മരം വിരിയട്ടെ വീട്ടിനുള്ളിൽ

wood-house-1
SHARE

വീടിന്റെ ഉമ്മറത്ത് ചാരുകസേരയിട്ടിരിക്കുന്ന കാരണവരുടെ ഗമ അന്നും ഇന്നും തടിക്ക് തന്നെയാണ്. വീട്ടകങ്ങളില്‍ ക്രിസ്റ്റൽ അലങ്കാരങ്ങളും മെറ്റാലിക് വസ്തുക്കളുമൊക്കെ നിരന്നിരുന്നാലും തടി കൊണ്ടുള്ള നിർമിതികളുടെ ആഢ്യത്വം ഒന്നു വേറെ തന്നെ.

wood-house-7

മുൻപ് ഇന്റീരിയർ ഉരുപ്പടികളിൽ മാത്രമാണ് തടി ഉപയോഗിച്ചിരിക്കുന്നതെങ്കിൽ ഇന്നങ്ങനെയല്ല. ഫ്ലോറിങ്ങിലും ഇപ്പോൾ തടിയാണ് തലയുയർത്തി നിൽക്കുന്നത്. വീടിനെ തൊട്ടറിയുമ്പോൾ നേർത്തൊരു തണുപ്പ് ഉള്ളംകാലിലെത്തുന്നത് ആരെയാണ് മോഹിപ്പിക്കാത്തത്? പല തരത്തിൽ പല വിലയിൽ തടി ലഭ്യമാണ്. പക്ഷേ, യോജിച്ചവ തിരഞ്ഞെടുക്കണമെന്നു മാത്രം. കാലാവസ്ഥയും വീട്ടുകാരുടെ ജീവിതരീതിയുമൊക്കെ കണക്കിലെടുത്തു വേണം തടിമോഹവുമായി മുന്നോട്ടു പോകാൻ.

നാച്ചുറലും ആർട്ടിഫിഷലും

wood-house-formal-living

∙ തറയിൽ തടി വിരിക്കുന്നത് വെറുതേ ഭംഗിക്കു വേണ്ടി മാത്രമല്ല വീട്ടുകാരുടെ ആരോഗ്യത്തിനു കൂടിയാണ്. അധികനേരം സമയം ചെലവിടുന്ന വീട്ടിടങ്ങളിൽ തടി ഫ്ലോറിങ് വിരിക്കാം. കാലിൽ തണുപ്പ് കയറുന്നതു മൂലം ആരോഗ്യ പ്രശ്നങ്ങൾ പിന്നെ, ബുദ്ധിമുട്ടിക്കുകയേയില്ല.

∙ തടി ഫ്ലോറിങ് രണ്ടു തരത്തിലാണ്. നാച്ചുറലും ആർട്ടിഫിഷലും. നാച്ചുറല്‍ ഫ്ലോറിങ്ങില്‍ തന്നെ സോളിഡ് വുഡും എൻജിനീയർഡ് വുഡും ഉപയോഗിക്കുന്നുണ്ട്.

∙ സോളിഡ് വുഡ് എന്നാൽ യഥാർഥ തടി തന്നെ മുറിച്ച് കനം കുറഞ്ഞ പലകകളാക്കി എടുക്കുന്നതാണ്. 15 മുതൽ 25 മില്ലിമീറ്റർ കനമുള്ള തടി പലകകൾ ഇന്റർലോക്ക് ചെയ്ത് ഒട്ടിക്കുകയാണ് ചെയ്യുന്നത്. തടിയുടെ ഗുണനിലവാരമനുസരിച്ച് പോളിഷിങ് ചെലവും പണിക്കൂലിയും ഉൾപ്പെടെ ചതുരശ്ര അടിക്ക് 500 രൂപയ്ക്ക് മുകളിൽ വില വരും.

