ചെലവുകുറച്ച് വീട്ടിലൊരുക്കാം ലാൻഡ്സ്കേപ്പ്

Mail This Article
ഏറ്റവും കുറഞ്ഞ സ്ഥലത്ത്, കുറഞ്ഞ ബജറ്റിൽ വീടു പണിയുമ്പോഴും കൃത്യമായി പ്ലാൻ ചെയ്താൽ അനുയോജ്യമായ പൂന്തോട്ടം തന്നെ ക്രമീകരിക്കാൻ സാധിക്കും. കൂടുതൽ തുക െചലവഴിക്കാതെ ചെലവു കുറഞ്ഞ രീതിയിൽ ലാൻഡ്സ്േകപ്പ് ഒരുക്കാം.
വീട്ടുമുറ്റത്ത് വളരുന്ന ചെറിയ മരങ്ങൾ, ചെടികൾ എന്നിവ നശിപ്പിക്കാതെ ഗാർഡന്റെ ഭാഗമാക്കി മാറ്റാം. പാറക്കെട്ടുകളെയും ഇതുപോലെ ലാൻഡ്സ്കേപ്പിന്റെ ഭാഗമാക്കാം. പാറകൾക്കു പായൽ പിടിക്കാതെ പെയിന്റ് അടിച്ച് മനോഹരമാക്കുകയും ചെയ്യാം.
ഗാർഡനിൽ വിദേശ ചെടികൾക്കൊപ്പം ബൊഗെയ്ൻവില്ല, ചെമ്പരത്തി, െചത്തി എന്നിങ്ങനെ പ്രാദേശികമായി ധാരാളം ലഭിക്കുന്ന ചെടികളും നട്ടുപിടിപ്പിക്കാം. പല നിറങ്ങളിലും വൈവിധ്യങ്ങളിലും ലഭിക്കുന്ന ഈ ചെടികൾക്കു താരതമ്യേന ചെലവു കുറവാണ്. മാത്രമല്ല, ഏറെനാൾ നിലനിൽക്കുന്ന ഇത്തരം നാടൻ ചെടികൾ അധികം ഉയരത്തിലല്ലാതെ വെട്ടി നിർത്തിയാൽ പൂന്തോട്ടത്തിന് അതിരായി വളർത്തുകയും ചെയ്യാം.
ചെലവു കുറയ്ക്കാനായി വിലകൂടിയ പെബിൾസും ഒഴിവാക്കി പടർന്ന് വളരുന്ന പുല്ലുകൾ മുറ്റത്തു വിരിക്കുന്നതു നല്ലതാണ്. ചെലവു കുറയ്ക്കുന്നതിനൊപ്പം തന്നെ മഴവെള്ളം ഭൂമിയിൽ താഴുന്നതിനും വേനൽക്കാലത്തെ ചൂടു കുറയ്ക്കാനും ഇതു സഹായിക്കും. നാട്ടിൻപുറങ്ങളിൽ കണ്ടു വരുന്ന കറുകപ്പുല്ല് മുറ്റത്തു നട്ടുവളർത്താൻ ഉചിതമാണ്. അധികം പരിചരണം ഇവയ്ക്കു വേണ്ട. വൻ വില കൊടുത്ത് പുറത്തു നിന്നുള്ള ചെടികൾ വാങ്ങുന്നതിനു പകരം പ്രാദേശികമായ ചെടികൾ തിരഞ്ഞെടുത്താൽ തന്നെ ലാൻഡ്സ്കേപ്പിങ്ങിനു വേണ്ടിവരുന്ന ചെലവ് കൈപ്പിടിയിൽ ഒതുങ്ങും.
ബുദ്ധിപൂർവം ലാൻഡ്സ്കേപ്പിങ് ചെയ്യുന്നതിലൂടെ നമ്മുടെ വീടിന്റെ എക്സ്റ്റീരിയർ മനോഹരമാക്കുക മാത്രമല്ല ചെയ്യുന്നത്, മറിച്ച് പ്രകൃതിയോടു ചേർന്നു കിടക്കുന്ന ഒരു ആവാസവ്യവസ്ഥ നിർമിക്കൽ കൂടിയാണ് അത്. വീണ്ടും നമുക്കു വീട്ടിലെ തോട്ടത്തിലേക്കു വണ്ടുകളെയും പൂമ്പാറ്റകളെയും കിളികളെയും സ്വാഗതം ചെയ്യാം. വരണ്ട ലോകത്തിന്റെ ദാഹങ്ങളിൽ നിന്ന് ആര്‍ദ്രമായ ഭൂമിയുടെ പച്ചപ്പിലേക്കുള്ള ഒരു കാൽവയ്പ് ആവാൻ ലാൻഡ്സ്കേപ്പിങ് സങ്കേതങ്ങൾക്കു കഴിയും.
English Summary- Cost Effective Landscaping- Things to know