ADVERTISEMENT

ഏതൊരു മലയാളിയുടെയും വീടിന്റെ പൂമുഖത്ത്, ചെറുതോ വലുതോ ആവട്ടെ, പൂന്തോട്ടം ഒഴിച്ചുകൂടാനാവാത്ത ഘടകമായി മാറിക്കഴിഞ്ഞു. ചെടികൾ കാലാകാലങ്ങളിൽ കമ്പുകോതി നല്ല ആകൃതിയിൽ പരിപാലിക്കുക, പുൽത്തകിടി വെട്ടി കനം കുറച്ചു നിർത്തുക, പൂച്ചെടികൾക്കുണ്ടാകുന്ന രോഗ-കീടബാധയിൽ നിന്നും അവയെ സംരക്ഷിക്കുക തുടങ്ങിയ ജോലികൾക്കെല്ലാം ഈ മേഖലയിൽ അറിവുള്ളവരുടെ സഹായം വേണ്ടിവരും. ഈ തൊഴിൽ മേഖല ഇന്ന് അധികമായും അതിഥി തൊഴിലാളികളാണ് കൈയടക്കി വച്ചിരിക്കുന്നത്. വീട്ടുകാരുമായി ആവശ്യാനുസരണം ആശയവിനിമയം നടത്തുവാനോ, രോഗ-കീടബാധക്ക് പരിഹാരമായി കൃത്യമായ കീടനാശിനി ഉപയോഗിക്കുവാനോ ഒന്നും ഇവർക്ക് അത്രകണ്ട് സാധിക്കുന്നില്ല.

കേരളത്തിലെ അഭ്യസ്തവിദ്യരായ യുവജനങ്ങൾക്കു നമ്മുടെ നാട്ടിൽതന്നെ നല്ല ഒരു സംരംഭമായി തുടങ്ങുവാൻ പറ്റിയ മേഖലയാണ് പൂന്തോട്ടപരിപാലനം. അഗ്രിക്കൾച്ചർ അല്ലെങ്കിൽ ബോട്ടണി ഡിഗ്രി ഉള്ളവരും വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽനിന്നും കൃഷി ഐശ്ചികവിഷയമായി പഠിച്ചിറങ്ങുന്നവരും എന്തുകൊണ്ടും ഈ മേഖലയിൽ നന്നായി ശോഭിക്കും. പൂന്തോട്ടപരിപാലന ജോലികൾക്കായി നല്ല കഴിവുള്ള തൊഴിലാളികളെയേയും ഉൾപ്പെടുത്തി ഒരു സംഘം ഒപ്പമുണ്ടെങ്കിൽ നഗരമോ ഗ്രാമമോ എന്ന വ്യത്യാസമില്ലാതെ ലാഭത്തിൽ കൊണ്ടുപോകുവാൻ പറ്റിയതാണ് ഈ സംരംഭം. 

ഉപഭോക്താവിനെ കണ്ടെത്തുവാനായി ആവശ്യമെങ്കിൽ ഒരു വെബ്സൈറ്റും ആരംഭിക്കാം. ഇത്തരം ഒരു സംരംഭം ആരംഭിക്കുമ്പോൾ പൂന്തോട്ട പരിപാലനത്തിനായി അത്യവശ്യം പണി ആയുധങ്ങളും വേണ്ടിവരും. ലോൺ മൂവർ, ബ്രഷ് കട്ടർ, സ്പ്രേയർ, ഹെഡ്‌ജ്‌ കട്ടർ, പ്രൂണിങ് ഷീയേഴ്‌സ് തുടങ്ങിയവയാണ് ഇവയിൽ പ്രധാനപ്പെട്ടത്. ഇതോടൊപ്പം വർഷം മുഴുവൻ ശുദ്ധ ജലവും വെയിലും കിട്ടുന്നൊരിടം കണ്ടെത്തി അവിടെ പൂന്തോട്ടം തയാറാക്കുവാൻ വേണ്ട ചെടികൾ സൂക്ഷിക്കുന്ന ഇടമാക്കി മാറ്റിയെടുക്കണം. 

