കാശുകൊടുത്ത് വിഷം കഴിക്കുന്ന മലയാളി; വീട്ടിൽത്തന്നെ പരിഹാരമുണ്ട്

vegetable-garden-house
Shutterstock image by vaivirga
SHARE

കാശുകൊടുത്ത് വിഷം വാങ്ങിക്കഴിക്കുകയാണ് മലയാളികൾ. അന്യസംസ്ഥാനത്ത് നിന്നും എത്തുന്ന പച്ചക്കറികളിൽ പലതും വളരെ ഹാനികരമായ കീടനാശിനികളിൽ കുളിപ്പിച്ചാണ് അതിർത്തി കടക്കുന്നത്. കേരളത്തിൽ കാൻസർ പോലുള്ള രോഗങ്ങൾ വർധിക്കുന്നതിലും ഈ ഭക്ഷണശീലങ്ങളുടെ സ്വാധീനമുണ്ട് എന്ന് വിദഗ്ധർ പറയുന്നു. അൽപം മനസ്സുവെച്ചാൽ നമ്മുടെ വീടുകളിൽത്തന്നെ ശുദ്ധമായ പച്ചക്കറികൾ കൃഷി ചെയ്തെടുക്കാൻ  സാധിക്കും. അടുക്കളത്തോട്ടത്തിനു വിശാലമായ പറമ്പ് വേണമെന്നില്ല. മട്ടുപ്പാവ് കൃഷിയിലൂടെയും അടുക്കളത്തോട്ടം ഒരുക്കാം. 

എവിടെ ഒരുക്കണം?

ചെടികൾ കൃത്യമായി പരിചരിക്കാനും ഭക്ഷണാവശിഷ്ടങ്ങൾ വളമായി ഇടാനുമുള്ള സൗകര്യമാണ് അടുക്കളത്തോട്ടത്തിനു വേണ്ടത്. കഴിയുന്നതും ദീർഘചതുരാകൃതിയാണു നല്ലത്. ഭൂമിയുടെ സ്വഭാവം മനസ്സിലാക്കി വേണം സ്ഥലമൊരുക്കാൻ. 30–40 സെമീ താഴ്ചയിൽ മണ്ണ് ഇളക്കിയിടുക. കല്ല്, കുറ്റിച്ചെടികൾ, കളകൾ എന്നിവ പറിച്ചു മാറ്റുക. കള, മുറ്റത്തുള്ള വളം, മണ്ണിര ഉപയോഗിച്ചുള്ള കൂട്ടുവളം (കമ്പോസ്റ്റ്) എന്നിവ മണ്ണിൽ ചേർക്കുക. ആവശ്യമനുസരിച്ച് 45–60 സെ.മീ ഇടവിട്ടു തടമെടുക്കുക. കുറച്ചു സമയത്തിനുള്ളിൽ വിളവു ലഭിക്കുന്നതും എല്ലാക്കാലവും പച്ചക്കറികൾ ഉണ്ടാകുന്നതുമായ വിത്തുകളാണു നടേണ്ടത്. 

എന്തു നടണം, എപ്പോൾ നടണം?

vegetable-garden-home
Shutterstock image by lunamarina

വലിയ പരിചരണം കൂടാതെ തന്നെ നടാവുന്ന വിളകളാണ് വെണ്ട, അമരയ്ക്ക, പയർ എന്നിവ. വിത്തുകൾ തിരഞ്ഞെടുക്കുമ്പോൾ ആവശ്യവും സ്ഥലപരിമിതിയും കൂടി ശ്രദ്ധിക്കണം. തുടക്കം, ചീര, വെണ്ട എന്നിവയിൽ നിന്നാവാം. വെണ്ട, അമരയ്ക്ക, പയർ എന്നിവ 30 സെമീ ഇടവിട്ട് തടത്തിന്റെ ഒരു വശത്ത് നടാം.

അമരപ്പയർ (ചെടി മുഴുവനായി പറിച്ചെടുക്കണം) 20 ഭാഗം മണ്ണിൽ ഒരു ഭാഗം വിത്തു വിതറി നടാം. ചെറിയ ഉള്ളി, പുതിന, മല്ലി എന്നിവ തടാകത്തിലെ ബണ്ടുകളിൽ നടാം. മാറ്റി നടാനുള്ള വിളകളായി തക്കാളി, വഴുതനങ്ങ, മുളക് എന്നിവ ചെറിയ തടങ്ങളിലോ ചെടിച്ചട്ടിയിലോ ഒരു മാസം മുൻപു തന്നെ നടാം. വിതച്ചതിനു ശേഷം, മേൽമണ്ണുകൊണ്ട് മൂടി 250 ഗ്രാം വേപ്പിൻ പിണ്ണാക്ക് വിതറിയാൽ ഉറുമ്പു ശല്യം ഒഴിവാകും. 

