ADVERTISEMENT

ചേരികൾ എന്ന് കേൾക്കുമ്പോൾ മുംബൈയിലോ ഡൽഹിയിലെ ഒക്കെ ആളുകൾ തിങ്ങി കൂടി പാർക്കുന്ന വലിയൊരു പ്രദേശമാവും മനസ്സിൽ എത്തുക. എന്നാൽ അത്യാഡംബരങ്ങൾ നിറച്ച് നിർമ്മിച്ച ഒരു ടവർ തന്നെ ചേരിയായി മാറിയാലോ? അത്തരം ഒരു കാഴ്ചയാണ് വെനസ്വേലയിലെ ടവർ ഓഫ് ഡേവിഡിൽ കാണാനാവുന്നത്. 45 നിലകളുള്ള ഈ കെട്ടിടം ഇന്ന് 'ലോകത്തിലെ ഏറ്റവും ഉയരം ചെന്ന ചേരി' എന്നാണ് അറിയപ്പെടുന്നത്. അഞ്ച് നിലകളിലായി നിർമ്മിച്ച ഹോട്ടലും ആഡംബര അപ്പാർട്ട്മെന്റുകളും നിറഞ്ഞ പ്രതാപ കാലത്തിന് വിപരീതമായ കാഴ്ചയാണ് ഇന്ന് ഇവിടുത്തേത്.

പാർക്കാൻ സ്വന്തമായി ഇടമില്ലാത്ത 3000 ആളുകളാണ് ഈ  കെട്ടിടത്തിലെ അന്തേവാസികൾ. 1990 ൽ നഗരത്തിലെ സാമ്പത്തിക കേന്ദ്രത്തിൽ ഒരു ഹബ്ബായി പ്രവർത്തിക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു ടവറിന്റെ നിർമ്മാണം. എന്നാൽ 1993 ൽ  പ്രധാന നിക്ഷേപകൻ മരണപ്പെട്ടു. പിന്നീടിങ്ങോട്ട് കെട്ടിടത്തിന്റെ ഉടമസ്ഥത സർക്കാർ ഏറ്റെടുക്കുകയായിരുന്നു. എന്നാൽ ഇതിനുശേഷം നിർമ്മാണം പൂർത്തീകരിക്കാൻ സാധിക്കാതെ വന്നു. കോംപ്ലക്സിലെ ആറ് കെട്ടിടങ്ങൾ ലിഫ്റ്റ്, വൈദ്യുതി, ജലവിതരണം മാർഗ്ഗം , ജനാലകൾ, ബാൽക്കണി റെയിലിങ്ങുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളൊന്നും ഇല്ലാതെ കിടക്കുന്ന നിലയിലായിരുന്നു.

സൗകര്യങ്ങളൊന്നും ഇല്ലെങ്കിലും ഈ കെട്ടിടം സ്വന്തമായി തങ്ങാൻ ഇടമില്ലാത്ത ആളുകൾക്ക് കൈമാറാൻ തീരുമാനിച്ചത് അന്നത്തെ പ്രസിഡണ്ടായിരുന്ന ഹ്യൂഗോ ഷാവേസ് ആയിരുന്നു. അങ്ങനെ 1998 ൽ 'ടവർ ഓഫ് ഡേവിഡ്' എന്ന് പേര് നൽകിയ കെട്ടിടത്തിലേയ്ക്ക് ആളുകൾ താമസത്തിന് എത്തിത്തുടങ്ങി. 2007 ആയപ്പോഴേക്കും ആയിരക്കണക്കിന് ആളുകളാണ് ഇവിടുത്തെ താമസക്കാരായത്. തങ്ങൾക്ക് പാർക്കാൻ ഒരിടം ഒരുക്കി തന്ന ഷാവേസിന്റെ ചിത്രങ്ങൾ അവർ കെട്ടിടത്തിന്റെ ഭിത്തികളിൽ വരച്ചു ചേർത്തു.

ഓരോ നിലയിലും 50 കുടുംബങ്ങൾ വീതമാണ് താമസിച്ചിരുന്നത്. ഇവിടേയ്ക്കെല്ലാം വൈദ്യുതി എത്തിക്കാനും ഇരുപത്തിരണ്ടാം നില വരെ വെള്ളം എത്തിക്കാനുമുള്ള സൗകര്യങ്ങളും ഒരുക്കി. ഏറ്റവും മുകളിൽ നിർമ്മിച്ചിരുന്ന ഹെലിപ്പാഡും ഇവർ കയ്യേറി. കടകളും ഇലക്ട്രിക് ഗേറ്റുകളുമൊക്കെ സ്ഥാപിച്ച് ജീവിതം സുഗമമാക്കാനുള്ള സൗകര്യങ്ങളൊക്കെ ഒരുക്കിയെങ്കിലും മറ്റു ചില പ്രശ്നങ്ങൾ ഇവിടുത്തെ താമസക്കാർ നേരിട്ടിരുന്നു. ചേരിയിലെ താമസക്കാരെ എൽ നിനോ എന്ന് പേരുള്ള നേതാവാണ് അടക്കി ഭരിച്ചിരുന്നത്. ഇവിടെയെത്തുന്ന മാധ്യമ പ്രവർത്തകരിൽ നിന്നും കൈക്കൂലി വാങ്ങാനായി കുട്ടികളെ ചുമതലപ്പെടുത്തുകയും ഓരോ നിലകളിലെയും കാര്യങ്ങൾ നോക്കാൻ  മാനേജർമാരെ നിയമിക്കുകയും ചെയ്തു. തന്നെ എതിർക്കുന്നവരെ ടവറിനു മുകളിൽ നിന്നും താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്താനും ഇയാൾ മടിച്ചിരുന്നില്ല.

ഇതിനെല്ലാം പുറമേ കുട്ടികൾ കെട്ടിടത്തിൽ നിന്നും വീണു മരിക്കുന്നതും പതിവായതോടെ 2014 ആയപ്പോൾ ഇവിടെ നിന്നും ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. വൃത്തിഹീനവും സുരക്ഷിതമല്ലാത്തതുമായ സാഹചര്യത്തിലാണ് ജനങ്ങൾ താമസിക്കുന്നത് എന്ന് മനസ്സിലാക്കിയാണ് ഒഴിപ്പിക്കൽ നടപടികൾ കൈക്കൊണ്ടത് എന്നാണ് ഭരണകൂടം നൽകുന്ന വിശദീകരണം. വെനസ്വേലയിലെ മൂന്നാമത്തെ വലിയ ടവർ എന്ന പേരുകേട്ട ടവർ ഓഫ് ഡേവിഡ് ചേരിയായി മാറിയത് രാജ്യത്തെ ഭവനക്ഷാമത്തിന്റെ നേർ ചിത്രമാണ് വരച്ചുകാട്ടുന്നത്. താങ്ങാവുന്ന വിലയ്ക്ക് വീടുകൾ ലഭ്യമാകാത്തതുമൂലം ചേരി പ്രദേശങ്ങളിൽ വീടൊരുക്കാൻ ഇടം കണ്ടെത്തുന്നവരുടെ എണ്ണവും രാജ്യത്ത് അധികമാണ്.

English Summary- Tower of David Venezuela- Tallest Slum- Building News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT