മട്ടുപ്പാവിൽ ഹരിതസ്വർഗം തീർത്ത വീട്ടമ്മ; ഹിറ്റായി പൂന്തോട്ടം

Mail This Article
അന്തരീക്ഷമലിനീകരണത്തിന്റെ തലസ്ഥാനമായി മാറിയ ഡൽഹിയിൽ സ്വന്തം വീടിനെ എങ്ങനെ ശുദ്ധവായുവിന്റെ ഉറവിടമായി മാറ്റാമെന്ന് കാണിച്ചു തരുന്നു രശ്മി ശുക്ല എന്ന വീട്ടമ്മ. സ്വന്തം വീടിന്റെ മട്ടുപ്പാവിൽ പൂന്തോട്ടം തീർത്ത് നഗരഹൃദയത്തിൽ കിളികൾക്കും ഷഡ്പദങ്ങൾക്കും ചേക്കേറാൻ ഇടമൊരുക്കുകയും ശുദ്ധവായുവിന്റെ ഉത്ഭവകേന്ദ്രമാക്കി വീടിനെ മാറ്റുകയും ചെയ്തിരിക്കുന്നു രശ്മി.
പതിനഞ്ച് വർഷം മുമ്പ് വെറും അഞ്ച് ചെടികളിലാരംഭിച്ച ഗാർഡൻ ഇന്ന് നഗരനടുവിലൊരു ഹരിതസ്വർഗ്ഗമായി മാറിയിരിക്കുന്നു. പൂച്ചെടികൾ, പഴവർഗങ്ങൾ, പച്ചക്കറികൾ എല്ലാം ഈ മട്ടുപ്പാവിലുണ്ട്. വീട്ടിലേക്ക് വേണ്ടുന്ന പഴം പച്ചക്കറികളുടെ കാര്യത്തിൽ സ്വയംപര്യാപ്തമാണ് ഈ ഭവനം. കീടനാശിനിയും രാസവള പ്രയോഗവുമില്ലാതെയാണ് ഈ തോട്ടവും കൃഷിയും പരിപാലിക്കുന്നത്. പലതരം ഷഡ്പദങ്ങളും കിളികളും ചേക്കേറാൻ എത്തുന്നതിന്റെ മുഖ്യകാരണവും ഇതുതന്നെ. പത്ത് വർഷമായി പലതരം കിളികൾ ഈ മട്ടുപ്പാവിലെ അന്തേവാസികളാണ്.
ബീഹാറിൽ നിന്നും കുടിയേറിയവരാണ് രശ്മിയും കുടുംബവും. ഒരു ഫ്ളാറ്റിന്റെ മുകൾനിലയിലാണ് താമസം അതിന്റെ ടെറസിലാണ് ഗാർഡൻ സെറ്റ് ചെയ്തിരിക്കുന്നത്. തുടക്കത്തിൽ നേരം പോക്കായിരുന്നു. പിന്നിടാണ് ഗൗരവമായ കൃഷിരീതികൾ നടത്തിയത്. പൂച്ചെടികൾക്കൊപ്പം പഴവർഗങ്ങൾ കൃഷിചെയ്തു. മാതളനാരങ്ങ, ചിക്കു, നാരങ്ങ എന്നിവയാണ് ആദ്യം വിളവെടുത്തത്. പിന്നിട് കൂടുതൽ ഇനങ്ങൾ നട്ടു.

തുടക്കകാലത്ത് ഒരു സഹായി ഉണ്ടായിരുന്നു. മണ്ണൊരുക്കാനും വളമിടാനുമൊക്കെ. ഇപ്പോൾ തോട്ടം മൊത്തം രശ്മി ഒറ്റയ്ക്കാണ് പരിചരിക്കുന്നത്. ജൈവവളം നിർമ്മിച്ചാണ് തോട്ടത്തിലുപയോഗിക്കുന്നത്. ചകിരിച്ചോറും ചാണകവും അടുകള മാലിന്യവും ചേർത്താണ് ജൈവവളം തയാറാക്കുന്നത്. കീടങ്ങളെ ഓടിക്കാൻ ശക്തമായ ജൈവ കീടനാശിനിയാണ് പ്രയോഗിക്കുന്നത്.
തുടക്കത്തിൽ മറ്റ് ഫ്ലാറ്റ് വാസികൾക്ക് ആശങ്കയുണ്ടാരുന്നു മലിനജലം എന്തുചെയ്യുമെന്നും കൊതുക് ശല്യം ഉണ്ടാകുമോ എന്നും. എന്നാൽ കടുംമണമുള്ള പൂച്ചെടികൾ നട്ട് കൊതുകിനെ തുരത്തി. ചെടിച്ചട്ടികൾ തറനിരപ്പിൽ നിന്നും ഉയർത്തിവച്ചും ചോർച്ച ഉണ്ടാകാതെ നോക്കിയും ഫ്ലാറ്റ് വാസികളുടെ ആശങ്ക അകറ്റി.
ലഭ്യമായ ആയിരം ചതുരശ്രയടി വിസ്തീർണത്തിലുള്ള ഒരു തോട്ടത്തിൽ നിന്നും ഒരു കുടുംബത്തിനാവശ്യമായ പഴം, പച്ചക്കറികളും ശുദ്ധവായുവും ലഭ്യമാക്കാമെങ്കിൽ അല്പസമയം നീക്കിവയ്ക്കാനാവുന്ന ആർക്കും ഏത് നഗരത്തിലും വീട് സ്വയംപര്യാപ്തമാക്കാനും പച്ചപ്പിന്റെ അന്തരീക്ഷം തിരികെ എത്തിക്കാനും കഴിയും ഉറപ്പാണ്.
English Summary- Housewife create Garden on Terrace