ചെലവു ചുരുക്കി വീട് ഒരുക്കാം! ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

traditional-house-kannur
SHARE

ഇന്റീരിയർ ഡിസൈനിങ് എന്നു കേൾക്കുമ്പോൾ‌തന്നെ പലരും പറയും– ‘അതൊക്കെ വീടുപണിക്കു ശേഷമല്ലേ, ആദ്യം സ്ട്രക്ചറലും മറ്റു കാര്യങ്ങളുമൊക്കെ തീരുമാനമാകട്ടെ... കയ്യിൽ വല്ലതും മിച്ചമുണ്ടെങ്കിൽ പിന്നെ നോക്കാം’. മിക്കവാറും, വീടുപണി തീരുമ്പോഴേക്കും മിച്ചമുള്ളതു കടം മാത്രമാകും. പിന്നെ 3 കട്ടിൽ, ഒരു സോഫാ സെറ്റ്, ഡൈനിങ് സെറ്റ്, കുറച്ചു കർട്ടൻ, ലൈറ്റുകൾ... മിക്കവരുടെയും ‘ഇന്റീരിയർ ഡിസൈൻ’ ജോലി അവിടെ തീരും. 

വീട് അലങ്കരിച്ച് അലങ്കോലമാക്കുകയല്ല, ചേരേണ്ടതു ചേരേണ്ട സ്ഥാനത്ത് ചേർക്കേണ്ടതുപോലെ ചേർക്കുകയാണ് മികച്ചൊരു ഇന്റീരിയർ ഡിസൈനർ ചെയ്യുന്നത്. 

വീടുകൾ മാത്രമല്ല, ഷോപ്പിങ് മാളുകൾ, കൺവൻഷൻ സെന്ററുകൾ, വൻകിട ഹോട്ടലുകൾ, ഓഫിസുകൾ, വിമാനത്താവളങ്ങൾ തുടങ്ങിയവയെല്ലാം ഭംഗിയാക്കുന്നതിൽ ഇന്റീരിയർ ഡിസൈനർമാർക്ക് നല്ല റോളുണ്ട്. ഒരു വീട്ടിലേക്കു കയറുമ്പോൾതന്നെ ‘ഹാ, സംഗതി ഉഷാറായി, ഫർണിച്ചർ എല്ലാം കൃത്യം സ്ഥലത്ത്, ആവശ്യത്തിനു കാറ്റും വെളിച്ചവും...’ എന്നൊക്കെ തോന്നുന്നത് അതിന്റെ ഇന്റീരിയർ മികവുകൊണ്ടുകൂടിയാണ്. 

green-interior-2

ആദ്യഘട്ട പ്ലാൻതന്നെ ഇന്റീരിയർ ഡിസൈൻകൂടി മനസ്സിൽക്കണ്ട് ഒരുക്കേണ്ടതാണ്. അതൊരു ആഡംബരമാവില്ല. ആർക്കിടെക്ചർ പ്ലാൻ ഒരുക്കുമ്പോൾതന്നെ ഇന്റീരിയർ ഡിസൈൻ കാര്യങ്ങളും പ്ലാൻ ചെയ്യാം. ബജറ്റിൽ ഇന്റീരിയർ ഡിസൈനിങ്ങിനും ഇടംകൊടുത്താൽ അതനുസരിച്ചാകാം നിർമാണജോലിയും.

ഇന്റീരിയർ ഡിസൈനിങ്ങിലെ ട്രെൻഡുകളും പുതിയ നിർമാണരീതികളും മറ്റും അറിയുന്നവരാകും വിദഗ്ധരായ ഇന്റീരിയർ ഡിസൈനർമാർ. ഇത്തരം കാര്യങ്ങളിൽ ആർക്കിടെക്റ്റുമാരെ ഇവർ സഹായിക്കുന്നു. 

ശ്രദ്ധിക്കാൻ, കുറച്ചുകാര്യങ്ങൾ 

house-renovation

ഭിത്തിയിലെന്തെല്ലാം വേണം, സോഫ്റ്റ് ഫർണിഷിങ് സാമഗ്രികൾ (ഇന്റീരിയറിലെ കർട്ടൻ, വിവിധ കവറുകൾ, വിരിപ്പ് ഉൾപ്പെടെയുള്ളവ), കളർസ്കീം തുടങ്ങിയവ നിർമാണശേഷം വരുന്ന കാര്യങ്ങളാണെങ്കിലും വാതിൽ, ജനൽ എന്നിവയുടെ സ്ഥാനങ്ങൾ ആദ്യ പ്ലാനിൽ വരേണ്ടതാണല്ലൊ. വീട്ടുടമസ്ഥരുടെ പ്രഫഷൻ, വീട്ടിൽ എത്രപേർ താമസിക്കുന്നു, അതിൽ കുട്ടികളും വയോധികരുമുണ്ടോ, സ്വകാര്യത, സ്ഥലം, വീട്ടുകാരുടെ സാമൂഹിക പശ്ചാത്തലം, വിശ്വാസങ്ങൾ തുടങ്ങിയ കാര്യങ്ങൾ ഇന്റീരിയർ ഡിസൈൻ ചെയ്യുന്ന സമയത്തു ശ്രദ്ധിക്കുന്ന കാര്യങ്ങളാണ്.

