ADVERTISEMENT

ചെടികളുടെ സ്വന്തം വീട്...ബാബു പോളിന്റെയും വൽസ പോളിന്റെയും വീടിനെക്കുറിച്ച് ഒറ്റവാക്കിൽ ഇങ്ങനെ പറയാം. വയനാട് സുൽത്താൻ ബത്തേരിയിൽ ഗവ. സർവജന വെക്കേഷണൽ ഹയർസെക്കന്ററി സ്കൂളിന് പിന്നിലുള്ള പഴേമഠം വീടിന്റെ ഗേറ്റ് തുറന്ന് അകത്തേക്ക് നടന്നാൽ മുറ്റം നിറയെ ചെടികളെ കാണാം. 24 സെന്റിലുള്ള വീടിന്റെ നാലു വശങ്ങളിലും ചെടികൾ നട്ടിട്ടുണ്ട്. 600 ബോൺസായ് മരങ്ങൾ, 500 ആന്തൂറിയം ചെടികൾ, 16 ഇനം ഫലവൃക്ഷങ്ങൾ, 100 ഇനം കൊലിയു ചെടികൾ ഇങ്ങനെ കുറേ ചെടികളുണ്ട് ഈ തോട്ടത്തിൽ.മുറ്റത്തും മുറികളിലുമൊക്കെയായി ചെടികളാൽ സമ്പന്നമാണ് ഈ വീട്.

കർ‍ഷക ദമ്പതികളാണ് ബാബു പോളും വൽസ പോളും. 12 വർഷങ്ങൾക്ക് മുൻപ് വയനാട് തൃക്കൈപ്പെറ്റയിൽ നിന്ന് കുറേയേറെ ചെടികൾക്കൊപ്പം സുൽത്താൻ ബത്തേരിയിലേക്ക് വന്നവരാണ് ഇവർ. പാതി നിർമിച്ചൊരു വീടും പിന്നെ മുറ്റത്തൊരു മാവും മാത്രമേ അന്നാളിൽ ഇവിടുണ്ടായിരുന്നുള്ളൂ. ആ മണ്ണിലാണ് ചെടികളും തൈകളുമൊക്കെ നട്ടു നനച്ചു വളർത്തിയെടുത്തത്.

garden-home-owner

തൃക്കൈപ്പെറ്റയിൽ കൃഷിയൊക്കെയായി ജീവിക്കുകയായിരുന്നു ഇവർ. എന്നാൽ തൃക്കൈപെറ്റയിൽ നിന്ന് വീണ്ടും ദൂരമുണ്ടായിരുന്നു ഇവരുടെ വീട്ടിലേക്ക്. ഉൾപ്രദേശമായതിനാൽ യാത്രാസൗകര്യങ്ങളും കുറവ്. കാരാപ്പുഴ കനാലാണ് വീടിന്റെ മുന്നിലുള്ളത്. ഇവരുടെ അപ്പനും അമ്മയും പ്രായമായതോടെ അവർക്ക് പള്ളിയിലും ആശുപത്രിയിലുമൊക്കെ പോകാനും വരാനുമൊക്കെ കുറച്ച് ബുദ്ധിമുട്ടായിരുന്നു. അവർക്ക് പള്ളിയിൽ പോകാനും ആശുപത്രിയിൽ പോകാനുമൊക്കെയുള്ള സൗകര്യത്തിനാണ് ടൗണിലേക്ക് താമസം മാറുന്നത്.

ബാബു പോളും കുടുംബവും ഈ വീട് വാങ്ങുമ്പോൾ ഒരു മാവ് മാത്രമേ ഇവിടുണ്ടായിരുന്നുള്ളൂ. ആ മാവ് അവർ വെട്ടിയില്ലെന്നു മാത്രമല്ല ബഡ് ചെയ്ത് ഒന്നിലേറെ ഇനങ്ങളുണ്ടാകുന്ന വൃക്ഷമായി മാറ്റിയെടുക്കുകയും ചെയ്തു. നേരത്തെ താമസിച്ചിരുന്ന വീട്ടിലും ചെടിയും കൃഷിയുമൊക്കെയുണ്ടായിരുന്നു. ആ പറമ്പിൽ നിന്നുള്ള ചെടികളും പുതിയ വീട്ടിൽ കൊണ്ടു വന്നു നട്ടു പിടിപ്പിച്ചിരിക്കുന്നത് കാണാം.

garden-home-plants

തൃക്കൈപ്പെറ്റ വീട്ടിലെ അമ്മച്ചിയ്ക്കും അപ്പച്ചനും ചെടികളൊക്കെ വലിയ ഇഷ്ടമായിരുന്നു. അവർ വളർത്തി കൊണ്ടുവന്ന ചെടികളുടെ പരിചരണം കല്യാണം കഴിഞ്ഞെത്തിയ ഞാൻ ഏറ്റെടുത്തു. ചെടികൾ മാത്രമല്ല കൃഷിയും ഉണ്ടായിരുന്നല്ലോ. അതുകൊണ്ട് വീട്ടിൽ നിന്നു മാറി നിൽക്കാനാകില്ലായിരുന്നു. അങ്ങനെ ഒരു വിനോദത്തിനാണ് ചെടികൾ നട്ടു തുടങ്ങുന്നത്. പക്ഷേ ഇപ്പോ പൂന്തോട്ടവും കൃഷിയും നിറഞ്ഞതാണ് ഞങ്ങളുടെ ജീവിതമെന്നു വൽസ പോൾ.


