Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉറപ്പ്, ഇത് നിങ്ങളുടെ ജീവിതം മാറ്റിമറിക്കും!

Hard choice. Thoughtful young woman in dress looking at the sketch on the wall while sitting on the floor with clothes and shoes laying around her കബോര്‍ഡുകൾ അടുക്കിവയ്ക്കുന്നതും ഒരു കലയാണ്. വസ്ത്രങ്ങൾ അടുക്കുമ്പോൾ ഭാര്യയുടെ, ഭർത്താവിന്റെ, കുട്ടികളുടെ എന്നിങ്ങനെ തരംതിരിച്ച് വയ്ക്കുക. കാഷ്വൽവെയറിനും പാർട്ടിവെയറിനും പ്രത്യേകം സ്ഥാനം നൽകുക.

ഒാഫീസിലേക്ക് കയ്യിൽ കിട്ടുന്നതണിഞ്ഞ് പോകുന്ന ആളാണോ നിങ്ങൾ? കുഴപ്പം നിങ്ങളുടേതല്ല, നിങ്ങളുടെ വാഡ്രോബിന്റേതാണ്. അടുക്കും ചിട്ടയുമുളള ഒരു വാഡ്രോബ്, ജീവിതംതന്നെ മാറ്റിമറിക്കുമെന്നതിന് അനുഭവങ്ങൾ തെളിവ്. എത്ര അടുക്കിയാലും വീണ്ടും പഴയപടി എന്ന പരാതി ഇനി വേണ്ട. ബെഡ്‍റൂമുകളുടെ അവിഭാജ്യ ഘടകമായ വാഡ്രോബുകൾ ഇന്ന് സൗകര്യം കൊണ്ടും ഭംഗികൊണ്ടും ആരെയും അദ്ഭുതപ്പെടുത്തും.

വസ്ത്രങ്ങൾ, അടിവസ്ത്രങ്ങൾ, ചെരിപ്പ് എന്നു വേണ്ട ബാഗ് മുതൽ കമ്മൽ വരെ ന്യൂജെൻ വാഡ്രോബിൽ ഇരിപ്പിടം നേടിക്കഴിഞ്ഞു. ബെഡ്‍റൂമിനും ടോയ്‍ലറ്റിനും ഇടയിൽ ‍ഡ്രസിങ് ഏരിയ നൽകി അവിടെ വാഡ്രോബുകൾ കൊടുക്കുന്നതാണ് നല്ലത്. കാരണം, തുണികൾ വലിച്ചുവാരി കട്ടിലിൽ ഇടാതിരിക്കാനും അധികം വലുപ്പമില്ലാത്ത കിടപ്പുമുറികളിൽ സ്ഥലം ലാഭിക്കാനും ഇതുപകരിക്കും. ഡ്രസിങ് ഏരിയയ്ക്ക് സ്ലൈഡിങ് ഡോറുകൾ കൊടുക്കുന്നതാണ് നല്ലത്.

35 ചതുരശ്രയടി വിസ്തീർണമുണ്ടെങ്കിൽ ആറ് കതകുകളുളള വാഡ്രോബ് തയാറാക്കാം. ഷട്ടറുകൾ തുറക്കാൻ ഒന്നരയടി ദൂരം വിടണം. ഏറ്റവും കുറഞ്ഞ ചെലവിൽ വാഡ്രോബ് പണിയാൻ നല്ലത് ഫെറോസിമന്റ് ആണ്. ഇതിൽ അലുമിനിയം ഷട്ടറുകള്‍ നൽകാം. എംഡിഎഫ്, എച്ച്ഡിഎഫ്, പ്ലൈ എന്നിവയാണ് വാ‍ഡ്രോബ് പണിയാൻ ഏറ്റവുമധികം ഉപയോഗിക്കുന്നത്. ഫ്രോസ്റ്റഡ് ഗ്ലാസ്, അക്രിലിക് എന്നിവകൊണ്ടുളള സ്ലൈഡിങ് ഡോറുകളും ട്രെൻഡ് ആണ്. വിജാഗിരിയുടെയും ഹാർഡ്‍വെയറിന്റെയും ഗുണനിലവാരം ശ്രദ്ധിക്കണം അല്ലെങ്കിൽ പെട്ടെന്ന് കേടാകാം.

വലിയ തട്ടുകള്‍ നൽകുന്നതിനു പകരം ചെറിയ ‍ഡ്രോയറുകളാണ് സൗകര്യപ്രദം. വലുപ്പവും ആഴവും ഉളള തട്ടുകൾ ഉപയോഗിക്കുമ്പോൾ വസ്ത്രങ്ങൾ പിന്നിലേക്കു മറിഞ്ഞ് കണ്ണിൽപെടാതെ കിടന്നുപോകാം. ഒരു ഹാങ്ങറിന്റെ അളവിൽ മാത്രം വീതിയുണ്ടായാൽ മതി തട്ടുകള്‍ക്ക്. ഉപയോഗിക്കുന്നവരുടെ ജീവിതരീതിയനുസരിച്ച ് ഇതിൽ മാറ്റങ്ങളാകാം.