ഫർണിച്ചർ കൃത്യമായ സ്ഥലത്തല്ല ഇട്ടിരിക്കുന്നതെങ്കിൽ ആകെ കുളമാകാം. വീട്ടിൽ ഫർണിച്ചർ ലേഔട്ടിന് തടസ്സമുണ്ടാവരുത്. ഉദാഹരണത്തിന്, പ്രധാന വാതിലും ഡൈനിങ് ഏരിയയിലേക്കുള്ള വഴിയും തമ്മിൽ അത്ര ‘രസത്തിലല്ലെങ്കിൽ’ അതിലെയുള്ള സഞ്ചാരവും പ്രശ്നമാകും. മിക്കവാറും ആ സ്ഥലം ഉപകാരപ്പെടാതെപോകും. സ്ഥലമുണ്ടെങ്കിൽ അവിടെ ഒരു ഫോയർ നൽകി പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരം കാണാം. പ്ലാനിൽതന്നെ ചർച്ച ചെയ്താവാം തീരുമാനം. സർക്കുലേഷൻ സ്പേസ് കുറച്ച് ഓപ്പൺ ഏരിയയ്ക്ക് പ്രാധാന്യം നൽകുന്നതാണ് ട്രെൻഡ്. 

green-interior-5

 ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് ശുചിമുറി. അതിനായി നിശ്ചയിച്ച സ്ഥലത്ത് ഒരു വാഷ്ബേസിൻ, ക്ലോസറ്റ്, ടാപ്പ്, ഷവർ എന്നിവ വച്ചു നിറച്ചാൽ മതിയോ? പരമാവധി സ്ഥലം ഉപയോഗയോഗ്യമാക്കുക എന്നതാണു പ്രധാനം. 3 ഭാഗമായി തിരിച്ച്, ഒരു ഭാഗത്ത് ക്ലോസറ്റ്, നടുവിൽ വാഷ്ബേസിൻ, മറുഭാഗത്ത് കുളിക്കാനുള്ള സ്ഥലം എന്നിങ്ങനെയൊരുക്കാം. ഇതു ചില്ലിട്ടു വേർതിരിച്ചാൽ, കുളിമുറിയുടെ തറയിൽ എപ്പോഴും നനവ് എന്ന പരാതിയും ഒഴിവാക്കാം.

ആശയങ്ങളിൽ അൽപം വെള്ളംതളിച്ച് ഉഷാറാക്കിയാൽ ചെറിയ സ്ഥലത്തെ ബാത്ത്റൂമിൽ ഒരു സെമി ഡ്രെസിങ് റൂം പോലും ഒരുക്കാം. ചെലവ് അധികം കൂട്ടാതെതന്നെയാവാം ഇത്. ഇടത്തരം വീടുകളിൽപോലും ബാത്ത്റൂമിനോടു ചേർന്ന് കോർട്ട്‌യാർ‍ഡ് ഒരുക്കുന്ന ട്രെൻ‍ഡുമുണ്ട്. ഡ്രൈ ഏരിയയിൽ സ്റ്റോറേജ് സ്പേസ് ഒരുക്കിയാൽ ബാത്ത്റൂമിൽ ഉപയോഗിക്കേണ്ട ടവൽ, ടർക്കി പോലുള്ളവ അവിടെ വൃത്തിയോടെ, ഈർപ്പമടിക്കാതെ സൂക്ഷിക്കാം. ഇതിനായി അധികം സ്ഥലവും വേണ്ടിവരില്ല. സോപ്പ്, ഷാംപു തുടങ്ങിയവ വയ്ക്കാൻ നിഷ് (niche) ഒരുക്കാം. 

വീടിന്റെ പൊതു ശുചിമുറി അൽപം വലുതാക്കി ഒരുക്കാം. ഇതിന് ആനുപാതികമായി അറ്റാച്ഡ് ബാത്ത്റൂമുകളുടെ വലുപ്പം കുറയ്ക്കാം. 4 കിടപ്പുമുറിയുള്ള വീട്ടിൽ 4 ശുചിമുറിയുണ്ടെങ്കിൽ അതെല്ലാം ഉപയോഗിക്കാറില്ലല്ലോ. പ്രായമുള്ളവർക്ക് ഇരുന്നു കുളിക്കാനുള്ള സൗകര്യവും മറ്റും പൊതു ശുചിമുറിയിൽ തയാറാക്കാം. ശുചിമുറി വാതിലിന്റെ ഒരുഭാഗം ഗ്ലാസ് (ഫ്രോസ്റ്റഡ് ഗ്ലാസ്) ആക്കിയാൽ ആവശ്യത്തിന് വെളിച്ചം കിട്ടും. പ്രായമുള്ളവരും കുട്ടികളും മറ്റും അകത്തുകുടുങ്ങിയാൽ, അതു തകർത്തും രക്ഷാമാർഗം ഒരുക്കാം. ശുചിമുറിയിലെ നനവ് ഇല്ലാതാക്കാൻ കൃത്യമായ വായുസമ്പർക്കം അത്യാവശ്യമാണ്, എക്സ്ഹോസ്റ്റ് ഫാൻ മാത്രം പോര. വെന്റിലേറ്ററും എക്സ്ഹോസ്റ്റ് ഫാനും പ്രത്യേകം നൽകുന്നതാണു നല്ലത്. 

ഷൂ റാക്ക്, പത്രം–മാഗസിൻ എന്നിവ വയ്ക്കാനുള്ള സ്ഥലം, ക്രോക്കറി ഷെൽഫ് തുടങ്ങിയവ ആദ്യംതന്നെ പ്ലാൻ ചെയ്യാം. വീട്ടിൽ കൂടുതൽ ഉപയോഗിക്കുന്ന കിടപ്പുമുറികളിൽ ഡ്രെസിങ് ഏരിയ ഒരുക്കുന്നതു നന്നാകും. 

wadrobe-interior

സ്റ്റോറേജ് സ്പേസ് ആയി വാർഡ്റോബ് നന്നായി ഉപയോഗപ്പെടുത്താം. വാർഡ്റോബിന്റെ താഴെ പുൾഔട്ട് ഡ്രോയറുകൾ വയ്ക്കാം. വുഡ് ഫേസ്ഡ് പ്ലൈവുഡ് മുതൽ അലുമിനിയംവരെ ഇതിനായി ഉപയോഗിക്കുന്നു. വസ്ത്രത്തിലും മറ്റും പൂപ്പൽബാധ ഉണ്ടായേക്കാമെന്നതിനാൽ ഫെറോസിമന്റ് അധികം ഉപയോഗിക്കാറില്ല. 

bedroom-interior

അടുക്കളയൊരുക്കുമ്പോൾ ചില്ലറ ശ്രദ്ധയൊന്നും മതിയാവില്ല. എൻജിനിയേഡ് മാർബിൾ ഉപയോഗിച്ച് വ്യത്യസ്ത നിറങ്ങളിൽ കൗണ്ടർടോപ് ഒരുക്കുന്നുണ്ട്. പാൻട്രി കിച്ചന്റെ വലുപ്പം കുറച്ച് വർക്ക് ഏരിയ കൂട്ടുന്നതാണിപ്പോൾ കാണുന്നത്. ബ്രേക്ക് ഫാസ്റ്റ് കൗണ്ടറും മറ്റും പാൻട്രി കിച്ചനിലും പ്രധാന പാചകജോലിയെല്ലാം വർക്ക് ഏരിയയിലുമാകും. അതിനാൽ അവിടെ കൂടുതൽ സ്ഥലവും സ്റ്റോറേജ് സൗകര്യവും അത്യാവശ്യമാണ്. ഇത്തരം സ്റ്റോറേജ് സംവിധാനങ്ങൾ അലുമിനിയത്തിലും മറ്റും ഒരുക്കാം. അധികം ചെലവില്ലാതെ ഭംഗിയായി ചെയ്യാനും കഴിയും. 

kitchen-interior

ഇനി കുറച്ചു പച്ചപ്പും ഹരിതാഭയും വേണമെന്നുള്ളവർക്ക് അതും ഒരുക്കാം, ഇന്റീരിയർ ഡിസൈനിൽ. ചെറു ഫ്ലാറ്റ് മുറികളിലെ ചട്ടികളിൽ മുതൽ നല്ലൊരു കോർട്ട്‌യാർഡ് വരെയായി തയാറാക്കാം. സ്ഥലമാണ് പ്രശ്നമെന്നു കരുതേണ്ട. ഇന്റീരിയറിന്റെ ഭാഗമായി ലിവിങ്, ഡൈനിങ് ഏരിയകൾക്കിടയിൽ കോർട്ട്‌യാർ‍ഡ് ഒരുക്കുന്നവരും ഏറെ. 

green-interior

ജനലുകളിലും വാതിലുകളിലും ഫ്ലൈ നെറ്റുകൾ ഇടുമ്പോൾ ഭംഗിയൊട്ടും കുറയാതെ ഉപയോഗപ്രദമാക്കാൻ ശ്രദ്ധിക്കണം. 

∙ വിവരങ്ങൾ: 

സുധീഷ് ഗോപിനാഥ്, 

ഇന്റീരിയർ ഡിസൈനർ, 

ദ് ലോറൽസ് ഡിസൈനേഴ്സ്, 

കോഴിക്കോട്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME DECOR
SHOW MORE
FROM ONMANORAMA