡോളർ (3.4 ലക്ഷം രൂപ) ആയിരുന്നു വീടിന്റെ വില. എന്നാൽ പരസ്യം ചെയ്തിരിക്കുന്നത് പോലെ ഒരു ഡോളറിനാവില്ല വീട് കൈമാറ്റം ചെയ്യപ്പെടുന്നത് എന്ന് ഉറച്ച വിശ്വാസത്തിലാണ് പരസ്യ കമ്പനി. 50,000 ഡോളർ വരെ വില ലഭിച്ചേക്കാം  എന്നും പ്രതീക്ഷിക്കുന്നുണ്ട്. സ്വന്തമായി വീടിന്റെ കേടുപാടുകൾ പരിഹരിക്കാൻ കഴിവുള്ള ഒരു കോൺട്രാക്ടറാണ് ഇത് സ്വന്തമാക്കുന്നതെങ്കിൽ 20,000 ഡോളർ മുതൽമുടക്കിൽ വീട് ഭംഗിയാക്കിയെടുക്കാനാകുമെന്നും ലിസ്റ്റിങ്ങിൽ വ്യക്തമാക്കിയിട്ടുണ്ട്.

വീട് വിഡിയോസ് കാണാം

English Summary- Worlds Cheapest House for Sale in USA- News

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS
FROM ONMANORAMA