സ്വർണ്ണനിറത്തിൽ തിളങ്ങുന്ന ചുവരുകളും മേൽക്കൂരയും. ആരെയും അദ്‌ഭുതപ്പെടുത്തുന്ന തരത്തിലുള്ള മനോഹരവും സങ്കീർണവുമായ കൊത്തുപണികൾ. ഒറ്റനോട്ടത്തിൽ കണ്ണഞ്ചിപ്പിക്കുന്ന ഈ നിർമ്മിതി പക്ഷേ കൊട്ടാരമോ ബംഗ്ലാവോ അല്ല. മറിച്ച് വെറുമൊരു ശുചിമുറിയാണ്! തായ്‌ലൻഡിൽ സ്ഥിതിചെയ്യുന്ന ഈ വേറിട്ട ശുചിമുറിയുടെ ദൃശ്യങ്ങൾ കൃഷാംഗി എന്ന യുവതി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ വൈറലായി.
പല നിലകളുള്ള കൊട്ടാരം എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് വാഷ് ഏരിയയും ബാത്റൂമുകളുമെല്ലാം അടങ്ങിയിട്ടുള്ള ഈ നിർമിതിയുടെ പുറംഭാഗം ഒരുക്കിയിരിക്കുന്നത്. ഒരിക്കലും ഒരു വാഷ് റൂമിന്റെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കേണ്ടി വരുമെന്ന് കരുതിയില്ലെന്നും എന്നാൽ ഇത്തരത്തിൽ ഒന്ന് കണ്ടതോടെ അതിന്റെ ദൃശ്യങ്ങൾ പകർത്താതിരിക്കാനാവുന്നില്ല എന്നും കൃഷാംഗി വിഡിയോയിൽ പറയുന്നുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള പ്രത്യേക മുറികളെ സൂചിപ്പിക്കാനുള്ള ചിത്രങ്ങൾ പോലും തികച്ചും വ്യത്യസ്തമാണ്.
ഓരോ കോണിലും രാജകീയത നിറച്ചാണ് നിർമ്മാണം. അതുപോലെ അകത്തളത്തിലുടനീളം സ്വർണ്ണനിറമാണ് ഉപയോഗിച്ചിരിക്കുന്നത്. അതിനോട് ചേർന്നുപോകുന്ന അലങ്കാരങ്ങളും കാണാം. അകത്തളത്തിൽ ഒരു നടുമുറ്റവും ഒരുക്കിയിട്ടുണ്ട്. അകത്തളത്തിൽ മാത്രമല്ല ഈ കെട്ടിടത്തിന്റെ മുറ്റത്തിനുമുണ്ട് ഏറെ പ്രത്യേകതകൾ. മനോഹരമായ ഡിസൈനുകളുള്ള ടൈലുകളാണ് നടപ്പാതെ ഒരുക്കാനായി ഉപയോഗിച്ചിരിക്കുന്നത്. വിശാലമായ പുൽത്തകിടി ആകർഷകമായി വെട്ടിയൊതുക്കി നിർത്തിയിരിക്കുന്നു.
തായ്‌ലൻഡിലെ ചിയാങ് റായിയിലെ വാട്ട് റോങ് ഖുൻ അഥവാ 'വൈറ്റ് ടെമ്പിൾ' എന്നറിയപ്പെടുന്ന പ്രശസ്ത ക്ഷേത്രത്തിന്റെ ഭാഗമായി നിർമിച്ചിരിക്കുന്ന ശുചിമുറികളാണ് ഇത്. അതിസങ്കീർണമായി എന്നാൽ അത്യാകർഷകമായി ഒരുക്കിയിരിക്കുന്ന ഈ ക്ഷേത്രം ഒരു വാസ്തുവിദ്യാ വിസ്മയം തന്നെയാണ്. ക്ഷേത്രത്തിന്റെ ഭാഗമായതുകൊണ്ടുതന്നെ വാഷ് റൂമും അങ്ങേയറ്റം വൃത്തിയായി തന്നെ പരിപാലിച്ചുവരുന്നു.
ദൃശ്യങ്ങൾ കണ്ട് വിശ്വസിക്കാനാവാതെയാണ് പലരും പ്രതികരണങ്ങൾ അറിയിക്കുന്നത്. ഏതാനും ആഴ്ചകൾക്ക് മുൻപ് പങ്കുവയ്ക്കപ്പെട്ട വിഡിയോ ഇതിനോടകം നാലു മില്യനിലധികം ആളുകൾ കണ്ടുകഴിഞ്ഞു.
English Summary- Palace like Bathroom in Thailand- Viral