വർധിക്കുന്ന കുടിയേറ്റം, വിലവർധന; കാനഡ നേരിടുന്നത് വലിയ ഭവന പ്രതിസന്ധി

1349030804
Representative Image: Photo credit:buzbuzzer /istock.com
SHARE

കാനഡ ഇപ്പോൾ നേരിടുന്നത് എക്കാലത്തെയും ഏറ്റവും വലിയ ഭവന ക്ഷാമ പ്രതിസന്ധിയാണെന്ന് വിലയിരുത്തൽ. കാനഡയിലെ ജനസംഖ്യാ വർദ്ധനവിന് അനുപാതികമായി ഭവന ലഭ്യത ഇല്ല എന്നതാണ് പ്രതിസന്ധിക്ക് കാരണം. വർദ്ധിച്ചുവരുന്ന കുടിയേറ്റമടക്കമുള്ള കാരണങ്ങൾകൊണ്ട് ജനസംഖ്യ വർദ്ധിക്കുന്നത് ഭവന പ്രതിസന്ധി രൂക്ഷമാക്കുമെന്ന് വാണിജ്യ ബാങ്കുകളും നയചിന്തകരും ഫെഡറൽ ഭരണകൂടത്തിന് മുന്നറിയിപ്പും നൽകി കഴിഞ്ഞു.

ജനസംഖ്യ വർദ്ധിക്കുന്നതിന്റെ അതേനിരക്കിൽ വീടുകൾ നിർമിക്കാനാവുന്നില്ല എന്നതാണ് പ്രതിസന്ധിയുടെ മൂലകാരണമെന്ന് ടൊറന്റോ മെട്രോപോളിറ്റൻ സർവകലാശാലയിലെ ഡേറ്റാ സയൻസ് പ്രൊഫസറായ മുർതാസ ഹൈദർ പറയുന്നു. കാനഡ മോർട്ട്ഗേജ് ആൻഡ് ഹൗസിങ് കോർപ്പറേഷൻ ജൂണിൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം കാനഡയിൽ ജീവിക്കുന്ന എല്ലാവർക്കും ഭവന ലഭ്യത ഉറപ്പാക്കണമെങ്കിൽ 2030 ഓടെ  22 ദശലക്ഷം ഹൗസിങ് യൂണിറ്റുകൾ വേണ്ടിവരും. നിലവിലെ ദേശീയ ഭവന പദ്ധതിയെക്കാൾ 3.5 ദശലക്ഷം അധിക യൂണിറ്റുകളാണ് വേണ്ടിവരുന്നത്.

കുടിയേറ്റത്തിൽ റെക്കോർഡ് നില തുടരുന്ന സാഹചര്യത്തിൽ കാനഡ സ്വദേശികൾക്കും ഇവിടേയ്ക്ക് എത്തുന്ന വിദേശികൾക്കും ആശങ്ക സൃഷ്ടിക്കുന്ന അവസ്ഥയാണ് ഇത്.  ജനസംഖ്യയിൽ ഉണ്ടാകുന്ന വർദ്ധനവിന് ആനുപാതികമായി വീട് ലഭ്യമാകാത്തതും വർദ്ധിക്കുന്ന ഭവന വിലയും മൂലം സ്വന്തമായി വീട് വാങ്ങുക എന്നത് പലർക്കും അപ്രാപ്യമായി കഴിഞ്ഞു. കുടിയേറ്റം മാത്രമല്ല ഇതിനുള്ള പ്രധാന കാരണം എന്ന് സർക്കാരും സാമ്പത്തിക വിദഗ്ധരും ഒരേ സ്വരത്തിൽ പറയുന്നുണ്ട്. എന്നാൽ സ്ഥിതിഗതികളിൽ സന്തുലനം ഉണ്ടാകണമെന്ന അഭിപ്രായവും എല്ലാ കോണിൽ നിന്നും ഉയരുന്നു.

താങ്ങാവുന്ന വിലയിൽ വീട് ലഭ്യമാകുന്നില്ല എന്നതു തന്നെയാണ് പ്രധാന തടസ്സം. കനേഡിയൻ റിയൽ എസ്റ്റേറ്റ് അസോസിയേഷനിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം ഈ വർഷം ജൂലൈയിൽ കാനഡയിലെ ഒരു വീടിന്റെ ശരാശരി വില 668,754 ഡോളർ ആണ്. 2022 ജൂലൈയുമായി താരതമ്യം ചെയ്തു നോക്കുമ്പോൾ 6.3 ശതമാനം അധികമാണ് ഇത്. കുടിയേറ്റക്കാരിൽ ഭൂരിഭാഗവും താമസത്തിനായി തിരഞ്ഞെടുക്കുന്ന ഒന്റാറിയോ, ബ്രിട്ടീഷ് കൊളംബിയ എന്നീ പ്രദേശങ്ങളിൽ വീടുകളുടെ ശരാശരി വില ഇപ്പോഴും ഉയർന്നു തന്നെ നിൽക്കുന്നു. ഒന്റാറിയോയിൽ 856,269 ഡോളർ ബ്രിട്ടീഷ് കൊളംബിയയിൽ 966,181 ഡോളർ എന്നിങ്ങനെയാണ് ശരാശരി ഭവന വിലനിരക്ക്.

കുടിയേറ്റം വർദ്ധിക്കുന്നതാണ് ഭവന വില വർദ്ധനവിന് കാരണമെന്നും സ്വദേശികൾക്ക് പോലും വീട് ലഭ്യമാകാത്ത സാഹചര്യത്തിലേയ്ക്കാണ് ഇത് നയിക്കുന്നത് എന്നും 15 ശതമാനം കാനഡക്കാരും വിശ്വസിക്കുന്നതായി  2022 ഒക്ടോബറിൽ എൻവിറോണിക്സ് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാൽ വിലവർധനവ് കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണെന്നാണ് റോയൽ ബാങ്ക് ഓഫ് കാനഡയുടെ വിശദീകരണം.

2020 മുതൽ ഇങ്ങോട്ട് നിർമ്മാണ വില സൂചിക 51 ശതമാനം  വർദ്ധിച്ചിട്ടുണ്ട്. വിദഗ്ധരായ ജോലിക്കാരുടെ ക്ഷാമവും അസംസ്കൃത വസ്തുക്കളുടെ ലഭ്യത കുറവുമാണ് വിലക്കയറ്റത്തിലേക്ക് നയിക്കുന്നത്. കെട്ടിട നിർമ്മാണ മേഖലയിൽ തൊഴിലവസരങ്ങൾ തുറന്നു കിടക്കുന്നതിന് അനുസരിച്ച് തൊഴിലാളി വേതനവും വർദ്ധിച്ചിട്ടുണ്ട്. ഇതുമൂലം വൈദഗ്ധ്യം നേടിയ ജോലിക്കാരെ ലഭിക്കാനായി നിർമ്മാതാക്കൾക്ക് ഉയർന്ന വേതനം നൽകേണ്ടിവരുന്നു. കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുക എന്നതല്ല ഭവന പ്രതിസന്ധിക്കുള്ള പരിഹാരമെന്നും അതിനായി തൊഴിലാളികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതാണ് ഉചിതമായ നടപടി എന്നും കാനഡയുടെ ഹൗസിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ മന്ത്രിയായ സീൻ ഫ്രേസർ അഭിപ്രായപ്പെടുന്നു.

വീട് വിഡിയോസ് കാണാം

English Summary- Housing Crisis in Canada- Migration Issues- New Policy- News

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS