വാങ്ങാം, നൂലു മുതൽ മുള വരെ നീളുന്ന ട്രെൻഡി കർട്ടനുകൾ

blind-curtain
SHARE

വീടുനിർമാണം പൂർത്തിയായിക്കഴിഞ്ഞാൽ രണ്ടാംഘട്ടമാണ് ഇന്റീരിയർ അലങ്കരിക്കുക എന്നത്. അകത്തളങ്ങൾ മനോഹരമാക്കുന്ന വസ്തുക്കളുടെ കൂട്ടത്തിൽ പ്രഥമസ്ഥാനമാണ് കർട്ടനുകൾക്കുള്ളത്. കുറച്ചുകാലം മുൻപുവരെ കർട്ടനുകൾ ഇടുന്നത് ജനലുകളിലൂടെ അകത്തേക്കു കടക്കുന്ന സൂര്യപ്രകാശത്തിന്റെ ആധിക്യം കുറയ്ക്കാനും ഒരു മറ സൃഷ്ടിക്കാനും ഒക്കെ വേണ്ടിയായിരുന്നു. എന്നാൽ ഇന്ന് അതല്ല അവസ്ഥ. കർട്ടനുകൾ ഇന്ന് ആഡംബരത്തിന്റെയും പ്രൗഢിയുടെയും കൂടി ഭാഗമായി മാറിയിരിക്കുകയാണ്. അതിനാൽ തന്നെ ഏറ്റവും കൂടുതൽ പുതുമകൾ പരീക്ഷിക്കപ്പെടുന്നതും ഈ രംഗത്താണ്. 

കുറച്ചു കാലം മുൻപു വരെ തുണികളിൽ തീർത്ത പല നിറത്തിലുളള കർട്ടനുകൾ ആയിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാൽ പിന്നീട് ഇത് ഡിസൈനുകൾക്കു വഴിമാറി. എന്നാൽ ഇപ്പോൾ കാലം പിന്നെയും ഏറെ മുന്നോട്ടു പോയിരിക്കുന്നു. തുണികൊണ്ടുള്ള കർട്ടനുകൾക്കു ബദലായി നൂലുകൊണ്ടുള്ള കർട്ടനുകൾ, ബ്ലൈൻഡുകൾ, മുളകൊണ്ടുള്ള കർട്ടനുകൾ തുടങ്ങി പലതരം മെറ്റീരിയലുകൾ ഈ വിപണിയിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു. തുണികൊണ്ടുള്ള കർട്ടനുകളെക്കാൾ ഏറെ ആവശ്യക്കാരുള്ളത് ഇപ്പോൾ ബ്ലൈൻഡുകൾക്കാണ്. 

wooden-blinds

സീബ്രാ, റോളർ, വെനീഷ്യൻ, വെർട്ടിക്കൽ, റോമൻ തുടങ്ങി വിവിധ രീതികളിലാണ് ബ്ലൈൻഡുകൾ വിപണിയിൽ എത്തുന്നത്. ഇതിൽ പ്രകാശത്തെ അകത്തേക്കു കടത്തിവിടുന്ന മോഡലായ സീബ്രയ്ക്കാണ് ആവശ്യക്കാർ കൂടുതൽ. വീടുകളിലും ഓഫിസുകളിലും ഇത് ഒരേ പോലെ ഉപയോഗിച്ചുവരുന്നു. ഒരു പാളിക്ക് 150 രൂപ മുതൽ ഇവയ്ക്കു വിപണിയിൽ വില വരുന്നു. 1250 രൂപ വരെ വില വരുന്ന ബ്ലൈൻഡുകളും വിറ്റുപോകുന്നുണ്ട്. ഒരു ജനലിന് മൂന്നു പാളി എന്നതാണ് കണക്ക്. തുണികൊണ്ടുള്ള  കനം കുറഞ്ഞ മെറ്റീരിയലിൽ ഒരു പ്ലീറ്റ് ഇന്നർകർട്ടൻ നിർമിച്ചു പുറമേ മൂന്നു പ്ലീറ്റ് കർട്ടൻ ഇടുന്നതാണ് സാധാരണ ചെയ്യുന്ന രീതി. കർട്ടനുകളിൽ ഭംഗി കൂട്ടുന്നതിനായി തോരണങ്ങൾ പോലുള്ള സ്കാൽപ്പുകൾ പിടിപ്പിക്കുന്ന രീതി ഏറെ പ്രചാരത്തിലുള്ള ഒന്നായിരുന്നു. എന്നാൽ ഇപ്പോൾ ആ ട്രെൻഡ് മാറി. സിംപിൾ ആൻഡ് എലഗന്റ് എന്ന ആശയത്തിനാണ് ഉപഭോക്താക്കൾ പ്രാധാന്യം നൽകുന്നത്.

