sections
MORE

ഡെക്കപ്പോഷ്- കടലും കാലവും കടന്നെത്തിയ കല

bindu-workshop
SHARE

ഡെക്കപ്പോഷ് (Decoupage) എന്നു കേട്ടു ഞെട്ടേണ്ട. അർഥം ഇത്രയേയുള്ളു: കട്ട് ആൻഡ് പേസ്റ്റ്. വെട്ടിയൊട്ടിക്കുക എന്നു ശുദ്ധമലയാളം. പക്ഷേ, ഇതിൽ ഒളിഞ്ഞിരിക്കുന്നത് 800 വർഷം മുൻപ് ചൈനക്കാർ തുടങ്ങിവച്ച് 300 വർഷം മുൻപ് യൂറോപ്പിലെത്തി ഇപ്പോൾ അവിടെനിന്ന് ഇന്ത്യയിലെത്തിയിരിക്കുന്ന കലയാണ്. കേരളത്തിൽ ഡെക്കപ്പോഷ് പരിശീലകയാണു കോട്ടയം സ്വദേശിനിയും കന്യാകുമാരിയിലെ സാന്തോം ലാറ്റക്സ് ഉടമയുമായ ബിന്ദു ജോയി. ചൈനയിൽനിന്നു പാരീസിൽ കുടിയേറിയ ഈ കലയെക്കുറിച്ചു ഇന്റർനെറ്റിൽ നിന്നറിഞ്ഞു വിദേശത്തുപോയി വൈദഗ്ധ്യം നേടിയാണു ബിന്ദു കേരളത്തിൽ ഈ കല പ്രചരിപ്പിക്കുന്നത്. കഴിഞ്ഞദിവസം തൃശൂരിൽ കുറച്ചുപേരെ പരിശീലിപ്പിച്ചു.

ആയുധം ക്ഷമ

workshop

പാഴാക്കിക്കളയുന്ന വസ്തുക്കളിൽ മഹത്തായ കലയൊരുക്കിവച്ച ഈ കലയുടെ ചൈനീസ് രഹസ്യം പഠിക്കാൻ എളുപ്പമെങ്കിലും പരിശീലിക്കണമെങ്കിൽ നല്ല ക്ഷമ വേണം. ഒരു നല്ല ഡെക്കപ്പോഷ് ആർട് പൂർത്തിയാക്കണമെങ്കിൽ ഏഴു ദിവസം വരെയെടുക്കും. 

ഒന്നും പാഴല്ല

വീട്ടമ്മമാരാണ് ഈ കലയുടെ പ്രചാരകർ. കാരണം അടുക്കളയിൽ നിന്നൊഴിവാക്കുന്ന പാഴ്‌വസ്തുക്കളാണ് ഡെക്കപ്പോഷിന്റെ കാൻവാസ്. കുപ്പി, അച്ചാർബോട്ടിൽ, ഉപയോഗശൂന്യമായ ഫ്രൈ പാൻ, മുട്ടത്തോട്, ഫോൺ കവർ, ബേബി ഫുഡ് ടിൻ, തേപ്പുപെട്ടി, പ്ലേറ്റുകൾ, തുളവീണ കലങ്ങൾ, പഴയ റാന്തൽ വിളക്ക്, ക്ലോക്ക്, മണ്ണെണ്ണ വിളക്ക്, കുട്ടികളുടെ ഷൂസ് ഇവ മുതൽ ചൈനയിൽ നിന്നെത്തിയ ചീനച്ചട്ടി വരെ എന്തും..

ചിത്രം ടിഷ്യു പേപ്പറിൽ

നെറ്റിൽനിന്നു ലഭിക്കുന്ന പ്രത്യേകതരം ആർട് ടിഷ്യു പേപ്പറാണ് ‍ഡെക്കപ്പോഷിന് ഉപയോഗിക്കുന്നത്. മൂന്നു പാളികൾ ചേർത്തുവച്ചതാണ് ഈ നേർത്ത ടിഷ്യു പേപ്പർ. രണ്ടുപാളികൾ ഇളക്കിനീക്കുമ്പോൾ നല്ല ചിത്രങ്ങൾ പ്രിന്റ് ചെയ്തതു കാണാം. 

ചിത്രം മുറിക്കാൻ വെള്ളം

വെള്ളം ഉപയോഗിച്ചാണ് ഈ പേപ്പറിൽനിന്നു ചിത്രം മുറിച്ചെടുക്കേണ്ടത്! ബ്രഷ് വെള്ളം കൊണ്ടു നനച്ചതിനുശേഷം ചിത്രത്തിന്റെ അഗ്രങ്ങൾ നനച്ചുനനച്ചു മുറിച്ചെടുക്കണം. പഴയ പാനോ ചീനച്ചട്ടിയോ പോലുള്ള കുപ്പിയോ കാൻവാസായി തിരഞ്ഞെടുത്ത് അതിൽ അക്രിലിക് പെയിന്റടിച്ച് ഉണക്കുക. പിന്നീട് ഡെക്കപ്പോഷ് ആർട്ടിനു മാത്രമുപയോഗിക്കുന്ന മോഡ്പേജ് എന്നു പേരുള്ള പശ തേയ്ക്കുക. ടിഷ്യു പേപ്പർ ചിത്രങ്ങൾ ഭംഗിയായി ചുളിവുവീഴാതെ ഇതിൽ ഒട്ടിക്കുക അതിനുമുകളിൽ വീണ്ടും സുതാര്യമായ ഈ പശ തേച്ചു സീൽ ചെയ്യുക. 

ആയുസ് മനുഷ്യനോളം

‍ഡെക്കപ്പോഷ് ചിത്രങ്ങൾക്ക് മനുഷ്യനോളം ആയുസുണ്ടാകുമെന്നാണ് അവകാശവാദം. 12–ാം നൂറ്റാണ്ടിൽ ചൈനയിൽ ആരംഭിച്ചകാലത്ത് ചിത്രങ്ങൾ ചിലപ്പോൾ ഒറിജിനൽ പൂക്കളും മറ്റുമായിരിക്കുമെന്നാണു കരുതുന്നത്. ഇപ്പോൾ ഇന്റർനെറ്റിൽ ലഭിക്കുന്ന ടിഷ്യുപേപ്പറിലെ ചിത്രങ്ങളിൽ പൂക്കളും ചെടികളും ശലഭങ്ങളും മറ്റുമാണു കൂടുതൽ.

ബിന്ദുവിന്റെ യാത്രകൾ

ഡെക്കപ്പോഷ് പരിചയപ്പെടുത്താനായി കേരളമൊട്ടാകെ ഏകദിന പരിശീലന പരിപാടി നടത്തുകയാണു ബിന്ദു ജോയി. തിരുവനന്തപുരം, കൊച്ചി, തൃശൂർ എന്നിവിടങ്ങളിലായി അഞ്ചു ക്ലാസുകൾ കഴിഞ്ഞു. ഇനി ഈ 11നു കോഴിക്കോട് താജ് വിവാന്തയിലാണു ക്ലാസ് . ബിന്ദുവിന്റെ ഫോൺ: 9539395354.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME DECOR
SHOW MORE
FROM ONMANORAMA