ചില പച്ചക്കറികൾ വിത്തു വിതച്ചു മുളച്ചു കഴിഞ്ഞാൽ നിശ്ചിത ദിവസത്തിനുള്ളിൽ മാറ്റി നടണം. തക്കാളി വിതച്ച് 30 ദിവസം കഴിഞ്ഞ് മാറ്റി നടണം. വഴുതന, മുളക്, സവാള എന്നിവ 45 ദിവസത്തിനു ശേഷം ചെറുതടങ്ങളിൽ നിന്നു മാറ്റി നടണം. തക്കാളി, വഴുതന, മുളക് 30–45 സെമീ അകലത്തിലും, സവാള 10 സെ.മീ അകലത്തിലും വേണം നടാൻ. എല്ലാ പച്ചക്കറികൾക്കും കൃത്യമായ നനയും ജൈവവളവും ആവശ്യമാണ്. രണ്ടു ദിവസത്തിലൊരിക്കൽ നനയ്ക്കണം. പിന്നീടു നാലു ദിവസത്തിലൊരിക്കൽ. 

എന്തെല്ലാം ശ്രദ്ധിക്കണം?

ധാരാളം സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം നോക്കി വേണം ചെടികൾ നടാൻ. ചൂടുവെള്ളമോ സോപ്പുലായനികൾ, അലക്കു പൊടികൾ എന്നിവ കലർന്ന വെള്ളമോ നനയ്ക്കാൻ ഉപയോഗിക്കരുത്. ഇവ അടുക്കളത്തോട്ടത്തിലേക്ക് ഒഴുക്കിവിടുകയുമരുത്. 

അടുക്കളത്തോട്ടത്തിന്റെ വേലിയിൽ പടർത്തുന്നതിന് മധുരച്ചീര അനുയോജ്യമാണ്. പടർന്നു കയറുന്ന പച്ചക്കറികളായ കോവൽ, നിത്യവഴുതന, വാളരിപ്പയർ, അമര, ചതുരപ്പയർ, പീച്ചിങ്ങ, കുരുത്തോലപ്പയർ എന്നിവ വലിയ പരിചരണമോ സ്ഥലമോ ഇല്ലാത്ത മതിലിൽ പടർത്താവുന്നവയാണ്. തണൽ ആവശ്യമായ കാന്താരി, സാമ്പാർ ചീര, ചേന, ചേമ്പ് തുടങ്ങിയ വിളകൾ ദീർഘകാല വിളകൾക്കിടയിൽ നടാവുന്നതാണ്. മണ്ണിരക്കമ്പോസ്റ്റോ സാധാരണ കമ്പോസ്റ്റ് കുഴിയോ അടുക്കളത്തോട്ടത്തിലുണ്ടെങ്കിൽ അത്യാവശ്യം വളം അതിൽ നിന്നു തന്നെ എടുക്കാം. 

മട്ടുപ്പാവിലും അടുക്കളത്തോട്ടം

സ്ഥലപരിമിതി മൂലം അടുക്കളയോടു ചേർന്ന് അടുക്കളത്തോട്ടം നിർമിക്കാന്‍ കഴിയാത്തവർക്ക് മട്ടുപ്പാവിൽ തോട്ടം ഒരുക്കാം. ടെറസിലെ കൃഷിക്ക് പോളിത്തീൻ/സിമന്റ് സഞ്ചികളാണ് ഉപയോഗിക്കുന്നത്. ഉപയോഗശൂന്യമായ ടയറിലും കൃഷി െചയ്യാം. വെള്ളം കെട്ടി നിൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. 

മേൽമണ്ണ്, ചാണകപ്പൊടി, മണൽ എന്നിവ 2:1:1 അനുപാതത്തിൽ കൂട്ടിച്ചേർത്ത മിശ്രിതം വിത്ത് നടാനായി ഉണ്ടാക്കണം. പ്ലാസ്റ്റിക് ചാക്കുകളാണെങ്കിൽ ഇരുവശത്തും അഞ്ചോ ആറോ സുഷിരങ്ങളിടണം. മിശ്രിതം നിറയ്ക്കുമ്പോൾ സഞ്ചിയുടെ രണ്ടു മൂലകളും ഉള്ളിലേക്കു തള്ളിവച്ചാൽ ചുവടു വൃത്താകൃതിയിലായി മറിഞ്ഞു വീഴാതിരിക്കും. മണ്ണ് മിശ്രിതം നിറച്ച ശേഷം ഏറ്റവും മുകളിലായി എല്ലുപൊടി, കപ്പലണ്ടിപ്പിണ്ണാക്ക്, വേപ്പിൻ പിണ്ണാക്ക്, മണ്ണിര കമ്പോസ്റ്റ് എന്നിവ 50 ഗ്രാം വീതം കൂട്ടിയോജിപ്പിച്ച ശേഷം വിത്തുകളോ തൈകളോ നടാം. മട്ടുപ്പാവു കൃഷിക്ക് പാവൽ, പടവലം, വെണ്ട എന്നിവ നല്ലതാണ്. 