x-default

വാഡ്രോബിൽ സാരി, പാന്റ്സ്, ടൈ, ടവൽ എന്നിവയൊക്കെ സൂക്ഷിക്കാൻ പ്രത്യേകം ഫിറ്റിങ്ങ്സുകൾ ലഭ്യമാണ്. അതുകൊണ്ട് അടുക്കിവച്ചിരിക്കുന്ന വസ്ത്രങ്ങളിലൊന്ന് വലിച്ചെടുക്കുമ്പോള്‍ അവയെല്ലാം കൂടി ചീട്ടുകൊട്ടാരം പോലെ തകിടം മറിയുന്ന അവസ്ഥയോടു ഗുഡ് ബൈ പറയാം. സാരി/ഷർട്ട് ഹോള്‍ഡർ പുറത്തേക്കു വലിച്ചെറിഞ്ഞ് ആവശ്യമുളള വസ്ത്രം മാത്രം എടുക്കാം. ചെരിപ്പ് കൈകൊണ്ട് എടുക്കുകപോലും വേണ്ട. കാലുകൊണ്ട് തട്ടിയാൽ ചെരിപ്പ് സൂക്ഷിച്ചിരിക്കുന്ന വലിപ്പുകൾ തുറന്നുവരും.

സൗന്ദര്യവർധക വസ്തുക്കളും ആഭരണങ്ങളും സൂക്ഷിക്കാൻ ചെറിയ അറകളുളള ‍ഡ്രോയർ പണിയിക്കാം. ഒാരോരോ വിഭാഗങ്ങളായി ഒരോ അറകളിൽ ക്രമീകരിച്ചാൽ കണ്ടുപിടിക്കാൻ എളുപ്പമായിരിക്കും.

wardrobe

ഒരിക്കൽ ഉപയോഗിച്ചതിനുശേഷം വീണ്ടും ഉപയോഗിക്കാനുളള വസ്ത്രങ്ങള്‍ തൂക്കിയിടാനുളള സൗകര്യം വാഡ്രോ‍ബിൽ നൽകണം. ഇതിനുപയോഗിക്കുന്ന കളളിയുടെ ഷട്ടറുകൾക്ക് ലൂവർ ഡിസൈൻ നൽകിയാൽ വായുസഞ്ചാരം ലഭിക്കുന്നതുകൊണ്ട് ദുർഗന്ധം ഉണ്ടാവുകയില്ല. മുഷിഞ്ഞ തുണികള്‍ സൂക്ഷിക്കാൻ ചക്രമുളള വലിച്ചുകൊണ്ടു പോകാൻ സാധിക്കുന്ന സ്റ്റീൽ, പ്ലാസ്റ്റിക് ബാസ്കറ്റുകൾ നൽകിയാൽ വാഷിങ്മെഷീന്റെ അടുത്തേക്ക് അവ വാരിക്കൊണ്ടുപോകുന്നത് ഒഴിവാക്കാം.

ചെരിപ്പുകൾ സൂക്ഷിക്കുന്ന ഡ്രോയറിന്റെ ഷട്ടറിന്റെ  ലൂവർ ഡിസൈനോ സുഷിരങ്ങളുളള ഡിസൈനോ നൽകാം.

ഉപയോഗിക്കുന്ന ആളുകളുടെ രീതിയനുസരിച്ചുവേണം വാഡ്രോബിന്റെ ഡിസൈൻ. ചിലർ ദിവസവും തേച്ചുമടക്കി വയ്ക്കുന്നവരാകാം, ചിലർ ആഴ്ചയിലൊരിക്കൽ തേച്ചുമടക്കി വയ്ക്കുന്നവരാകാം. അതുപോലെ, ഏതുതരം വസ്ത്രം ഇഷ്ടപ്പെടുന്നവരാണെന്നതും സൗന്ദര്യവർധകവസ്തുക്കളുടെയും ആഭരണങ്ങളുടെയുമെല്ലാം ഉപയോഗരീതിയും വാഡ്രോബ് ഡിസൈനെ സ്വാധീനിക്കേണ്ടതാണ്.

wardrobe-design-ideas-2-620x465

കബോര്‍ഡുകൾ അടുക്കിവയ്ക്കുന്നതും ഒരു കലയാണ്. വസ്ത്രങ്ങൾ അടുക്കുമ്പോൾ ഭാര്യയുടെ, ഭർത്താവിന്റെ, കുട്ടികളുടെ എന്നിങ്ങനെ തരംതിരിച്ച് വയ്ക്കുക. കാഷ്വൽവെയറിനും പാർട്ടിവെയറിനും പ്രത്യേകം സ്ഥാനം നൽകുക.

കണ്ടെടുക്കാൻ വിഷമമുളളവയാണ് ടൈ, സോക്സ്, സ്റ്റോളുകൾ എന്നിവ. സ്റ്റോളുകളും ടൈയും വാഡ്രോബിലെ റോഡിൽ ക്ലിപ് ചെയ്തിടാം സോക്സുകൾ ഒന്നിനുളളില്‍ ഒന്ന് തിരുകിവച്ചാൽ ജോടി മാറിപ്പോകില്ല.

