പഴയ ജീൻസിലും പാട്ടയിലും മിക്സിയിലും വരെ ചെടികൾ! കാശുമുടക്കില്ലാതെ ഒന്നാന്തരം ഗാർഡൻ

jeans-garden-pot
ചിത്രങ്ങൾക്ക് കടപ്പാട്- ബെറ്റർ ഇന്ത്യ
SHARE

ഗാർഡനിങ് ഏറ്റവും പ്രിയപ്പെട്ട ഹോബിയായി കാണുന്നവർ നിരവധിയുണ്ട്. എന്നാൽ മുറ്റമില്ലാത്ത ഇടത്ത് ടെറസിലും മറ്റുമായി ചെടിച്ചട്ടികളിൽ ഗാർഡൻ ഒരുക്കുന്നവർക്ക് അത് കാശ് മുടക്കുള്ള ഹോബിയുമാണ്. വ്യത്യസ്തതരം ചെടികൾ പോലെ അവ നടാനുള്ള ചട്ടികൾക്കും നല്ല വില കൊടുക്കേണ്ടി വരും. എന്നാൽ ഇങ്ങനെ കാശുമുടക്കാതെ വീട്ടിലെ സാധനങ്ങൾ കൊണ്ടുതന്നെ സ്റ്റൈലായി ഗാർഡൻ ഒരുക്കി ശ്രദ്ധ നേടുകയാണ് തെലങ്കാന സ്വദേശിയായ മുഹമ്മദ് മോഹിൻ.

വീട്ടിൽ ഉപയോഗശൂന്യമാകുന്ന ഏതു വസ്തുവും മുഹമ്മദ് മനോഹരമായ ചെടിച്ചട്ടിയാക്കി മാറ്റും. പൊട്ടിയ അടുക്കള ഉപകരണങ്ങളും കാലി പാട്ടകളും വെള്ളക്കുപ്പികളും ഷൂസും പാന്റ്സും എന്തിനേറെ പഴയ മിക്സിയിൽ വരെ ചെടികൾ വളർത്തുകയാണ് മുഹമ്മദ്. വീട്ടിലെ 1500 ചതുരശ്രഅടി വിസ്തീർണമുള്ള ടെറസിൽ ഇത്തരത്തിൽ സ്വയം നിർമ്മിച്ചെടുത്ത ചെടിച്ചട്ടികളിലായി നാനൂറിൽ പരം ചെടികളാണ് ഇദ്ദേഹം വളർത്തുന്നത്. പച്ചക്കറികളും പഴവർഗ്ഗങ്ങളും ഇതിൽ ഉൾപ്പെടും.

garden-enterprise

2017 ൽ പച്ചക്കറികൾ നട്ടാണ് ടെറസ് ഗാർഡൻ തുടങ്ങിയത്. അന്നൊക്കെ ടെറാക്കോട്ട പോട്ടുകളെ തന്നെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ അവയ്ക്കായി വലിയ തുക ചിലവാക്കേണ്ടി വന്നതോടെ വീട്ടിലുള്ള വസ്തുക്കൾ തന്നെ പുനരുപയോഗം ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. പൂന്തോട്ടത്തിന് മോടി കൂട്ടാൻ കണ്ടെയ്നറുകളിൽ പല നിറങ്ങൾ പെയിന്റ് ചെയ്തുതുടങ്ങി. പിന്നീട് യൂട്യൂബ് വിഡിയോകൾ കണ്ടാണ് ജീൻസ് ഉപയോഗിച്ച് ഗാർഡൻ ഒരുക്കുന്നത് മനസ്സിലാക്കിയത്.

ഉപയോഗശൂന്യമായ കോട്ടൺ പാന്റ്സുകളുടെയും ജീൻസിന്റെയും ചുവടുഭാഗം നന്നായി റബർബാൻഡ് ഉപയോഗിച്ച് കെട്ടി ഉറപ്പിച്ചശേഷം തുണിയോ പേപ്പറുകളോകൊണ്ട് രണ്ട് കാലുകളും നിറക്കും. ഇതിനു ഉള്ളിലേക്ക് ചെടിച്ചട്ടി ഇറക്കിയ ശേഷം കസേരയിൽ വച്ചാൽ ഗാർഡന്റെ ലുക്ക് തന്നെ മാറും. ചെടി നനച്ചു കൊടുക്കുമ്പോൾ ഊറിവരുന്ന വെള്ളവും മണ്ണും തറയിലേക്ക് വീഴാതെ ജീൻസ് തന്നെ വലിച്ചെടുക്കും. വീടിന്റെ അകത്തളങ്ങളിലും ടെറസിലുമായി ചെടികൾ നടക്കുന്നവർക്ക് തറ വൃത്തികേടാകാതെ സൂക്ഷിക്കാൻ ഏറ്റവും ഉപകാരപ്രദമായ മാർഗമാണിത് എന്ന് മുഹമ്മദ് പറയുന്നു. 

ഷൂസുകൾക്കുള്ളിൽ മണ്ണ് നിറച്ചും കേടായ മിക്സിക്കു മുകളിൽ ചെടിച്ചട്ടികൾ വച്ചും ഡിഷുകൾക്കുള്ളിൽ ഉരുളൻകല്ലുകൾ വിരിച്ചും വ്യത്യസ്തമായ രീതിയിലാണ് മുഹമ്മദ് പൂന്തോട്ടം അലങ്കരിച്ചിരിക്കുന്നത്. ഉപയോഗശൂന്യമായ വസ്തുക്കൾ വലിച്ചെറിയാതെ പുനരുപയോഗം ചെയ്യുന്നതിനു പുറമേ ടെറസ് ഗാർഡന്റെ ഭംഗി വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നുണ്ട്.

English Summary- Eco friendly garden using Recycling; Garden Tips Malayalam

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Happy Home | ഈ വീട് നിങ്ങളെ സന്തോഷിപ്പിക്കും! 

MORE VIDEOS