അന്ന് ജീവിച്ചത് ഓലമേഞ്ഞ വീട്ടിൽ: ഇന്ന് സഫലമാക്കിയത് രണ്ടുനിലവീട്; വൈറലായി ജീവിതകഥ

Veedu-before-after-
© twitter @nellayappan
SHARE

ഏതൊരു അവസ്ഥയെയും മാറ്റിമറിക്കാൻ വിദ്യാഭ്യാസത്തിലൂടെ സാധിക്കും. സ്വന്തം ജീവിതത്തിലൂടെ ഇത് ലോകത്തിനു മുന്നിൽ തെളിയിച്ച കഥയാണ് നാഗാലാൻഡ് മുഖ്യമന്ത്രിയുടെ സ്‌പെഷൽ ഡ്യൂട്ടി ഉദ്യോഗസ്ഥനായ ബി നെല്ലയപ്പന്റേത്. കഠിനാധ്വാനവും വിദ്യാഭ്യാസവും തന്റെ ജീവിതത്തിൽ വരുത്തിയ മാറ്റം എത്തരത്തിലാണെന്ന് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റിലൂടെ വ്യക്തമാക്കിയിരിക്കുകയാണ് അദ്ദേഹം.

ജീവിതത്തിന്റെ നല്ലൊരു ഭാഗം അദ്ദേഹവും കുടുംബവും കഴിഞ്ഞ ഓലമേഞ്ഞ ഒറ്റമുറി വീടിന്റെയും പഠിച്ചു ജോലിനേടി ഉന്നതസ്ഥാനത്ത് എത്തിയശേഷം നിർമിച്ച രണ്ടു നില ബംഗ്ലാവിന്റെയും ചിത്രങ്ങൾ (ട്വിറ്റർ) എക്സിലുടെയാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. നിലവിൽ നാഗാലാൻഡിന്റെ സ്കൂൾ എഡ്യൂക്കേഷൻ വിഭാഗത്തിൽ ഡെപ്യൂട്ടി ഡയറക്ടർ കൂടിയാണ് അദ്ദേഹം.

വിദ്യാഭ്യാസവും അർപ്പണ മനോഭാവവും കഠിനാധ്വാനവും കൂടിച്ചേർന്നതാണ് നെല്ലയപ്പന്റെ വിജയകഥ. മാതാപിതാക്കളും നാലു സഹോദരങ്ങളും അടങ്ങുന്ന കുടുംബത്തിനൊപ്പം മുപ്പതാം വയസ്സുവരെ ഓലമേഞ്ഞ ഒറ്റമുറി വീട്ടിലാണ് താൻ താമസിച്ചിരുന്നത് എന്ന് അദ്ദേഹം കുറിക്കുന്നു. പോസ്റ്റിൽ തകർന്നുവീഴാറായ നിലയിലുള്ള പഴയ വീടിന്റെയും അതിമനോഹരമായി അണിയിച്ചൊരുക്കിയിരിക്കുന്ന പുതിയ വീടിന്റെയും ചിത്രങ്ങളും കാണാം. ദിവസങ്ങൾക്കു മുൻപ് പങ്കുവച്ച പോസ്റ്റ് ഇതിനോടകം 10 ലക്ഷത്തിനടുത്ത് ആളുകൾ കണ്ടുകഴിഞ്ഞു.

ജീവിതത്തിൽ മുന്നോട്ടു നീങ്ങാൻ പ്രചോദനം നൽകുന്ന കാഴ്ചയെന്നാണ് അദ്ദേഹത്തിന്റെ പോസ്റ്റിനെ ഭൂരിഭാഗം ആളുകളും വിശേഷിപ്പിക്കുന്നത്. ഈ നേട്ടത്തിലെത്താനായതിൽ അദ്ദേഹത്തെ അഭിനന്ദിച്ചു കൊണ്ടാണ് പ്രതികരണങ്ങളിൽ ഏറെയും. പുതിയ വീട് അതിമനോഹരമാണെന്നും ചിലർ കുറിക്കുന്നു. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കാത്തവർക്കു മുന്നിൽ എടുത്തു കാണിക്കാവുന്ന ഏറ്റവും മികച്ച ഉദാഹരണമാണ് നെല്ലയപ്പന്റെ ജീവിത വിജയം എന്നാണ് മറ്റൊരു കമന്റ്.

അതേസമയം പഴയ കുടുംബ വീട് അവസ്ഥ എന്താണെന്നും അത് നവീകരിച്ചോ എന്നുമറിയാനുള്ള താൽപര്യവും ആളുകൾ പ്രകടിപ്പിക്കുന്നുണ്ട്. മറ്റൊരു സ്ഥലത്താണ് പുതിയ വീട് നിർമിച്ചിരിക്കുന്നതെന്നും പഴയ വീട് നവീകരിക്കാനുള്ള തീരുമാനമെടുത്തിട്ടുണ്ടെന്നും അദ്ദേഹം മറുപടിയും നൽകി.

താൻ ജനിച്ചു വളർന്ന ഗ്രാമത്തിൽ തന്നെയാണ് പുതിയ വീട് സ്ഥിതി ചെയ്യുന്നത്.  നാടു വിട്ടുപോകാൻ താല്പര്യമില്ലാത്തത് മൂലം അച്ഛനമ്മമാർ പുതിയ വീട്ടിൽ തന്നെ കഴിയുകയാണെന്നും അദ്ദേഹം മറ്റൊരു കമന്റിൽ പ്രതികരിച്ചിട്ടുണ്ട്. അതേസമയം ഭവന വായ്പ എടുത്താണ് താൻ പുതിയ വീട് നിർമിച്ചത് എന്നും കമന്റ് ബോക്സിൽ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇത്രയും ഉയർന്ന പദവിയിലുള്ള ഒരു ഉദ്യോഗസ്ഥനെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു വീട് നിർമിക്കുന്നത് വളരെ എളുപ്പത്തിൽ സാധിക്കുന്ന കാര്യമാണെന്നും ഏതാനും ചിലർ പ്രതികരണങ്ങളിൽ കുറിച്ചിട്ടുണ്ട്. താൻ 2023 ഏപ്രിൽ മാത്രമാണ് മുഖ്യമന്ത്രിയുടെ സ്‌പെഷൽ ഡ്യൂട്ടി ഉദ്യോഗസ്ഥനായ നിയമിക്കപ്പെട്ടതെന്നും വീടിന്റെ നിർമാണം 2012ൽ തന്നെ പൂർത്തിയായിരുന്നു എന്നുമാണ് അദ്ദേഹം ഇതിനു നൽകുന്ന മറുപടി.

English Summary- From Dilapidated House to Luxury House- Inspiring Journey Experience

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പൊളിറ്റിക്കൽ കറക്ട്നസ് നോക്കാൻ ഒരു വിഭാഗം ഗുണ്ടകൾ സോഷ്യൽ മീഡിയയിലുണ്ട്

MORE VIDEOS