ADVERTISEMENT

സൗന്ദര്യവും സ്റ്റൈലുംകൊണ്ട് ഒരുകാലത്ത് യുവത്വത്തെയാകെ ത്രസിപ്പിച്ച മെർലിൻ മൺറോയെ ലോകം ഇന്നും മറന്നിട്ടില്ല. 36ാം വയസ്സിൽ മെർലിൻ മരണപ്പെട്ട വീടാണ് ഇപ്പോൾ മാധ്യമശ്രദ്ധ നേടുന്നത്. ലൊസാഞ്ചലസിൽ സ്ഥിതി ചെയ്യുന്ന സ്പാനിഷ് കൊളോണിയൽ ശൈലിയിലുള്ള ഈ വീട് പൊളിച്ചു നിൽക്കാൻ ഇപ്പോഴത്തെ ഉടമകൾ തീരുമാനിച്ചതിനെതിരെ ജനങ്ങൾ ശക്തമായ പ്രതിഷേധമാണ് രേഖപ്പെടുത്തിയത്. ഇതേത്തുടർന്ന് വീട് പൊളിച്ചുനീക്കുന്നത് ഭരണകൂടം ഇടപെട്ട് നിർത്തിവയ്ക്കുകയും ചെയ്തു.

പ്രശസ്തിയുടെ കൊടുമുടിയിലായിരുന്നു ജീവിതമെങ്കിലും മെർലിൻ സ്വാതന്ത്രമായി സ്വന്തമാക്കിയ ഏക വീട് ഇതായിരുന്നു എന്നതും പ്രത്യേകതയാണ്. വീട് പൊളിച്ചു നീക്കാനായി നിലവിലെ ഉടമകൾ ഔദ്യോഗികമായി അനുമതി തേടിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ബ്രെൻഡ്വുഡ് നെയ്ബർഹുഡിൽ സ്ഥിതി ചെയ്യുന്ന വീട് പൊളിച്ചു നീക്കരുതെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് കോളുകൾ നഗരഭരണകൂടത്തെ തേടിയെത്തി. 

കൗൺസിലിന് ഇടപെടാനാകുന്നതിനു മുൻപ് തന്നെ ബിൽഡിങ് ആൻഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റ് വീട് പൊളിച്ചു നീക്കാനുള്ള അനുമതി നൽകിയിരുന്നുവെന്ന് കൗൺസിലംഗമായ ട്രാസി പാർക്ക് പറയുന്നു. എന്നാൽ നാലുപാടു നിന്നും ജനങ്ങളെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് ഉടൻ നടപടി സ്വീകരിക്കുകയല്ലാതെ ഭരണകൂടത്തിന് മറ്റു മാർഗം ഉണ്ടായിരുന്നില്ല. അതിനായി ഈ വീട് ചരിത്ര സ്മാരകമായി സംരക്ഷിക്കപ്പെടണമെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് കൗൺസിൽ മുമ്പാകെ ട്രാസി പ്രമേയം അവതരിപ്പിച്ചു. ഇതിനെ കൗൺസിൽ അംഗങ്ങളെല്ലാം അനുകൂലിച്ചതോടെ ബിൽഡിങ് ഡിപ്പാർട്ട്മെന്റ് നൽകിയ അനുമതി പിൻവലിക്കുകയായിരുന്നു.

നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഇടമായി ഈ വീടിനെ കണക്കാക്കാനും തീരുമാനമായി. കെട്ടിട്ടത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്താൻ പാടില്ല എന്നും പ്രമേയത്തിൽ പറയുന്നു. മെർലിൻ മൺറോയുടെ വീട് സംരക്ഷിക്കാനുള്ള ആദ്യ പടിയായാണ് ഈ നീക്കം. എന്നാൽ വീട് പൊളിച്ചു നീക്കിയ ശേഷം അവിടെ പുതിയതായി എന്തെങ്കിലും നിർമ്മിക്കാനാണോ നിലവിലെ ഉടമ പദ്ധതിയിട്ടിരുന്നത് എന്നത് വ്യക്തമല്ല. പുതിയ നിർമ്മിതിക്കുള്ള അനുമതി തേടി ഉടമ അപേക്ഷയും സമർപ്പിച്ചിട്ടില്ല.

ഒറ്റ നിലയിൽ നിർമ്മിച്ചിരിക്കുന്ന വീട്ടിൽ ഗസ്റ്റ് ഹൗസും സ്വിമ്മിങ് പൂളും ഉൾപ്പെടുത്തിയിട്ടുണ്ട്. 2900 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീട് 1960ൽ 75,000 ഡോളറിനാണ് (62.38 ലക്ഷം രൂപ) മെർലിൻ സ്വന്തമാക്കിയത്. രണ്ടുവർഷങ്ങൾക്കു ശേഷം ഇതേവീട്ടിലെ കിടപ്പുമുറിയിൽ മെർലിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

English Summary- Marilyn Monroe's House Demolition Halted after Outrage- News

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com