കൃഷിയുടെ ലോകത്തിലേക്കെത്തും മുൻപേ ബാബുപോൾ ഫോട്ടോഗ്രഫറായിരുന്നു. വയനാട്ടിലെ ആദ്യ വിഡിയോഗ്രഫറാണ് ഇദ്ദേഹം. കൽപ്പറ്റയിൽ  ഫോക്കസ് ഫോട്ടോ എന്നൊരു സ്റ്റുഡിയോയും സ്വന്തമായി നടത്തിയിരുന്നു. നല്ല പ്രായമുള്ള കുറച്ച് ബോൺസായ് ചെടികൾ ബാബുപോൾ സ്റ്റുഡിയോയിൽ സൂക്ഷിച്ചിരുന്നു. ബോൺസായ് വൃക്ഷങ്ങളോടുള്ള കമ്പം ആരംഭിക്കുന്നത് ഇവിടെയാണ്.


എന്നാൽ വിവാഹശേഷമാണ് ബോൺസായ് മരങ്ങളുടെ ശേഖരണം ആരംഭിക്കുന്നത്. ഇരുവരുമൊന്നിച്ചാണ് ബോൺസായ് മരങ്ങൾ ശേഖരിക്കുന്നതും പരിചരിക്കുന്നതുമെല്ലാം. അങ്ങനെയാണ് വീട്ടുമുറ്റത്ത് 600 ബോൺസായ് വൃക്ഷങ്ങൾ നിറയുന്നത്. ഏതു മരം കിട്ടിയാലും എങ്ങനെ ബോൺസായ് ആക്കാമെന്ന ചിന്തയിലാണ് പിന്നീട് തൈകൾ ശേഖരിച്ചത്.  300 എണ്ണവും പൂർണമായും ബോൺസായ് ആണ്. ബാക്കിയുള്ളവ ബാബുപോൾ ട്രെയ്ൻ ചെയ്ത് എടുത്തു കൊണ്ടിരിക്കുന്നു. എങ്ങനെ ബോൺസായ് ചെയ്യണമെന്നു അദ്ദേഹം സ്വയം പഠിച്ചെടുത്തതാണ്.  

ബോൺസായ് വൃക്ഷങ്ങൾക്ക് വലിയ പരിചരണമൊന്നും വേണ്ട. രണ്ട് വർഷം കൂടുമ്പോൾ മരത്തിന്റെ അടിയിലേക്ക് പോകുന്ന തായ് വേര് മുറിച്ചു കൊടുക്കണം. ചാണകപ്പൊടിയും വളമായി നൽകാം. എന്നാൽ വളം കൂടി തൈ അധികം വലുതാകാതെ നോക്കണം. വയനാട്ടിലെ കാലാവസ്ഥയ്ക്ക് യോജിച്ചതാണ് ബോൺസായ് മരങ്ങളെന്നും ബാബു പോൾ വ്യക്തമാക്കുന്നു.

ഈ വീട്ടുമുറ്റത്ത് 60 വർഷം പഴക്കമുള്ള ബോൺസായ് മരങ്ങളുണ്ട്. അരയാൽ, പേരാൽ, മൂന്നു ഇനങ്ങളിലുള്ള സൈക്കസ്, മാവ്, പുളി, പേര, സപ്പോട്ട, ആറ്റുകടമ്പ്, മൂത്താശാരി, കഴഞ്ചി, സപ്പോട്ട, മാവ്, 24 വർഷം പഴക്കമുള്ള തെങ്ങ് എന്നിങ്ങനെ നീളുന്നു ബോൺസായ് വൃക്ഷങ്ങളുടെ പട്ടിക.

വ്യത്യസ്ത ഇനങ്ങളിലുള്ള ആന്തൂറിയം ചെടികളും  തോട്ടത്തിലുണ്ട്. 500 ചട്ടി ആന്തൂറിയം നട്ടിട്ടുണ്ട്. ഡബിൾ പെറ്റൽ, ലിഥിയം, ലീമ വൈറ്റ്, ചോക്കോ ഇങ്ങനെ പല വെറൈറ്റി ഇനങ്ങളാണ് നട്ടിട്ടുള്ളത്. ആന്തൂറിയം വിത്തിൽ നിന്നു തൈകളുണ്ടാക്കുന്നുവെന്നൊരു പ്രത്യേകതയുമുണ്ട് ഇവർക്ക്.

