ADVERTISEMENT

ചെടികളും മരങ്ങളും സവിശേഷ രൂപത്തിൽ ഒരുക്കിയെടുക്കുന്ന വിദ്യയാണ് ടോപിയറി. ഒരുകാലത്ത് യൂറോപ്യൻ രാജ്യങ്ങളിൽ മാത്രമുണ്ടായിരുന്ന ടോപിയറി കാലക്രമത്തിൽ ഇന്ത്യയിലും പ്രചാരത്തിലായി. ചെടികളുടെ ബാർബർ അഥവാ മുടിവെട്ടുകാരനായിട്ടാണ് ഒരുകാലത്ത് ഇംഗ്ലണ്ടിൽ ടോപിയറി ചെയ്യുന്നവർ അറിയപ്പെട്ടിരുന്നത്. 

ഗോളം, ചതുരം, പിരമിഡ് തുടങ്ങിയ ജ്യാമിതീയ രൂപങ്ങൾ കൂടാതെ പക്ഷികളുടെയും മൃഗങ്ങളുടെയും മനുഷ്യരുടെയും രൂപങ്ങളിൽ  ടോപിയറി തയാറാക്കാറുണ്ട്. ആദ്യകാലങ്ങളിൽ അതിര് തിരിക്കാൻ കൂട്ടമായി വളർത്തുന്ന ചെടികൾ മതിൽ പോലെ വെട്ടിനിർത്താനായിരുന്നു ഈ വിദ്യ കൂടുതലും ഉപയോഗിച്ചിരുന്നത്.

പബ്ലിക് പാർക്കുകളുടെ ഭാഗമായിരുന്ന ടോപിയറി ചെടികൾ അടുത്തകാലത്ത് വീടിന്റെ ഉദ്യാനത്തിലെക്കും ചേക്കേറി.  കമ്പി കൊണ്ട് വേണ്ട ആകൃതിയിൽ ഒരുക്കിയ  ചട്ടക്കൂടിനുള്ളിലാണ് ചെടികൾ വളർത്തുക.വീട്ടുമുറ്റത്തെ പുൽത്തകിടിയുടെ നടുവിൽ ടോപിയറി ചെയ്ത ഒരു മരം കൂടിയുണ്ടെങ്കിൽ കാണാൻ പ്രത്യേകഭംഗിയാണ്. ആവശ്യാനുസരണം മാറ്റി സ്ഥാപിക്കാവുന്ന തരത്തിൽ വലിയ ചട്ടിയിൽ വളർത്തുന്ന ടോപിയറി ചെടികൾക്കാണ് ഇപ്പോൾ ഡിമാൻഡ്.

 

topiary-home-garden

ടോപിയറി തയാറാക്കാം..

മാൽപീജിയ, യൂജിനിയ, ഗോൾഡൻ സൈപ്രസ്, അലങ്കാര ആൽ തുടങ്ങിയ ഇനങ്ങൾ നമ്മുടെ നാട്ടിൽ ടോപിയറി ചെടികളായി ഉപയോഗത്തിലുണ്ട്. ഇവയേവും നേരിട്ട് വെയിൽ കിട്ടുന്നിടത്ത് പരിപാലിക്കാൻ യോജിച്ചവയാണ്. ഏറ്റവും എളുപ്പത്തിൽ ടോപിയറി തയാറാക്കാൻ ഉപയോഗിക്കുന്നത് ഗോൾഡൻ സൈപ്രസ് ആണ്.

ഒരുപാട് ചെടികൾ  അടുപ്പിച്ചു നട്ടശേഷം ഒരുമിച്ചു കൊമ്പുകോതി ആകൃതിയാക്കുന്ന രീതിയും ഇന്നുണ്ട്. ഇതിനായി യൂജിനിയ, അലങ്കാര ആൽ എന്നിവയാണ് ഉപയോഗിക്കുന്നത്. ഇതിനായി പ്രത്യേകതരം കത്രികയും കൊമ്പുമുറിക്കാനുള്ള യന്ത്രവുമുണ്ട്.

topiary-gardens

സവിശേഷ ആകൃതിയിൽ തയാറാക്കുന്ന ടോപിയറിക്കായി, തുരുമ്പു പിടിക്കാത്ത കമ്പിയുടെ ഫ്രെയിം വേണ്ടിവരും. ഉദാഹരണത്തിന് കോൺ ടോപിയറിയാണ് വേണ്ടതെങ്കിൽ, ഗാൽവനൈസ്ഡ്/ പ്ലാസ്റ്റിക് കോട്ടഡ് കമ്പി ഉപയോഗിച്ച് കോണാകൃതിയിൽ  ഒരു ഫ്രെയിം നിർമിക്കണം.  നല്ല വലുപ്പമുള്ള ചട്ടിയിൽ നിർമിച്ച നടീൽ മിശ്രിതത്തിന് മുകളിൽ കമ്പി കൊണ്ട് ഒരുക്കിയെടുത്ത ഫ്രെയിം ഉറപ്പിക്കണം. മാൽപീജിയ പോലെ പടർന്നുവളരുന്ന ചെടികളാണ് ഇതിൽ അനുയോജ്യം.

ചട്ടിയുടെ പലവശങ്ങളിൽ നിന്നും മാൽപീജിയ ഫ്രയിമിലേക്ക് പടർത്തിക്കയറ്റണം.ഇതിനിടയിൽ ആവശ്യാനുസരണം കമ്പു കോതിക്കൊടുക്കണം. ഏകദേശം രണ്ടു- രണ്ടരവർഷം കൊണ്ട് കോൺ ടോപിയറി റെഡിയാകും. 

ലേഖകൻ: പ്രഫ. ജേക്കബ് വർഗീസ് കുന്തറ,

റിട്ട. അസോഷ്യേറ്റ് പ്രഫസർ, ബോട്ടണി, ഭാരതമാതാ കോളജ്, തൃക്കാക്കര

ഫോൺ: 94470 02211 

Email: jacobkunthara123@gmail.com

English Summary- Topiary Garden; Kerala Home Garden Trends Malayalam

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com