ADVERTISEMENT

പ്രതിദിനം ഒരു ലക്ഷം രൂപ സമ്മാനം നൽകുന്ന സ്ക്രാച്ച് ആൻഡ് വിൻ; കാർ അടക്കം 50 ഉൽപന്നങ്ങൾ സമ്മാനമായി ലഭിക്കുന്ന ലക്കി ഡ്രോ; ഓണം വന്നതോടെ ഗൃഹോപകരണ വിപണി ആഘോഷത്തിമിർപ്പിലാണ്. 250 കോടി രൂപ വരെ ഓണവിപണിയിൽ നിന്നു സ്വന്തമാക്കാമെന്നു കരുതുന്ന കമ്പനികളുണ്ടു കേരളത്തിൽ.

അവരുടെ പ്രതീക്ഷകൾ വെറുതെയല്ല. മലയാളി ഏറ്റവും കൂടുതൽ ഗൃഹോപകരണങ്ങൾ വാങ്ങിക്കൂട്ടുന്ന കാലമാണ് ഓണക്കാലം. ഓണക്കാലത്ത് ഏതു ഗൃഹോപകരണക്കടയിൽ കയറിച്ചെന്നാലും ഡിസ്കൗണ്ട് ശതമാനം കുറിച്ചിട്ട ടാഗുകളാണു വരവേൽക്കുന്നത്. ഓണക്കാലത്ത് ഇങ്ങനെ വിലകുറച്ചു വിൽക്കുന്നതിന്റെ മാജിക് എന്താണെന്ന് കച്ചവടക്കാർ വെളിപ്പെടുത്തുന്നു. പ്രധാന കമ്പനികളൊക്കെ നൂറു മുന്നൂറും കോടി രൂപയുടെ വീതം ഓണക്കച്ചവടമാണു കേരളത്തിൽ ലക്ഷ്യമിടുന്നത്. അപ്പോൾ അതനുസരിച്ചുള്ള കച്ചവടം നടക്കും. കച്ചവടം കൂടാൻ ലാഭത്തിന്റെ ഒരു വിഹിതം കമ്പനികൾ കച്ചവടക്കാർക്കു കുറച്ചുകൊടുക്കും. ആ ഓണ ഓഫറിൽ നിന്നാണു നമുക്കും ഡിസ്കൗണ്ട് ലഭിക്കുക. ഈ സിംപിൾ ‘സാങ്കേതിക വിദ്യ’യിലാണ് ഓണം ഡിസ്കൗണ്ട് മേളകൾ പൊടിപൊടിക്കുന്നത്.

വീട് മൊത്തം സ്മാർട്ട്

home-appliances

ടിവി മാത്രമല്ല, സ്മാർട്ട്. ഇന്നത്തെ സ്മാർട്ട് വീടുകൾക്ക് ആവശ്യമായ ഗൃഹോപകരണങ്ങളെല്ലാം കംപ്യൂട്ടർ നിയന്ത്രിതവും സ്മാർട്ടുമാണ്. ഉദാഹരണത്തിന് തുണി വാരി വാഷിങ് മെഷീനിൽ ഇട്ടപ്പോഴാണ് അരമണിക്കൂറിനുള്ളിൽ അത്യാവശ്യമായി പുറത്തു പോകേണ്ട ആവശ്യം വന്നത്. ഒരു നോബ് തിരിച്ചു ക്വിക്ക് 30 എന്ന ഓപ്ഷനിലേക്ക് ഇടുകയേ വേണ്ടൂ. അര മണിക്കൂറു കൊണ്ട് അലക്കി ഉണങ്ങി തുണി കയ്യിൽത്തരും. ഇനി ഒരു മാഗസിനൊക്കെ വായിച്ച്, ഇടയ്ക്ക് അൽപം ടിവി കണ്ട്, ഒരു കറിയൊക്കെ വച്ച് സാവധാനം അലക്കിയാൽ മതിയെങ്കിൽ അതിനും മെഷീന്റെ ‘ചെവിക്കു’പിടിച്ചൊരു തിരി മതി. അലക്ക് പതിയെ ആവും. വീട്ടിലെത്തും മുൻപേ തനിയെ ഓണായി മുറി തണുപ്പിക്കുന്ന ഏസിക്കും ആവശ്യക്കാരുണ്ട്.

ശരിയാ, അടുക്കള പഴയ അടുക്കളയല്ല

അമ്മമാരും അടുക്കളയും ഒരുപോലെ സ്മാർട്ടാകാൻ മത്സരിക്കുന്നതാണ് ഇപ്പോഴത്തെ കാഴ്ച. വൈദ്യുതി ചാർജ് കുറയ്ക്കാൻ തനിയെ മാർഗങ്ങൾ സ്വീകരിക്കുന്ന റഫ്രിജറേറ്റർ, അരയ്ക്കുകയും പൊടിക്കുകയും ചെയ്യാൻ സെക്കൻഡുകൾ മാത്രമെടുക്കുന്ന മിക്സി അങ്ങനെ അടുക്കള ഉപകരണങ്ങൾ സ്മാർട്ടാകാൻ മത്സരിക്കുന്നു. അടുക്കള ഉപകരണങ്ങളിൽ മീഡിയം മുതൽ ലക്ഷ്വറി വരെയുള്ള റേഞ്ചുകളുണ്ട്. ചോപ്പർ സെറ്റ്, സ്പൂൺ സെറ്റ്, ഇൻഡക്‌ഷൻ കുക്കർ, കട്ടിങ് ബോർഡ് ഇവയൊക്കെ ഉൾപ്പെട്ട കിച്ചൺ സെറ്റായും വാങ്ങാൻ കിട്ടും

വിലക്കുറവ്, എന്താണ് രഹസ്യം?