പാവൽ‍, പടവലം, വെണ്ട എന്നിവയുടെ വിത്തുകൾ ആറു മുതൽ പന്ത്രണ്ടു മണിക്കൂർ വരെ വെള്ളത്തിൽ കുതിർത്തുവച്ചു നട്ടാൽ നന്നായി വളരും. അധികം താഴ്ചയിലല്ലാെത വിത്തിടണം. പ്രത്യേകിച്ചും ചെറിയ വിത്തുകൾ. ചീര, വഴുതന എന്നിവയുടെ വിത്ത് ഉറുമ്പു കൊണ്ടു പോകാതിരിക്കാനായി വിത്തിട്ട ശേഷം ചുറ്റും മഞ്ഞൾപൊടി – ഉപ്പ് മിശ്രിതം തൂവിക്കൊടുക്കുകയോ വിത്ത് അരിമണി, മണൽ എന്നിവയുമായി കൂട്ടിക്കലർത്തി വിതറുകയോ ചെയ്യണം. വിത്ത് പ്രായമാകുമ്പോൾ പറിച്ചു നടണം. പറിച്ചു നടുന്നതിന് അനുയോജ്യ സമയം വൈകുന്നേരമാണ്. വേനലിൽ തൈകൾക്ക് രണ്ടു മൂന്നു ദിവസം തണൽ കൊടുക്കണം. ഓരോ ചാക്കിലും രണ്ടു മൂന്നു വിത്തുകളോ തൈകളോ നടാം. 

ടെറസിലെ കൃഷിക്കു രാസവസ്തുക്കൾ പ്രയോഗിക്കരുത്. അതു നമ്മുടെ ആരോഗ്യത്തിനും ടെറസിനും ദോഷകരമാകും. ആഴ്ചയിലൊരിക്കൽ ദ്രവരൂപത്തിലുള്ള പുളിപ്പിച്ച ജൈവവളങ്ങളായ കാലിവളം, എല്ലുപൊടി, കമ്പോസ്റ്റ്, പച്ചിലവളം, കോഴിവളം, കടലപ്പിണ്ണാക്ക് എന്നിവയിലേതെങ്കിലും ഇട്ടു കൊണ്ടിരുന്നാൽ ചെടികൾ കരുത്തോടെ വളരും. വേനൽക്കാലത്ത് രണ്ടു നേരവും ബാക്കി കാലങ്ങളിൽ മഴയില്ലാത്തപ്പോൾ ഒരു നേരവും ചിട്ടയായി ആവശ്യത്തിനു മാത്രം നനച്ചാൽ മതി. ചാക്കിൽ / ചട്ടിയിൽ നിന്നു വെള്ളം ഒലിച്ചിറങ്ങുംവിധം നനയ്ക്കരുത്. ഒരേ വിള തന്നെയോ ഒരേ വർഗത്തിൽ പെട്ട വിളകളോ ഒരേ ചാക്കിൽ /ചട്ടിയിൽ തുടർച്ചയായി കൃഷി ചെയ്യരുത്. ഓരോ പ്രാവശ്യവും ചെടി നടുമ്പോഴും മണ്ണിളക്കണം. ഒരേ ചട്ടിയിൽ മൂന്നോ നാലോ തവണ കൃഷി ചെയ്യാം. 

കീടങ്ങളുടെ ആക്രമണമുണ്ടായാൽ വേപ്പെണ്ണ മിശ്രിതം, സോപ്പ് മിശ്രിതം, പുകയിലക്കഷായം എന്നിവ പ്രയോഗിക്കാം. ടെറസിൽ പച്ചക്കറിച്ചെടികൾ നന്നായി സൂര്യപ്രകാശം ലഭിക്കുംവിധം നടണം. അല്ലെങ്കിൽ വളർച്ച കുറയുകയും ചെടികൾ പ്രകാശം ലഭിക്കുന്നിടത്തേക്കു വളഞ്ഞു വളരുകയും ചെയ്യും. 

തയാറാക്കിയത് 

ലക്ഷ്മി നാരായണൻ

English Summary- Vegetable Garden for Home Tips

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യമായി ഒരു ഇന്റവ്യൂവിൽ ഇത് പറയുന്നു

MORE VIDEOS