ADVERTISEMENT

നമ്മുടെ നാട്ടിൽ ധാരാളം ആളുകൾ പത്തുമണി ചെടി വിനോദത്തിനായും വരുമാനത്തിനായും വളർത്തുണ്ട്; പക്ഷെ ഈ പൂച്ചെടിയെ കുറിച്ചുള്ള സൂക്ഷ്മമായ അറിവ് ഇവരിൽ വളരെ കുറച്ചുപേർക്കു മാത്രമേയുള്ളൂ. ചെടിയുടെ വളർച്ചാരീതിയും പ്രത്യുത്പാദനവുമെല്ലാം അറിയാമെങ്കിൽ മാത്രമേ ഉള്ളവയിൽ നിന്നും പുതിയ ഇനങ്ങൾ ഉത്പാദിപ്പിക്കുവാനും കാലാകാലങ്ങളോളം കേടാകാതെ നിലനിർത്തുവാനും സാധിക്കൂ. കായംകുളം 'ഗ്രീൻ ഫ്ലോറ' വീട്ടിൽ അഞ്ജു കാർത്തിക എന്ന വീട്ടമ്മക്ക് ഈ പൂച്ചെടിയെ കുറിച്ചുള്ള എല്ലാം മനഃപാഠമാണ്. സോഷ്യോളജിയിലും സൈക്കോളജിയിലും ബിരുധാനാന്തര ബിരുദമുള്ള ഈ വനിതാ സംരംഭക മുൻപ് അധ്യാപികയായിരുന്നു; ഒപ്പം ഭർത്താവിന്റെ ബേക്കറി ബിസിനസ്സിൽ വ്യാപൃതയായിരുന്നു.

5 വർഷങ്ങൾക്ക് മുൻപാണ് വിനോദത്തിനായി ടേബിൾ റോസ് ഇനങ്ങൾ ശേഖരിക്കുവാൻ തുടങ്ങിയത്. ആദ്യ കാലത്ത് പൂനയിൽ നിന്നും ചെന്നൈയിൽ നിന്നുമെല്ലാമാണ് പുതിയ ഇനങ്ങൾ അധികമായി ശേഖരിച്ചത്. പിന്നീട് നമ്മുടെ നാട്ടിൽ തന്നെ ടേബിൾ റോസ് വളർത്തുന്നവരുടെ ഇടയിൽ നിന്നും ആവശ്യം പോലെ നല്ല ഇനങ്ങൾ കിട്ടുവാൻ തുടങ്ങി. ഇന്ന് അഞ്ജുവിന്റെ കൈവശം 150നു മേൽ ഇനങ്ങൾ ഉണ്ട്. ഇവയിൽ പലതും സ്വന്തമായി ഉൽപാദിപ്പിച്ചെടുത്തവയാണ്. ഓരോ മഴക്കാലം കഴിയുമ്പോഴും പലരുടെയും ശേഖരത്തിലെ അപൂർവ ഇനങ്ങൾ നശിച്ചുപോകും. എന്നാൽ ഈ വീട്ടമ്മയുടെ നിരന്തരമായ ശ്രദ്ധ കൊണ്ട് തന്റെ ചെടിയെല്ലാം മഴക്കാലം അനായാസം അതിജീവിക്കും.

table-rose-garden

വീടിന്റെ ടെറസിലും മുൻഭാഗത്തുമാണ് നൂറുകണക്കിന് ചട്ടികളിലായി പത്തുമണി ചെടികൾ പരിപാലിച്ചു വരുന്നത്. നന്നായി വളർച്ചയായ ചെടിയാണ് വിപണത്തിനായി ഒരുക്കിയിരിക്കുന്നത്. ദുരെ ദേശങ്ങളിലുള്ളവർക്ക് ചെടിയുടെ തണ്ട് കൊറിയർ വഴിയും അയച്ചു നൽകും. സാമൂഹിക മാധ്യമങ്ങളിലുള്ള ടേബിൾ റോസ് വളർത്തുന്നവരുടെ ഗ്രൂപ്പുകളിലെല്ലാം ഈ വനിത സജീവ അംഗമാണ്. മറ്റുള്ളവരുടെ സംശയം ദുരീകരിക്കാനും തന്റെ സംശയങ്ങൾക്ക് മറുപടി കിട്ടുവാനും എല്ലാം ഇത്തരം ഗ്രൂപ്പുകൾ വളരെ ഉപകാരപ്രദമാണെന്ന് ഈ വീട്ടമ്മ.

ചെടികളുടെ നനയും പരിപാലനവുമെല്ലാം സാധിക്കുന്നേടത്തോളം സ്വന്തമായാണ് ചെയ്യുക. ചാണകപ്പൊടി ഉൾപ്പടെയുള്ള ജൈവവളങ്ങളാണ് പത്തുമണിചെടിക്കും ഉപയോഗിക്കുന്നത്. പല ആവർത്തി പൂവിട്ട ചെടികളുടെ തലപ്പ് മുറിച്ചു നീക്കി, പുതുതായി തയ്യാറാക്കിയ മിശ്രിതത്തിലേക്ക് മാറ്റി നട്ടാണ് പത്തുമണിച്ചെടിക്ക് പുതുജീവനും കൂടുതൽ പ്രസരിപ്പും നൽകുക. ടേബിൾ റോസ് പോലെ അഡീനിയത്തിന്റെ വിപുലമായ ശേഖരവും ഉണ്ട് ഈ വീട്ടമ്മയ്ക്ക്.

Phone: 9946808869

English Summary- Table Rose Collection of Housewife; Kerala Home Garden

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com