∙ പരുക്കനിട്ട് തറ ലെവലാക്കി ടങ് ആൻഡ് ഗ്രൂവ് ചെയ്ത് തടി പലകകൾ ഒട്ടിച്ചെടുക്കുകയാണ് ചെയ്യുന്നത്. വെള്ളം വീണാലും പ്രശ്നമില്ലാത്ത, ദീർഘനാൾ നിൽക്കുന്ന പശ വേണം ഇതിനായി തിരഞ്ഞെടുക്കാൻ. ഈ പലകകൾ കൊണ്ടു തന്നെ സ്കർട്ടിങ്ങും ചെയ്യാം. പിന്നീട് പോളിഷ് ചെയ്യണം. വുഡൻ ഫ്ലോറിങ്ങിനായുള്ള പ്രത്യേക പോളിഷ് തന്നെ ഉപയോഗിക്കണം.

∙ എൻജിനീയർഡ് വുഡ് നാച്ചുറൽ വുഡ് തന്നെയാണ്. പക്ഷേ, പല തരത്തിൽ ഉള്ള തടി ഒന്നിനു മീതെ ഒന്നായി അടുക്കി കംപ്രസ് ചെയ്തെടുത്താണ് എൻജിനീയർഡ് വുഡ് നിർമിക്കുന്നത്. ഏറ്റവും മുകളിലുള്ള, കാഴ്ച എത്തുന്ന മുകൾഭാഗത്തെ മൂന്ന് എംഎം കനത്തിലുള്ളത് മാത്രമായിരിക്കും നല്ല തടി. ബാക്കി വില കുറഞ്ഞ തടികളായിരിക്കും. സോളിഡ് വുഡിനു പകരം എൻജിനീയർഡ് വുഡ് ഉപയോഗിച്ചാൽ 40 ശതമാനം ചെലവ് കുറയ്ക്കാനാകും.

∙ എം.ഡി.എഫ്, എച്ച്.ഡി.എഫ് എന്നിവയിൽ തീർത്തതാണ് ആർട്ടിഫിഷ്യൽ വുഡ് ഫ്ലോർ. തടിയുടെ അപരന്മാരാണിവർ. കാഴ്ചയിൽ തടി പോലെയിരിക്കുന്ന ഇവ നാച്ചുറൽ ഫൈബർ നിർമിതമാണ്. പരുക്കനിട്ട തറയുടെ മുകളിൽ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് ഒരു സ്പോഞ്ച് ഫോം വച്ചശേഷം തടി പാനലുകൾ ഇന്റർലോക് ചെയ്തെടുക്കുകയാണ് ചെയ്യുന്നത്. ഈർപ്പം വരാതിരിക്കാനാണ് പ്ലാസ്റ്റിക് വിരിക്കുന്നത്.

ഫ്ലോറിങ്ങിൽ അറിയാൻ

wood

∙ കാലാവസ്ഥ വ്യതിയാനങ്ങൾക്ക് അനുസരിച്ച് അധികം ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്ന തടി, ഫ്ലോറിങ്ങിന് യോജിക്കില്ല. നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യം തേക്കാണ്. അതല്ലെങ്കിൽ വിപണിയിൽ എത്തുന്ന മികച്ച ഇംപോർട്ടഡ് മരത്തടികൾ ഉപയോഗിക്കാം.

∙ മൂപ്പെത്തിയ തെങ്ങ്, പന എന്നിവയും ഫ്ലോറിങ്ങിന് നല്ലതാണ്. പക്ഷേ, വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്ന സ്വഭാവം കൂടുതലുള്ള മഹാഗണി പോലുള്ള തടികൾ യോജിക്കില്ല.

∙ ഫ്ലോറിങ്ങിനായി സീസൺഡ് വുഡ് വേണം തിരഞ്ഞടുക്കാൻ. ജലാംശം തെല്ലുമില്ലാത്ത തടി വേണമെന്നു ചുരുക്കം.

