ADVERTISEMENT

മഞ്ഞ നിറത്തിൽ തലയുയർത്തി നിൽക്കുന്ന യൂറോപ്യൻ രീതിയിൽ ഡിസൈൻ ചെയ്ത വീട്, നഗരമധ്യത്തിലുള്ള ഈ വീട്ടിലേക്ക് ഏവരുടെയും ശ്രദ്ധ പിടിച്ചുവാങ്ങുന്നത് ആ വീടിന്റെ നിറമാണ്. ഒരു കാലത്ത് നാം തള്ളിപ്പറഞ്ഞിരുന്ന മഞ്ഞ, നീല, ഓറഞ്ച് തുടങ്ങിയ പല നിറങ്ങളും ഇപ്പോൾ തിരിച്ചു വരുന്ന കാഴ്ചയാണ് കാണുന്നത്. വീടിനെ മനോഹരമാക്കുന്നതിൽ പെയിന്റിങ്ങിനുള്ള സ്ഥാനം തിരിച്ചറിഞ്ഞ മലയാളി കഴിയുന്നത്ര വ്യത്യസ്തമായി ചെയ്യുന്നതിനുള്ള ശ്രമത്തിലാണ്.

painting-ladder

വീട് പഴയതോ പുതിയതോ ആയിക്കൊള്ളട്ടെ, വീടിനു പുത്തൻ ഭാവം നൽകുന്നതിന് ഏറെ സഹായിക്കുന്ന ഘടകമാണ് പെയിന്റിങ്. അതിനാൽത്തന്നെ പെയിന്റിങ് നടത്തുന്നതിനു മുൻപായി പല കാര്യങ്ങളും അറിഞ്ഞിരിക്കേണ്ടതുണ്ട്. അഴകിനൊപ്പം ചുമരുകൾക്കു സംരക്ഷണം നൽകുന്നതും കുടി ആകണം പെയിന്റിങ്. എന്നു കരുതി വീടിനായി തിരഞ്ഞെടുക്കുന്ന പെയിന്റിന്റെ ഗുണനിലവാരത്തിൽ മാത്രമല്ല കാര്യമുള്ളത്, എടുക്കുന്ന നിറത്തിലും വീടിന്റെ ആകൃതിയിലുമൊക്കെ കാര്യമുണ്ട്. ഒപ്പം വീടിനുള്ളിൽ താമസിക്കുന്നവരുടെ നിറങ്ങളോടുള്ള കാഴ്ചപ്പാടും പ്രധാനമാണ്.

നിറങ്ങളെക്കുറിച്ചു പറയുകയാണെങ്കിൽ ഇപ്പോൾ കൂടുതലും ഇളം നിറങ്ങൾക്കാണ് ആവശ്യക്കാരുള്ളത്. ഇടക്കാലത്ത് കടും നിറങ്ങളോടു താൽപര്യമുള്ളവർ അനവധി ആയിരുന്നു. എന്നാൽ ഇന്നു കടും നിറങ്ങൾക്ക് വീടിന്റെ പുറത്തുമാത്രമാണ് സ്ഥാനം. ഇന്റീരിയർ ഇപ്പോഴും ഇളം നിറങ്ങൾകൊണ്ടുതന്നെ. 

ഇതിൽത്തന്നെ ആഷ്, ബീജ്, ഇളം മഞ്ഞ, ഇളം പച്ച എന്നീ നിറങ്ങൾക്ക് ആവശ്യക്കാർ കൂടുതലാണ്. സിംഗിൾ നിറങ്ങളാണ് വീടിന്റെ പുറം ഭാഗങ്ങളിൽ കൂടുതലായും ഉപയോഗിക്കുന്നത്. ബോർഡർ നൽകുന്നതിനായി കോൺട്രാസ്റ്റ് നിറങ്ങളാണ് കൂടുതലും ഉപയോഗിക്കുന്നത്. പുറം ചുമരുകൾക്ക് എമൽഷൻ, സിമന്റ്, ടെക്‌സ്ചേർഡ് എന്നിങ്ങനെ മൂന്നിനം പെയിന്റുകളാണുള്ളത്. മാറ്റ്, സാറ്റിൻ, സെമി ഗ്ലോസ്, ഗ്ലോസി എന്നിങ്ങനെയാണ് പെയിന്റിന്റെ ഫിനിഷിങ്. 