പരീക്ഷിക്കാം ഈ കർട്ടനുകൾ

നൂലു മുതൽ മുള വരെ നീളുന്ന ട്രെൻഡി കർട്ടനുകൾ ഇന്നു വിപണിയിൽ ലഭ്യമാണ്. അതിൽ ലൂപ്പ് കർട്ടൻ, നൂൽ കർട്ടൻ, ബാംബൂ കർട്ടൻ എന്നിവയ്ക്ക് ആവശ്യക്കാർ ഏറെയാണ്. അമിത ആഡംബരങ്ങളില്ലാതെ ഇവ നൽകുന്ന എലഗന്റ് ലുക്കാണ് ഇവയ്ക്ക് ആവശ്യക്കാർ കൂടുന്നതിനുള്ള പ്രധാന കാരണം. മേൽപ്പറഞ്ഞ മൂന്നു കർട്ടനുകളും ഒന്നിനൊന്നോടു വ്യത്യസ്തമാണ്.

ലൂപ്പ് കർട്ടൻ: കർട്ടൻ പ്ലീറ്റ് ഇടാതെ വിവിധ തരത്തിലുള്ള ലൂപ്പുകൾ പിടിപ്പിച്ചു തയ്ക്കുന്ന ഈ രീതി ഏറ്റവും ലളിതമായി കർട്ടനടിക്കുന്ന രീതിയാണ്. ഒരു വീടിന്റെ സ്വീകരണമുറി അലങ്കരിക്കുന്നതിന് ഇത് അനുയോജ്യമാണ്. ഇത്തരത്തിൽ പിടിപ്പിക്കുന്ന കർട്ടനുകൾ വൃത്തിയാക്കാൻ എളുപ്പമാണ് എന്നതാണ് ലൂപ്പ് കർട്ടനുകൾക്കു സ്വീകാര്യത നൽകുന്ന ഘടകം. കർട്ടന്റെ ഭംഗി കൂട്ടാൻ ലൂപ്പുകളുടെ പുറത്തു തുണിക്ക് ഇണങ്ങുന്നവിധം ഫാൻസി ബട്ടണുകൾ, സ്കാൽപ്പുകൾ എന്നിവ  പിടിപ്പിക്കാം. ലോഹദണ്ഡി (കർട്ടൻ റോഡ്)ലൂടെ കടത്തി ലൂപ്പുകളിൽ കർട്ടൻ പിടിപ്പിക്കുകയാണു ചെയ്യുന്നത്. വീടുകൾക്കും ഓഫിസുകൾക്കും ഒരേപോലെ ഈ രീതി ഇണങ്ങുന്നു. വിവിധ ഡിസൈനുകളിലുള്ള തുണിക്കർട്ടനുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. 

curtain-color

നൂൽ കർട്ടൻ: കർട്ടനുകളുടെ കൂട്ടത്തിലെ ലേറ്റസ്റ്റ് ട്രെൻഡാണ് നൂൽകർട്ടൻ (ത്രെഡ് കർട്ടൻ). അൽപം ആർട്ടിസ്റ്റിക്കായ ഒരു രീതിയാണിത്. അടുക്കും ചിട്ടയുമുള്ള വീടിന് ഈ കർട്ടനുകൾ ഭംഗി വർധിപ്പിക്കും. സാധാരണമായി ഇളം നിറങ്ങളാണ് ഉപയോഗിക്കുക. പാർട്ടീഷൻ കർട്ടനും ആർച്ചിനും ആണ് ഇതുപയോഗിക്കുന്നത്. വിവിധ കനത്തിനുള്ള നൂലുകൾ അടുപ്പിച്ചടുപ്പിച്ച് ഞാത്തിയിടുകയാണു ചെയ്യുന്നത്. വളരെ സിംപിളായി നൂലൂ മാത്രം ഇടുന്നവരെക്കാൾ നൂലുകളിൽ മുത്തുകളും കല്ലുകളും പിടിപ്പിച്ച് കർട്ടൻ വ്യത്യസ്തമാക്കുന്നവരാണു കൂടുതലും. ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ് നൂൽകർട്ടനുകൾ. ഓടിക്കളിക്കുന്ന കുട്ടികൾ ഉള്ള വീടുകൾക്ക് ഇത് അനുയോജ്യമാകില്ല.

