ഇതാ ഫോൾസ് സീലിങിനൊരു പകരക്കാരൻ; വില തുച്ഛം ഗുണം മെച്ചം!

creative-LED-lighting
Representative Image
SHARE

എൽഇഡി ലൈറ്റ് വാങ്ങാൻ വേണ്ടി വരുന്നതിനേക്കാൾ തുക ഫോൾസ് സീലിങ് നിർമിക്കാനായി മാറ്റി വയ്ക്കേണ്ടി വരുന്നു! ഇതിനു പരിഹാരമാണ് ‌എൽഇഡി ലൈറ്റ് കോൺക്രീറ്റ് ഫിറ്റിങ്ങ്സ്. ഫോൾസ് സീലിങ്ങിന്റെയോ പ്രത്യേക ഫ്രെയിമിന്റെയോ ഒന്നും ആവശ്യമില്ലാതെ എൽഇഡി ലൈറ്റ് പിടിപ്പിക്കാം. കാഴ്ചയിലെ ഭംഗിക്ക് ഒട്ടും കുറവില്ല. ചെലവ് വളരെ കുറയ്ക്കുകയും ചെയ്യാം.

പോളി പ്രോപ്പലീൻ കൊണ്ട് നിർമിച്ചതാണ് എൽഇഡി ലൈറ്റ് റെഡിമെയ്ഡ് കോൺക്രീറ്റ് ഫിറ്റിങ്ങ്സ്. സീലിങ്ങിൽ എൽഇഡി ലൈറ്റ് നൽകാനുദ്ദേശിക്കുന്ന സ്ഥലങ്ങൾ കൃത്യമായി അടയാളപ്പെടുത്തി അവിടെ എൽഇഡി ഫിറ്റിങ്സ് വച്ച് മേൽക്കൂര വാർക്കുകയാണ് വേണ്ടത്. ഇലക്ട്രിക്കൽ ലേ ഔട്ട്‌ തയാറാക്കി ഇവിടേക്കുള്ള കണക്ഷൻ പൈപ്പും നൽകിയിടണം. പണി പൂർത്തിയായ ശേഷം ഫിറ്റിങ്സിനുള്ളിൽ എൽഇഡി ലൈറ്റ് ഇടുന്നതോടെ സംഗതി റെഡിയാകും.

false-ceiling-alternative

സീലിങ്ങിൽ ചുവരിനോട് ചേർന്ന് ജിപ്സത്തിന്റെ കോർണിസ് വർക് പിടിപ്പിക്കുക കൂടി ചെയ്‌താൽ ഫോൾസ് സീലിങ് നൽകിയ പോലെ തോന്നുകയും ചെയ്യും.

ചെറിയ സ്പോട്ട് ലൈറ്റ് മുതൽ വലിയ ഡെക്കറേറ്റീവ് വരെ പിടിപ്പിക്കാവുന്ന തരത്തിലാണ് ഫിറ്റിങ്ങ്സിന്റെ ഡിസൈൻ. കട്ടർ ഉപയോഗിച്ച് മുറിച്ചു മാറ്റാവുന്ന അഞ്ച് ഭാഗങ്ങളാണ് ഫിറ്റിങ്ങ്സിലുള്ളത്. ചെറിയ എൽഇഡി ലൈറ്റ് ആണെങ്കിൽ നടുവിലുള്ള ഭാഗം മാത്രം മുറിച്ചു മാറ്റിയാൽ മതിയാകും. അൽപം കൂടി വലുതിനു നടുവിലെ രണ്ട് ലെയർ മുറിച്ചു മാറ്റാം. വലിയ ലൈറ്റ് ആണെങ്കിൽ അഞ്ച് ലെയറും മുറിച്ചു മാറ്റിയാൽ മതിയാകും.

ചതുരാകൃതിയിലും വൃത്താകൃതിയിലും റെഡിമെയ്ഡ് എൽഇഡി ഫിറ്റിങ്ങ്സ് ലഭിക്കും. 5x8 ഇഞ്ചാണ് സ്റ്റാൻഡേർഡ് സൈസ്. ഒന്നര ഇഞ്ചാണ് കനം. ഭാരം വളരെ കുറവാണ്. വെള്ളം വീണാലോ മറ്റോ യാതൊരു കെടും പറ്റില്ല. 210 രൂപ മുതൽ 660 രൂപ വരെയാണ് വില. ചെറിയ ഒരു മുറി ഫോൾസ് സീലിങ് ചെയ്യാൻ മാത്രം 10,000 രൂപയിലേറെ ചെലവു വരുംമ്പോഴാണിത്.

Content Summary: False Ceiling Alternative Trends

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
FROM ONMANORAMA