gardening-business

ഒട്ടു മിക്കവരും ഉദ്യാനം തയ്യാറാക്കുവാൻ മണ്ണൂത്തിയിലോ അല്ലെങ്കിൽ ആന്ധ്ര പ്രാദേശിലോ ഉള്ള വലിയ നഴ്സറികളെ ആണ് ആശ്രയിക്കുക. പകരം സ്വന്തമായി ചെടികൾ ഉത്പാദിപ്പിക്കുന്ന ഒരു കേന്ദ്രമുണ്ടെങ്കിൽ അവിടെ തൈകൾ ആവശ്യാനുസരണം വളർത്തി വലുതാക്കി ഉദ്യാനം തയ്യാറാക്കുവാൻ പ്രയോജനപ്പെടുത്താം. ഉദാഹരണത്തിന് വാർഷികപൂച്ചെടിയായ വിങ്ക, മാരിഗോൾഡ് ഇവയുടെ പൂവിട്ട ചെടിക്കു വിപണിയിൽ 30 -35 രൂപ വില വരും. പകരം ഇവയുടെ വിത്ത് വാങ്ങി പ്രൊട്രേയിൽ കിളിപ്പിച്ചു ചെറിയ ചട്ടിയിൽ വളർത്തി പൂവിട്ടാൽ അകെ ചെലവ് 10 രൂപയിൽ താഴയേ വരൂ. അതുപോലെ ആന്ധ്രയിൽ നിന്നും പല അലങ്കാര പനകളുടെയും തൈകൾ കുറഞ്ഞ വിലക്ക് വാങ്ങുവാൻ സാധിക്കും. ഇത്തരം തൈ വലിയ പ്ലാസ്റ്റിക് കവറിൽ വളർത്തി ആവശ്യത്തിന് വലുപ്പമായാൽ പൂന്തോട്ട നിർമാണത്തിനായി പ്രയോഗനപെടുത്താം. ഈവിധത്തിൽ തയ്യാറാക്കുന്ന ചെടികൾ ഉപയോഗിക്കുമ്പോൾ ലഭിക്കുന്ന ലാഭവും വർദ്ധിക്കുന്നു.

പല വീട്ടുകാരും ഉദ്യാനം ഒരുക്കുന്നതിനു മുൻപ് ഒരു ലേഔട്ട് ആവശ്യപ്പെടാറുണ്ട്. ലേഔട്ട് തയ്യാറാക്കുന്നതിന് മുൻപായി അവിടെ ലഭിക്കുന്ന വെയിലിന്റെ അളവ്, ശുദ്ധജലത്തിന്റെ ലഭ്യത എല്ലാം നേരിട്ടുകണ്ടു മനസിലാക്കണം. ലേയൗട്ടിൽ വീട്ടുകാരുടെ ആവശ്യാനുസരണം ചെടികളും മരങ്ങളും നടേണ്ട സ്ഥാനം, അലങ്കാരകുളമുണ്ടെങ്കിൽ അത് തയാറാക്കേണ്ട ഇടം, നടപ്പാത, പുൽത്തകിടി എല്ലാം ഉൾപെടുത്തിയിരിക്കണം. ഇതിൽ വെയിൽ നന്നായി കിട്ടുന്നിടത്താണ് പൂച്ചെടികളും പുൽത്തകിടിയും അടയാളപ്പെടുത്തേണ്ടത്. വെയിൽ കുറവുള്ളിടത്തു പാതി തണലത്തു വളരുന്ന ചെടികളും വെള്ളാരംകല്ലുമാണ് നിർദേശിക്കേണ്ടത്. ഈ ലേയൗട്ടിനെ ആശ്രയിച്ചാണ് ഇതിനു ആവശ്യമായ ബജറ്റും മറ്റും തീരുമാനിക്കുക. ഈ മേഖലയിൽ ഉള്ള അറിവ് മാത്രമല്ല ചെടികളോടും പ്രകൃതിയോടുമുള്ള ജന്മമസിദ്ധമായ താൽപര്യവും കൂടി ചേരുമ്പോഴേ വിജയം നേടുവാൻ കഴിയു എന്ന് ഓർക്കുക.   

English summary- Garden Business in Kerala Success

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com