കോവിഡ് കാലമായതോടെ നഴ്സറികളിലേക്കൊന്നും പോകുന്നില്ല. കഴിഞ്ഞ 40 വർഷമായി വളർത്തി വരുന്ന ചെടികളുടെ കമ്പ് മുറിച്ചും വിത്തു പാകിയുമാണിവർ തൈകളുണ്ടാക്കുന്നത്. ഇതിനൊപ്പം വീടിനോട് ചേർന്ന ചെറിയൊരു നഴ്സറിയുമുണ്ട്. ഓൺലൈൻ വിൽപ്പനയാണ്.
വിദേശ ഇനങ്ങൾ ഉൾപ്പെടയുള്ള ഫലവൃക്ഷങ്ങളാണ് വീട്ടുമുറ്റത്ത് നട്ടിരിക്കുന്നതെന്നു വൽസ. 16 ഇനം ഫലവൃക്ഷങ്ങളുണ്ട്. ബ്രസീലിന്റെ പഴമായ ജബോട്ടിക്കബ മരമുണ്ട്. നാലു വർഷം മുൻപ് 2500 രൂപയ്ക്ക്  ബെംഗളൂരുവിൽ നിന്നു വാങ്ങിയതാണ്. ബംഗ്ലാദേശിന്റെ ഗാബ്, പാലക്ക്, മിറാക്കിൾ ഫ്രൂട്ട്, സന്തോൾ, അബിയു, ചീനചംപടാക്, ഐസ്ക്രീം ബീൻ, റോളീനോ, മാങ്കോ ബ്ലാക്ക്, പേരകൾ ഇങ്ങനെ ഒരുപാട് പഴമരങ്ങളുണ്ട്

വീടിനുള്ളിലും ചെടികൾ നട്ടിട്ടുണ്ട്. കൂടുതലും ഡ്രൈ ഫ്ലവേഴസ് ആണ്. കാട്ടു തരക, ഹൈഡ്രോഞ്ചിയ പോലുള്ള ഡ്രൈ ഫ്ലവേഴ്സാണ്. വീടിന്റെ അടുക്കളയിലും ചെടികളുണ്ട്. വീടിനുള്ളിലെ കോർട്ട്യാഡിൽ ചെടികൾ നട്ടിരുന്നു. പക്ഷേ അതിനകത്ത് പിടിക്കാതെ വന്നതോടെ ഒഴിവാക്കി. പകരം ചെടികൾ ചട്ടിയിലാക്കി വച്ചിട്ടുണ്ട്. മഴക്കാലമാകുമ്പോൾ ആ ചെടികൾ മുറ്റത്തേക്കെടുത്ത് വയ്ക്കും. വീടിന്റെ ഒരു ഭാഗത്ത് പച്ചക്കറി കൃഷിയുമുണ്ട്.  


വീട്ടുമുറ്റം മാത്രമല്ല വീടിനകവും വ്യത്യസ്തമാക്കാൻ ശ്രമിച്ചിട്ടുണ്ട് ഈ ദമ്പതികൾ. പരമാവധി കാറ്റ് കയറുന്ന തരത്തിലാണ് വീട് നിർമിച്ചിരിക്കുന്നത്. ഡൈനിങ് റൂമിലോ സിറ്റ്ഔട്ടിലോ ഒന്നും ഫാനും എസിയും ഇല്ല. കാറ്റ് കയറാൻ സംവിധാനത്തിലാണ് വീട് പണിതിരിക്കുന്നത്. അകത്ത് നിറയുന്ന കാറ്റ് സ്റ്റെയർകേസിന്റെ ഭാഗത്ത് കൂടി പുറത്തേക്ക് പോകുന്നതിനുള്ള സൗകര്യമുണ്ട്. അതുകൊണ്ടു തന്നെ ചൂടുവായു തങ്ങി നിൽക്കുന്നില്ല. വീട് പ്രകൃതിയോട് ചേർന്ന് നിൽക്കുന്നതാകണമെന്ന ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ ഒരു ആഗ്രഹത്തോടെ വീട് അന്വേഷിക്കുന്നതിനിടയിലാണ് ഈ വീട് കാണുന്നത്. നിർമാണം പൂർത്തിയായിട്ടില്ലായിരുന്നു. ബാക്കി ഞങ്ങൾ പൂർത്തിയാക്കി. ഞങ്ങളുടെ സ്വപ്നം പോലെ പിന്നെ പണിതെടുക്കുകയായിരുന്നു.

English Summary- House full of Plants and Fruits; Wayanad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com