ഇനി കുപ്പിയിലൊതുക്കാം പൂന്തോട്ടം! ടെറാറിയം നിർമാണം സംരംഭമാക്കി യുവതി

Mail This Article
ടെറാറിയം എന്ന് കേട്ടിട്ടുണ്ടോ? കുപ്പിയിലടച്ച ചെറുവനങ്ങളാണ് ഓരോ ടെറാറിയവും. ഒരിക്കൽ നട്ടാൽ പിന്നെ വെള്ളമൊഴിക്കാൻ പോലും തുറക്കാത്ത ചെറുപച്ചത്തുരുത്തുകൾ. പത്തൊമ്പതാം നൂറ്റാണ്ടിൽ ഇംഗ്ലീഷ് ഡോക്ടറായ നഥനിയേൽ ബോഗ്ഷാ വാർഡ് ആണ് ആദ്യമായി ടെറാറിയം നിർമ്മിച്ചതെന്ന് ചരിത്രം. പതിറ്റാണ്ടുകളോളം കാലത്തെ അതിജീവിച്ച ടെറാറിയങ്ങളെപ്പറ്റി കേട്ടറിഞ്ഞാണ് തിരുവല്ലയ്ക്കടുത്ത് വെണ്ണിക്കുളം സ്വദേശിയായ ജിൻസി വർഗീസ്, മൈക്രോഫോറസ്റ്റ് എന്ന പേരിൽ ടെറാറിയങ്ങൾ നിർമ്മിച്ചു തുടങ്ങിയത്. ജിൻസി ടെറാറിയം വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.
പ്രചോദനം...
ഞാൻ സൗദിയിൽ നഴ്സ് ആയിരുന്നു. 8 മാസം മുൻപാണ് ജോലി അവസാനിപ്പിച്ച് നാട്ടിൽ തിരികെയെത്തിയത്. നാട്ടിൽ തുടങ്ങാൻ പറ്റിയ വേറിട്ട സംരംഭങ്ങളെ കുറിച്ചുള്ള അന്വേഷണമാണ് ടെറാറിയത്തിൽ കൊണ്ടുചെന്നെത്തിച്ചത്. എനിക്ക് ചെടികൾ വളരെ ഇഷ്ടമാണ്. അങ്ങനെ ഇഷ്ട ഹോബി തന്നെ സംരംഭമാക്കാൻ തീരുമാനിച്ചു. സമാന്തരമായി കസ്റ്റമൈസ് ചെയ്ത കേക്കുകളുടെ ബിസിനസുമുണ്ട്.

സവിശേഷതകൾ...

