ADVERTISEMENT

വീട് വയ്ക്കുന്നതിനൊപ്പംതന്നെ പ്രാധാന്യം ഇപ്പോൾ പലരും വീട്ടുമുറ്റത്ത് പൂന്തോട്ടങ്ങൾ ഒരുക്കുന്നതിന് നൽകാറുണ്ട്. അതിനായി ലക്ഷങ്ങൾ ചെലവഴിക്കാറുണ്ട്. പൂന്തോട്ടങ്ങൾ മോടി പിടിപ്പിക്കുന്നതിനുവേണ്ടി മാത്രമായി  പലതരം വസ്തുക്കൾ ഇന്ന് വിപണിയിൽ ലഭ്യവുമാണ്. എന്നാൽ ഇതൊന്നും ഉപയോഗിക്കാതെ  ചവറ്റുകൂനയിൽ ഇടംപിടിക്കുന്ന പാഴ് വസ്തുക്കൾകൊണ്ട് ആരുടെയും മനംകവരുന്ന ഉഗ്രനൊരുപൂന്തോട്ടം ഒരുക്കിയെടുത്തിരിക്കുകയാണ് ഒഡീഷയിലെ അംഗുൾ സ്വദേശിനിയായ ശ്വേതാ പാണ്ഡേ എന്ന യുവതി. 

ഉപയോഗശൂന്യമായ ടയറുകളും കുപ്പികളും പെട്ടികളുംകൊണ്ട് ശ്വേത ഒരുക്കിയെടുത്ത പൂന്തോട്ടം ഇന്ന് നാട്ടിലാകെ പ്രശസ്തമാണ്. അഞ്ചുവർഷം മുൻപ് ഒന്നുരണ്ട് ചെടികൾ മാത്രം നട്ട് ആരംഭിച്ചതാണ് പൂന്തോട്ടം. ഇന്ന് 600ൽ പരം വ്യത്യസ്ത ചെടികളും പഴങ്ങളുമെല്ലാം ഇവിടെയുണ്ട്. പൂന്തോട്ടത്തിന്റെ അലങ്കാരങ്ങളെല്ലാം ശ്വേത തന്നെ ചെയ്തവയാണ്. 

വീടിന് മുന്നിലും പിന്നിലുമുള്ള ഇടങ്ങളിലെല്ലാം പച്ചപ്പ് നിറച്ചിട്ടുണ്ട്. പൂച്ചെടികൾക്കും അലങ്കാരച്ചെടികൾക്കും പുറമേ സ്ട്രോബറി, സപ്പോട്ട, മാവ്, തെങ്ങ്, വാഴ, വഴുതന, പച്ചമുളക്, തക്കാളി, ബ്രോക്കോളി, ക്യാപ്സിക്കം, ചീര, മല്ലി, പർപ്പിൾ കാബേജ് എന്നിങ്ങനെ  വ്യത്യസ്തതരം പച്ചക്കറികളും പഴങ്ങളുമാണ് കൃഷി ചെയ്തിരിക്കുന്നത്. ഉപയോഗശൂന്യമായ ജാറുകളും പെട്ടികളും ടയറുകളുമെല്ലാം ചെടികൾ നടാനായി ഉപയോഗിച്ചിരിക്കുന്നു. മനോഹരമായ നിറങ്ങളും ചിത്രങ്ങളും പെയിന്റ് ചെയ്താണ് പൂന്തോട്ടം മോടിപിടിപ്പിച്ചിരിക്കുന്നത്. 

garden-women-tips

അടുക്കള മാലിന്യങ്ങൾ വളമായി മാറ്റുന്നതിനായി കമ്പോസ്റ്റ് കുഴി ഒരുക്കിയിട്ടുണ്ട്. ഇതേവളമാണ് ചെടികൾക്കും പച്ചക്കറികൾക്കും  ഉപയോഗിക്കുന്നത്. ഭർത്താവ് അബിനേഷിന് കമ്പനിയിൽ നിന്നുകിട്ടിയ ക്വാർട്ടേഴ്സിലാണ് നിലവിൽ ഇവരുടെ താമസം. അതിനാൽ എപ്പോഴെങ്കിലും ഇവിടെ നിന്നും താമസം മാറേണ്ടിവന്നാൽ തന്റെ പ്രിയപ്പെട്ട ചെടികൾ ഉപേക്ഷിക്കേണ്ടിവരുമോ എന്നതാണ്  ശ്വേതയുടെ ഭയം. അത്തരം ഒരു സാഹചര്യമുണ്ടായാൽ ചെടികളുമൊപ്പം കൊണ്ടുപോകണമെന്ന ഉദ്ദേശത്തോടെ കൂടുതലും ചട്ടികളിലാണ് നട്ടുപിടിപ്പിച്ചിരിക്കുന്നത്. 

garden-women-views

ഇപ്പോൾ സമീപപ്രദേശങ്ങളിൽ നിന്നെല്ലാം പൂന്തോട്ടം കാണുന്നതിനു വേണ്ടി മാത്രമായി ധാരാളമാളുകൾ ശ്വേതയുടെ വീട്ടിലേക്ക് എത്തുന്നുണ്ട്. ഫോട്ടോഷൂട്ട് നടത്തുന്നതിനു വേണ്ടിയും സമൂഹമാധ്യമങ്ങളിൽ റീലുകൾ ചെയ്യുന്നതിനുവേണ്ടിയുമൊക്കെ ആളുകളെത്തുന്നു. കുടുംബവുമൊത്ത് സമയം പങ്കിടാൻ ഏറ്റവും യോജിച്ച ഇടം മനോഹരമായ ഒരുക്കി എടുക്കാനായതിന്റെ സന്തോഷത്തിലാണ് ശ്വേത.

English Summary- Housewife Created Garden using Upcycling; Sustainable garden

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com