painting

മുറികൾക്കായി നിറങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഏറെ ശ്രദ്ധിക്കണം. നമുക്കിഷ്ടമുള്ള നിറങ്ങൾ ഒരുപക്ഷേ, മുറിക്കു ചേരണമെന്നില്ല. കടും നിറങ്ങൾ മുറിയെ ഇരുട്ടിലാക്കാനുള്ള സാധ്യത കൂടുതലാണ്. അതുപോലെ തന്നെ ചെറിയ മുറികളിൽ കടും നിറങ്ങൾ അടിക്കുന്നത് മുറിയുടെ വലുപ്പക്കുറവിനെ എടുത്തുകാണിക്കും. ഇളം നിറങ്ങളാണ് അടിക്കുന്നത് എങ്കിൽ മുറികൾ കൂടുതൽ വിശാലമായി തോന്നും. അകം ചുമരുകളിൽ അടിക്കാൻ മൂന്നു തരം പെയിന്റുകളാണുള്ളത്. ഡിസ്റ്റംബർ, ലസ്റ്റർ, എമൽഷൻ എന്നിവയാണവ. ഡിസ്റ്റംബർ ആണ് ഏറ്റവും ചെലവു കുറഞ്ഞ മാർഗം. ഇതിനെ വൈറ്റ്‌റ് വാഷ് എന്നും പറയാം. ശീമ ചുണ്ണാമ്പ്, കുമ്മായം, വെള്ളം എന്നിവയാണ് പ്രധാന ചേരുവകൾ.

വെള്ളവുമായി കൂട്ടിക്കലർത്താൻ കഴിയാത്ത ഓയിൽ ബേസ്ഡ് പെയിന്റുകളാണ് ലസ്റ്റർ. ഇത് ഉണങ്ങുന്നതിനായി ധാരാളം സമയമെടുക്കും. മാത്രമല്ല, വളരെ രൂക്ഷമായ ഗന്ധമാണ് ഇതിനുള്ളത്. വെള്ളം അടിസ്ഥാനമാക്കിയിട്ടുള്ള പെയിന്റ് ആണ് എമൽഷനുകൾ. ഏറെനാൾ നീണ്ടു നിൽക്കുന്ന ഈ പെയിന്റിൽനിന്നു കറകളും മറ്റും കഴുകി മാറ്റാൻ സാധിക്കും. മഴക്കാലത്തും മറ്റുമുണ്ടാകുന്ന ഫംഗസ് ബാധയെ ചെറുക്കാൻ ഏറ്റവും മികച്ചതാണിത്.

colours

ഏതു നിറം തിരഞ്ഞെടുക്കണം?

എപ്പോഴും ഏറ്ററ്വും കൂടുതൽ ചർച്ച നടക്കുന്ന വിഷയമാണ് വീടിന് ഏതു നിറം തിരഞ്ഞെടുക്കണമെന്നത്. ഓരോ നിറത്തിനും ഓരോ സ്വഭാവമുണ്ട്. അതു തിരിച്ചറിഞ്ഞാൽ ഏതു നിറം വേണം എന്ന പ്രശ്നം ഒരു പരിധിവരെ പരിഹരിക്കാനാകും. എല്ലാ മുറികളിലും ഒരേ നിറത്തിലുള്ള പെയിന്റ് വേണം എന്ന രീതിയൊക്കെ ഇപ്പോൾ പഴഞ്ചനായി കഴിഞ്ഞു. അതിഥികളെ സ്വാഗതം ചെയ്യുന്ന തരത്തിലാവണം ലിവിങ് റൂം. അതിനായി ഓറഞ്ച് ഷേഡുകളോ ചുവപ്പോ ലിവിങ് റൂമിന് പരിഗണിക്കാം. അതിഥികളുമായി സംസാരിക്കുന്നതിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കാൻ ഈ നിറങ്ങൾക്കു സാധിക്കുമെന്നാണ് പറയുന്നത്.ഏത് ആർക്കിടെക്ചർ ശൈലിയിൽ പണിത വീടായാലും ഈ രീതി പരീക്ഷിക്കാം. വാസ്തവത്തിൽ വിദേശരാജ്യങ്ങളിൽനിന്നാണ് കടുംനിറങ്ങൾ നമ്മുടെ അകത്തളങ്ങളുടെ ഭാഗമായി മാറിയത്.