കുട്ടികളുടെ വസ്ത്രങ്ങള്‍ രണ്ടാഴ്ച കൂടുമ്പോൾ സ്ഥാനം മാറ്റി അടുക്കണം. പെട്ടെന്നു കണ്ണിൽപ്പെടുന്ന ഒന്നോ രണ്ടോ ഉടുപ്പുകൾ വലിച്ചെടുത്ത് വീണ്ടും വീണ്ടും ഉപയോഗിക്കുന്നത് കുട്ടികളുടെ ശീലമാണ്. കുട്ടികളുടെ വാഡ്രോബിന്റെ ഒരു ഭാഗം കളിപ്പാട്ടങ്ങൾ സൂക്ഷിക്കാൻ നീക്കിവയ്ക്കാം. 

വലിയ വാഡ്രോബുകളിൽ ആറടി ഉയരം വരെ മാത്രം വസ്ത്രങ്ങൾ സൂക്ഷിക്കുക. അതിനു മുകളിലേക്കുളള സ്ഥലം കർട്ടനുകള്‍, തലയിണകള്‍, സ്വെറ്ററുകൾ, സ്യൂട്ട്കേസുകൾ, ട്രാവൽ ബാഗുകള്‍‍ തുടങ്ങി ഏപ്പോഴും ആവശ്യമില്ലാത്തവ സൂക്ഷിക്കാൻ ഉപയോഗിക്കാം. 

wardrobe-2

അടിവസ്ത്രങ്ങൾ, ടവൽ, സോക്സ് മുതലായവ സൂക്ഷിക്കാന്‍ ചൂരൽ ബാസ്കറ്റുകളെ കൂട്ടുപിടിക്കാം. ഒാരോന്നിനും ഒാരോ ബാസ്കറ്റ് നൽകാം. ചൂരൽ ബാസ്കറ്റിനു പകരം കുറഞ്ഞ ചെലവിൽ പ്ലാസ്റ്റിക് ട്രേകളും ഉപയോഗിക്കാം.

വോക്ക് ഇൻ വാഡ്രോബുകൾ

x-default

വോക്ക് ഇൻ വാഡ്രോബുകൾ കൂടുതൽ സൗകര്യപ്രദമാണ്. കാൽപാദംവരെ കാണാൻ സാധിക്കുന്ന കണ്ണാടി  വാഡ്രോബിന്റെ വാതിലിൽ നൽകാം. നിഴൽ പതിക്കാത്ത എൽ ഇ ഡി ഫ്ലൂറസന്റ് ലൈറ്റുകൾ നൽകാൻ ശ്രദ്ധിക്കുക. സൗകര്യമനുസരിച്ച് ഇരുന്നോ നിന്നോ മേക്കപ്പ് ചെയ്യാൻ സ്ഥലം ഒരുക്കണം. മുഖത്തേക്കു നേരിട്ട് വെളിച്ചം വീഴും വിധമായിരിക്കണം ഇവിടത്തെ ലൈറ്റിങ് ക്രമീകരിക്കേണ്ടത്. വെളിച്ചം കണ്ണാടിയുടെ എതിർവശത്തുനിന്ന് ആയാൽ മുഖത്തേക്ക് കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം പതിച്ച് കാഴ്ചയ്ക്ക് തടസ്സമുണ്ടാകും. 

വാഡ്രോബിന്റെ വാതിലിന്റെ ഉൾവശവും ഉപയോഗപ്രദമാക്കാം. ബെൽറ്റ്, ബാഗുകള്‍, ടൈ, കുട എന്നിവ ഇവിടെ സൂക്ഷിക്കാം.

സ്വർണം, പണം തുടങ്ങിയ വിലപിടിപ്പുളള സാധനങ്ങൾ സൂക്ഷിക്കാൻ ഒരു തട്ട് നൽകണം. പെട്ടെന്ന് കണ്ണിൽപെടാത്ത രീതിയിലായിരിക്കണം ഇതിന്റെ ഡിസൈൻ. ഇതിന് ഉറപ്പുളള പൂട്ടുമുണ്ടായിരിക്കണം. നമ്പർ ലോക്കുളള റെഡിമെയ്ഡ് ലോക്കറുകൾ വാങ്ങി വാഡ്രോബിനുളളിൽ സുരക്ഷിതമാക്കിവയ്ക്കുകയും ചെയ്യാം.

വാഡ്രോബിന് ബലമുളള പിടികൾ നൽകാൻ ശ്രദ്ധിക്കണം. പതിയെ തൊട്ടാൽ അടയുന്ന സോഫ്റ്റ് ക്ലോസിങ് ഡോറുകളും നൽകാം. അൽപം ചെലവു കൂടിയാലും ഗുണമേന്മയുളള വസ്തുക്കൾകൊണ്ടുളള നല്ല വാഡ്രോബ് സ്വന്തമാക്കുക.

Read more on Wardrobe Designs Interior Design Home Decor Trends