കോവിഡ് ലോക്ഡൗണിനുശേഷം മലയാളികൾക്ക് ഇൻഡോർ ചെടികളോട് താൽപര്യം കൂടിയിട്ടുണ്ട്. എന്നാൽ ജോലിക്ക് പോകുമ്പോൾ വെള്ളമൊഴിക്കാനും പരിപാലിക്കാനുമുള്ള ബുദ്ധിമുട്ടാണ് പ്രധാന തടസം. അതിനുള്ള പരിഹാരമാണ് ടെറാറിയം. സിറോ മെയിന്റനൻസ് ആണ് ഇതിന്റെ ഹൈലൈറ്റ്. ഇതിന് വെള്ളമൊഴിക്കേണ്ട ആവശ്യമില്ല. അത്യാവശ്യം വെയിൽ ലഭിക്കുന്ന ഒരു മൂലയിൽ വയ്ക്കുക മാത്രം ചെയ്താൽ മതി. ചില്ലുഭരണിക്കുള്ളിൽ തന്നെ ജലത്തിന്റെ ബാഷ്പീകരണവും, സാന്ദ്രീകരണവുമൊക്കെയുള്ള ഒരു ചാക്രികപ്രവർത്തനം സംഭവിക്കുന്നതിനാൽ ഒരു ചെറു ആവാസവ്യവസ്ഥ തന്നെയാണ് ഈ ചില്ലുകൂട്ടിനുള്ളിൽ ഒരുങ്ങുക.
തയാറാക്കൽ...
ഓൺലൈൻ വിഡിയോകൾ കണ്ടാണ് ഈ വിദ്യ പഠിച്ചെടുത്തത്. ഓർഡർ ലഭിക്കുന്നതിനനുസരിച്ചാണ് പ്രധാനമായും വർക്ക് ചെയ്യുന്നത്. സൈഡായി ഹോബിയായിട്ടും ചെയ്യാറുണ്ട്. നഴ്സ്റി, ഓൺലൈൻ വഴിയാണ് ചെടികൾ വാങ്ങുന്നത്. അത്യാവശ്യം ക്ഷമയും അധ്വാനവും വേണ്ട കാര്യമാണിത്. ചെടികൾ കുപ്പിക്കുള്ളിൽ നിക്ഷേപിച്ച് അതിന്റെ വളർച്ച നിരീക്ഷിച്ച ശേഷമാണ് വിൽപനയ്ക്ക് വയ്ക്കുന്നത്. ഇതിനായി മൂന്നു മാസത്തോളം സമയം വേണ്ടി വരാറുണ്ട്.
ഫേൺ, മോസ്, തുടങ്ങി ഉഷ്ണമേഖലാസസ്യങ്ങളാണ് ടെറാറിയങ്ങൾക്ക് അനുയോജ്യം. ടെറാറിയങ്ങൾ പ്രധാനമായും രണ്ടുതരമാണ്; വായു കടക്കാതെ അടച്ചുപൂട്ടിയ സീൽഡ് ടെറാറിയങ്ങളും വായൂസഞ്ചാരമുള്ള ഓപ്പൺ ടെറാറിയവും. ഇതിൽ സീൽഡ് ടെറാറിയം ചെയ്യുന്നതും അത് രക്ഷപ്പെടുത്തിയെടുക്കുന്നതുമാണ് ഏറ്റവും ശ്രമകരം. ഇവയിൽ സ്പ്രിങ്ങ്ടെയിൽസ്, ഐസോപോഡ്സ് തുടങ്ങിയ ചെറുജീവികളെയും നിക്ഷേപിക്കാറുണ്ട്. ഇവയുടെ പ്രവർത്തനം ടെറാറിയത്തിന്റെ സ്ഥിരതയ്ക്ക് അനിവാര്യമാണ്. അതുകൊണ്ടുതന്നെ ഏറെപ്പേരും ഓപ്പൺ ടെറാറിയങ്ങൾ ചെയ്യാനാവും ശ്രമിക്കുക. ഫംഗസ്, അമിതമായ ചൂട് തുടങ്ങി ടെറാറിയങ്ങളെ പ്രതികൂലമായി ബാധിക്കാവുന്ന ഘടകങ്ങൾ ഏറെയാണ്. മൂന്നിഞ്ചു മുതൽ ഒരടിക്കു മേൽ ഉയരമുള്ള ചില്ലുകുപ്പികളിലാണ് ഇപ്പോൾ എന്റെ പരീക്ഷണങ്ങൾ.
വിപണനം, വരുമാനം...
സോഷ്യൽ മീഡിയ വഴിയാണ് പ്രധാനമായും മാർക്കറ്റിങ് ചെയ്യുന്നത്. കുപ്പിയുടെ വിലയനുസരിച്ചാണ് ടെറാറിയത്തിന്റെ വില. കുപ്പികൾ ദുബായ്, ചൈന എന്നിവിടങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്നതാണ്. രണ്ട്, മൂന്നു ചെടികൾ കൊള്ളുന്ന ചെറിയ കുപ്പികൾ മുതൽ പത്ത്, പതിനഞ്ച് ചെടികൾ കൊള്ളുന്ന വലിയ കുപ്പികൾ വരെ ആവശ്യാനുസരണം ചെയ്തുകൊടുക്കുന്നുണ്ട്. 2000 രൂപ മുതലാണ് പ്രാരംഭ വില. ഇപ്പോൾ ആറുമാസമായി വിൽപന തുടങ്ങിയിട്ട്. മാസം അത്യാവശ്യം വരുമാനം ഇതിലൂടെ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ഇഷ്ടപ്പെട്ട ഹോബി, തൊഴിലായി ചെയ്യാൻ കഴിയുന്നു എന്നതാണ് ബോണസ്.
കൂടുതൽ വിവരങ്ങൾക്ക്- 9544416504
English Summary- Terrarium Garden Startup- Miniature Garden Business