11-lakh-home-bedroom

ബെഡ് റൂമുകൾക്ക് ലാവെൻഡറും പിങ്കും

ബെഡ്‌റൂം എന്നാൽ ഓരോ വ്യക്തിക്കും അവന്റേതായ ലോകമാണ്. അൽപം പ്രണയവും സന്തോഷവും എല്ലാം കളിയാടുന്ന ദൈനംദിന പ്രശനങ്ങളിൽ നിന്നു മുക്തി ലഭിക്കുന്ന ബെഡ്‌റൂമുകൾക്ക് ചേരുക റൊമാൻസിങ് നിറങ്ങൾ തന്നെയാണ്. ബെഡ്‌റൂമിനെ റിലാക്സേഷൻ റൂമെന്നാണ് വിശേഷിപ്പിക്കുന്നത്. അതിനാൽ റിലാക്‌സ് ചെയ്യാൻ സഹായിക്കുന്ന നിറങ്ങളാണ് ഇവിടെ ആവശ്യം. ലാവെൻഡറും പിങ്കും പച്ചയുമൊക്കെ ഇത്തരത്തിലുള്ള നിറങ്ങളാണ്. കൂട്ടത്തിൽ പിങ്കുനിറത്തോടു പലർക്കും താൽപര്യം കൂടുതലാണ്. പ്രകൃതിയോട് ഇഴുകിച്ചേരുന്ന ഫീലിങ്ങാണ് പച്ച നിറം നൽകുക. പൊതുവേ കൂൾ നിറങ്ങളായ ഇവയ്ക്ക് ആവശ്യക്കാർ അനവധിയാണ്. 

contemporary-house-calicut-kids-room.JPG.image.784.410

കുട്ടിപ്പട്ടാളത്തിന് മുറിക്ക് ബേബി ബ്ലൂവും പിങ്കും

കുട്ടികളുടെ വയസ്സനുസരിച്ച് വേണം അവരുടെ മുറിയുടെ നിറം നിശ്ചയിക്കാൻ. ബേബി ബ്ലൂ, പിങ്ക് എന്നിങ്ങനെയുള്ള നിറങ്ങൾ കുട്ടികളുടെ മുറികൾക്ക് അനുയോജ്യമാണ്. എന്നാൽ ഇത് ഉപയോഗിച്ചാൽ മാത്രമേ കുട്ടികളുടെ മുറി സുന്ദരമാകൂ എന്നില്ല. കുട്ടികളുടെ ഇഷ്ടങ്ങൾ കുടി പരിഗണിച്ചുവേണം നിറങ്ങൾ തിരഞ്ഞെടുക്കാൻ മാത്രമല്ല മുറിയുടെ മനോഹാരിത ഇനിയും വർധിപ്പിക്കണമെങ്കിൽ മുറിയിൽ കുട്ടികൾക്കിഷ്ടപ്പെട്ട കാർട്ടൂൺ പെയിന്റിങ്ങുകൾ നൽകാം.

ഓഫിസ് മുറിക്ക് ഓറഞ്ച്

ഏറ്റവും കൂടുതൽ ഊർജം ആവശ്യമായി വരുന്ന ഇടമാണ് ഓഫിസ് റൂം, വ്യായാമമുറി എന്നിവ.  ഇവക്ക് പൊസിറ്റീവ്നെസ് നൽകുന്ന നിറങ്ങളായ റെഡ്, ഓറഞ്ച് എന്നിവ ഉപയോഗിക്കാം. അതുപോലെതന്നെ ലൈറ്റ് ബ്രൗൺ, വൈറ്റ്, ഇളം മഞ്ഞ തുടങ്ങിയ നിറങ്ങൾ മനസ്സിനു ശാന്തത നൽകുന്നതാണ്. ഈ നിറങ്ങൾ പ്രായമായ ആളുകളുടെ മുറിക്കും പൂജാമുറിക്കും നൽകാം. അടുക്കളയ്ക്ക് പച്ച നിറം ട്രെൻഡായി വരികയാണ്. 

ചുവരുകളിൽ ഉപയോഗിച്ച നിറത്തിന്റെ കോൺട്രാസ്റ്റ് നിറം സീലിങ്ങിൽ ഉപയോഗിക്കുന്നതാണ് മറ്റൊരു ട്രെൻഡ്, ഒരു നിറത്തിന്റെ തന്നെ നിറഭേദങ്ങൾ തിരഞ്ഞെടുക്കുന്നതും നല്ലതാണ്. പെയിന്റിന്റെ അതേ നിറത്തിൽത്തന്നെയാണ് ഇപ്പോൾ ഫർണിച്ചറുകളും ഇന്റീരിയറും സെറ്റ് ചെയ്യുന്നത്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com