∙ കാലാവസ്ഥ വ്യതിയാനങ്ങൾക്കനുസരിച്ച് തടിക്ക് വരുന്ന വ്യത്യാസങ്ങൾ കണക്കിലെടുത്ത് തറ ഭിത്തിയോടു ചേരുന്ന ഭാഗത്ത് അൽപം ഗ്യാപ് ഇടണം. ഈ ഗ്യാപ് നൽകിയില്ലെങ്കിൽ തടി വികസിക്കുമ്പോൾ ഭിത്തികൾ ഇവയെ ഞെരുക്കും. അപ്പോൾ തടി ഉയർന്നു വരും.

∙ ആര്‍ട്ടിഫിഷൽ വുഡ് ഫ്ലോറിങ് പശ തേച്ച് ഒട്ടിക്കുന്നില്ല. അതുകൊണ്ടുതന്നെ പിന്നീട് മാറ്റണമെന്നു തോന്നിയാലും എളുപ്പത്തിൽ മാറ്റി പുത്തൻ ഫ്ലോർ പരീക്ഷണങ്ങൾ നടത്താം.

∙ ഇപ്പോഴുള്ള തറ വുഡൻ ഫ്ലോറാക്കി മാറ്റണമെങ്കിലും വഴിയുണ്ട്. ടൈലോ മറ്റോ വിരിച്ച മിനുസമുള്ള പ്രതലം സാൻഡ് പേപ്പർ ഉപയോഗിച്ച് ഉരച്ച ശേഷം തടി പലകകൾ ഒട്ടിക്കാം. ഓർക്കേണ്ട കാര്യം തറയുടെ പൊക്കം കൂടുന്നതിനനുസൃതമായി വാതിൽ അഴിച്ച് പൊക്കി പിടിപ്പിക്കണം. മറ്റ് മുറിയേക്കാൾ തിട്ട പോലെ പൊങ്ങി നിൽക്കുന്നത് ലെവൽ ചെയ്യണം.

വെള്ളമാണ് വില്ലൻ

fabric-furniture-1

∙ വെള്ളം വീണാൽ, വെള്ളം വലിച്ചെടുത്ത് വുഡ് ഫ്ലോറിങ് മെറ്റീരിയൽ വികസിക്കും. ഇത് തറയുടെ ഭംഗി നഷ്ടപ്പെടുത്തും. വുഡും മോശമാകും. തടി ഫ്ലോറിങ് ചെയ്യുമ്പോൾ അധികം വെള്ളം വീഴാതെ ശ്രദ്ധിക്കണമെന്നതാണ് പ്രധാനകാര്യം.

∙ വെള്ളത്തിൽ മുക്കി നന്നായി പിഴിഞ്ഞെടുത്ത തുണി കൊണ്ട് വേണം തുടയ്ക്കാൻ. എല്ലാ ദിവസവും തുടച്ചു വൃത്തിയാക്കാം. സോപ്പു ലായനി ഉപയോഗിക്കേണ്ടതില്ല.

∙ നേരിട്ട് വെള്ളം വീഴുന്ന, ജലാംശം എപ്പോഴും എത്തുന്ന വരാന്ത, സിറ്റ്ഔട്ട്, കോർട്‌യാർഡിന്റെ വശങ്ങൾ എന്നീ ഭാഗങ്ങളിൽ തടി വിരിക്കുന്നത് അഭികാമ്യമല്ല. എപ്പോഴും മണ്ണു ചവിട്ടിയെത്തുന്ന ഭാഗങ്ങളിലും തടി വിരിക്കേണ്ട. തറയിൽ പോറലും പാടും വീഴാനും തടിയുടെ ഫിനിഷിങ് നഷ്ടപ്പെടാനും കാരണമാകും.

wood-house-4

∙ അഞ്ച് – ആറു വർഷം കൂടുമ്പോൾ നാച്ചുറൽ വുഡൻ ഫ്ലോർ പോളിഷ് ചെയ്ത് ഭംഗി കൂട്ടണം.