മുളക്കർട്ടൻ: ഏറെക്കാലമായി പ്രചാരത്തിലിരുന്നിട്ടും ഇന്നും ട്രെൻഡ് മാറാത്ത ഒന്നാണ് മുളകൊണ്ടുള്ള കർട്ടനുകൾ. ബ്ലൈൻഡുകളായും ഇവ വരുന്നു. റോളർ ടൈപ്പുകളാണ് ഏറെയും വിറ്റുപോകുന്നത്. വീട്, ഓഫിസ്, റിസോർട്ട്, ഹോട്ടൽ എന്നിവിടങ്ങളിലെല്ലാം ഇത് ഉപയോഗിക്കുന്നു. ആവശ്യാനുസരണം വിവിധ അളവുകളിൽ മുളയുടെ ചീളുകൾ അടുക്കിയാണ് മുളക്കർട്ടനുകൾ നിർമിക്കുന്നത്. സുതാര്യമല്ല ഇവയെങ്കിലും ശുദ്ധവായുവിനെയും പ്രകാശത്തെയും മുറിക്കകത്തേക്കു കയറ്റിവിടുന്നതിന് ഇവ സഹായിക്കുന്നു. 

വുഡ് കളർ മുതൽ ബീജ് വരെ

curtain-trend

ഇളം നിറങ്ങളോടാണ് ഉപഭോക്താക്കൾക്ക് ഇപ്പോൾ താൽപര്യം. ഇളം നിറത്തിലുള്ള പെയിന്റടിച്ച ഭിത്തികളിൽ കടും നിറത്തിലുള്ള കർട്ടനുകൾ പിടിപ്പിക്കുന്ന രീതി ഇപ്പോൾ പൂർണമായും ഔട്ടായി. പകരം ഇളം നിറങ്ങളിലുള്ള കർട്ടനുകൾക്കാണ് പ്രിയം. വുഡ് കളർ, ബീജ്, ബ്രൗൺ, ആഷ് തുടങ്ങിയ നിറങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്. മതിലിനു ചേരുന്ന നിറത്തിലോ കോൺട്രാസ്റ്റായോ കർട്ടണുകളുടെ നിറം തിരഞ്ഞെടുക്കുന്ന രീതി ഇപ്പോഴില്ല. പകരം ഫർണിച്ചറുകളുടെ നിറത്തിനു യോജിച്ച കർട്ടനുകളാണ് ഇപ്പോൾ തിരഞ്ഞെടുക്കുന്നത്.

ആന്റിക് നിറത്തിലുള്ള കർട്ടനുകൾക്കും ചുവന്ന നിറത്തിലുള്ള കർട്ടനുകൾക്കും ആവശ്യക്കാരുണ്ട്. ഒരു പാളിക്ക് എൺപതു രൂപ മുതൽ 2200 രൂപവരെ വിലമതിക്കുന്ന കർട്ടനുകൾ വിപണിയിൽ വിറ്റുപോകുന്നുണ്ട്. പോളിയസ്റ്റർ പ്രിന്റഡ്, ജക്വാർഡ്, ഹെവി ജക്വാർഡ്, വിസ്‌കോസ്, 3 ബബിൾസ്, ഡബിൾ വീവിങ് ക്ലോത്ത്, ടെർകോസ എന്നീ തുണികളാണ് പ്രധാനമായതും കർട്ടനുകൾക്കായി എടുക്കാറുള്ളത്. പൗഡർ കോട്ടഡ് അലുമിനിയം ചാനലുപയോഗിച്ചിരുന്ന സ്ഥാനത്ത് തടി, ഓട്, സ്റ്റീൽ, കാസ്റ്റ് അയേൺ എന്നിവകൊണ്ടുള്ള റോഡുകളാണ് ഇപ്പോൾ ട്രെൻഡ്. കർട്ടൻതുണിയിലും ട്രെൻഡി ഐറ്റങ്ങൾക്ക് ആവശ്യക്കാർ കൂടുതലാണ്. 

ഹൈടെക് കർട്ടനുകൾ

കർട്ടൻ നീക്കുന്നതിനും ഇടുന്നതിനും ഒക്കെയായി ഇപ്പോൾ ഹൈടെക് രീതികൾ തന്നെ നിലവിലുണ്ട്. റിമോർട്ട് കൺട്രോൾകൊണ്ടും സ്വിച്ചുകൾകൊണ്ടും നിയന്ത്രിക്കാവുന്ന കർട്ടനുകളാണ് ഈ രംഗത്തെ പുത്തൻ താരങ്ങൾ. എന്നാൽ സാധാരണക്കാർക്കു താങ്ങാനാവുന്ന വിലയല്ല ഇവയ്ക്കുള്ളത് എന്നതൊരു പോരായ്മയാണ്. എന്നാൽ വില കൂടുതൽ പരിഗണിക്കാതെ ഇത്തരം കർട്ടനുകൾ വാങ്ങുന്നവരും കൂടുതലാണ്. 

വിവരങ്ങൾക്കു കടപ്പാട്

ഊക്കൻസ് കർട്ടൻസ്

തൃശ്ശൂർ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME DECOR
SHOW MORE
FROM ONMANORAMA