മന്ത്രവും മായാജാലവുമൊന്നുമില്ല. പ്രധാന വ്യാപാര സ്ഥാപനങ്ങൾ കോടിക്കണക്കിനു രൂപയുടെ ഉപകരണങ്ങൾ സ്റ്റോക്ക് ചെയ്യും. അപ്പോൾ നിർമാണ കമ്പനികൾ നല്ല ഡിസ്കൗണ്ട് കൊടുക്കും. ഇതിന്റെ ഒരു വിഹിതം നമുക്കും വിലക്കുറവായി കിട്ടും. അത്ര തന്നെ.

വാങ്ങാനുമുണ്ട് വഴികൾ

ഇഎംഐ സംവിധാനം

മാസ വരുമാനത്തിൽ ജീവിക്കുന്ന ‘എംപ്ലോയ്ഡ്’ ആൾക്കാർക്ക് നല്ലത് ചെറിയ തുക (ഡൗൺ പേയ്മെന്റ്) നൽകി ബാക്കി ബാങ്ക് വായ്പയിലൂടെ (ഇഎംഐ) അടയ്ക്കാവുന്ന ഫിനാൻസ് പർച്ചേസ് സംവിധാനമാണ്.

സീറോ ഡൗൺപേയ്മെന്റ്

ഒരു പൈസ പോലും നൽകാതെയും വാങ്ങാവുന്നതാണ് സീറോ ഡൗൺ പേയ്മെന്റ് സംവിധാനം മൊത്തം തുക ഇഎംഐ ആയി അടച്ചാൽ മതി. ഗൃഹോപകരണ വിപണിയിലെല്ലാം ഇപ്പോൾ വിവിധ ബാങ്കുകളുടെ കൗണ്ടറുകളുമുണ്ട്. അപ്പോൾത്തന്നെ നമ്മുടെ ബാങ്ക് അക്കൗണ്ട്, അഡ്രസ്, ഐഡി പ്രൂഫ് രേഖകൾ നൽകി ലോൺ പാസാക്കാം.

നമുക്ക് ആവശ്യമുള്ളതെന്തെന്നു കൃത്യമായി മനസ്സിലാക്കി മാത്രം വാങ്ങുക. ഉദാഹരണത്തിന് രണ്ടുപേരുള്ള കുടുംബത്തിനു വലിയ ഫ്രിജ് മാത്രമല്ല, കൂടിയ കിലോ കപ്പാസിറ്റിയുള്ള വാഷിങ് മെഷീനും ആവശ്യമില്ല. അതേസമയം, ഉപയോഗം കൂടുതലാണെങ്കിൽ അതനുസരിച്ച് വലുതു വാങ്ങണം. വാഷിങ് മെഷീൻ കൃത്യമായി ഇത്ര കിലോ വസ്ത്രം അലക്കാവുന്നത് എന്നു രേഖപ്പെടുത്തിയിട്ടുണ്ടാകും. അതു നോക്കി വിലയിരുത്തി വാങ്ങാം. നടുവുവേദനയുള്ളവർ ടോപ്പ് ലോഡ് വാഷിങ് മെഷീൻ വാങ്ങുന്നതാണു നല്ലത്.

ജലക്ഷാമമുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർ കുറച്ചു വെള്ളം മാത്രമുപയോഗിക്കുന്ന വാഷിങ് മെഷീനുകൾ വാങ്ങുക. 27 ലീറ്റർ വെള്ളം ഉപയോഗിച്ചും 60 ലീറ്റർ വെള്ളമുപയോഗിച്ചും തുണിയലക്കുന്ന യന്ത്രങ്ങളുണ്ട്.

പഴയ ഉപകരണങ്ങൾ മാറ്റി വാങ്ങാം. പഴയതിനു വലിയ വില പ്രതീക്ഷിക്കരുത്. വേസ്റ്റ് മാനേജ്മെന്റ്, ഒപ്പം വിലയിൽ ചെറിയൊരു ആശ്വാസം. അത്ര കരുതിയാൽ മതി. പഴയത് നമ്മൾ കടയിലേക്കു കൊണ്ടുചെല്ലേണ്ട. പുതിയത് ഫിറ്റ് ചെയ്യാൻ വരുമ്പോൾ കമ്പനിക്കാർ തന്നെ കൊണ്ടു പൊയ്ക്കോളും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com