∙ ഫ്ലോറിൽ തടി വിരിക്കും മുൻപ് ചിതലിനെ തുരത്താനുള്ള വഴികള്‍ നോക്കണം. ഭിത്തിയിലേക്കും ഫ്ലോർ ഫൗണ്ടേഷനകത്തേക്കും ചിതലിന്റെ ആക്രമണം തടയാനുള്ള പെസ്റ്റിസൈഡ് ഇൻജക്റ്റ് ചെയ്യാം. മുകളിലെ നിലയിലാണെങ്കിൽ സ്പ്രേ ചെയ്താലും മതിയാകും.

∙ നാച്ചുറൽ ഫ്ലോറിനുള്ള മറ്റൊരു മെച്ചം പോറൽ വീണാലോ പാടുകൾ വീണ് തടി അൽപം ഇളകിപ്പോയാലോ ശരിയാക്കിയെടുക്കാം എന്നതാണ്. സാൻഡ് ചെയ്ത് നിരപ്പാക്കി വീണ്ടും പോളിഷ് ചെയ്ത് ഭംഗി നിലനിർത്താം.

പ്ലാനിങ്ങോടെ മുന്നോട്ട്

fabric-furniture-3

∙ മരം വാങ്ങി അറപ്പിച്ചെടുക്കുന്നതാണ് നല്ലത്. കൃത്യമായ പ്ലാനിങ്ങോടെ ചെയ്താൽ തടിപ്പണിക്കായി അധികം ചെലവാകില്ല. വീട്ടുകാരുടെ മേൽനോട്ടത്തിലും വിദഗ്ധരുടെ നിർദേശത്തിലും തടിപ്പണികൾ ചെയ്യാനും ശ്രദ്ധിക്കുക.

∙ തടി ഫ്ലോറിങ്ങിനായി പഴയ വീടു പൊളിച്ചെടുത്ത തടിയും ഉപയോഗിക്കാം. പല നിറത്തിലുള്ളവയായാലും ഇവ കൂട്ടി ചേർത്ത് പുത്തൻ ഡിസൈനുകളാക്കി തറയിൽ നിരത്താം.

∙ ടൈൽ വിരിച്ച ലിവിങ് റൂമിന്റെ ഫോക്കൽ പോയിന്റിൽ മാത്രം തടി പാകാം. പല ഫ്ലോറിങ് മെറ്റീരിയലും തടി പാനലുകളും കൂട്ടിയിണക്കി ‘മിക്സ്ഡ് ഫ്ലോർ’ പരീക്ഷണങ്ങൾ നടത്താം. തടിയുടെ ആഢ്യത്തം കിട്ടുകയും ചെയ്യും. പോക്കറ്റ് കാലിയാകുകയുമില്ല.

∙ തടി കൊണ്ട് വാൾ ക്ലാഡിങ്ങും ഫാൾസ് സീലിങ്ങും തീര്‍ക്കാം. തറയ്ക്ക് നൽകേണ്ട അത്ര കരുതൽ ഇതിനു വേണ്ടി വരില്ല. ഫ്ലോറിൽ ഉപയോഗിക്കുന്നവ തന്നെ സ്റ്റെയർകെയ്സിനായും തിര‍ഞ്ഞെടുക്കാം. മാറ്റ് ഫിനിഷ് ചെയ്താൽ കൂടുതല്‍ ഭംഗിയായിരിക്കും.

∙ മഴക്കാലം ആർത്തുല്ലസിച്ചെത്തുന്ന നമ്മുടെ നാടിന് തടിയഴക് യോജിക്കുമോ എന്ന സംശയം വേണ്ട. അന്തരീക്ഷത്തിൽ ജലാംശം കൂടുതലായിരിക്കുമെങ്കിലും ഈ ജലാംശം തടിക്ക് ദോഷമാകില്ല. വെള്ളം തങ്ങി നിൽക്കരുതെന്നു മാത്രം. ധൈര്യമായി തിരഞ്ഞെടുത്തോളൂ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME DECOR
SHOW MORE
FROM ONMANORAMA