വീട്ടിൽ വിഷം തളിക്കല്ലേ; അറിയണം ഈ നുറുങ്ങു വിദ്യകൾ

house-cleaning-tips
SHARE

വീടും വീട്ടുസാധനങ്ങളും വൃത്തിയാക്കാന്‍ പലവിധ ലോഷനുകള്‍ ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാണ്. പക്ഷേ പ്രധാന പ്രശ്നം ഇവയിലടങ്ങിയിരിക്കുന്ന കെമിക്കലുകളാണ്. കൈകളില്‍ അലര്‍ജി ഉണ്ടാക്കുന്നത് മുതല്‍ കുട്ടികള്‍ അബദ്ധത്തില്‍ ഉപയോഗിച്ചേക്കാമെന്നുള്ളത് വരെ നിരവധി പ്രശ്നങ്ങള്‍ ഈ ലോഷനുകള്‍ മൂലം ഉണ്ട്. ഈ രാസവസ്തുക്കള്‍ ഇല്ലാതെയും വീട് വൃത്തിയായി സൂക്ഷിക്കാനാകും. അതിന് ചില പൊടിക്കൈകള്‍ അറിഞ്ഞിരുന്നാല്‍ മാത്രം മതി.

1. തറകളിലെ പാട് നീക്കാന്‍

തറകളിലുണ്ടാകുന്ന പാടും പറ്റുന്ന കറകളുമാണ് വീടിന്‍റെ ആകര്‍ഷണീയത നശിപ്പിക്കുന്ന പ്രധാന വില്ലന്‍മാര്‍. മിക്കവരും ക്ലീനിംഗ് ലോഷനും മറ്റും ഉപയോഗിക്കുന്നത് ഇത്തരം കറകളെ പേടിച്ചാണ്. മാരക ലോഷനുകളൊന്നും ഇല്ലാതെയും ഈ കറ സിമ്പിളായി മാറ്റാം. അല്‍പ്പം ബേക്കിംഗ് സോഡ അല്ലെങ്കില്‍ കാരവും വിനാഗിരിയും ചേര്‍ത്ത് ഉപയോഗിച്ചാല്‍ മതി. ഇവ ചേര്‍ത്ത മിശ്രിതം കറയുള്ള ഭാഗത്ത് പുരട്ടുക. അല്‍പ്പസമയം കഴിഞ്ഞ് ഈ മിശ്രിതം തുടച്ച് മാറ്റുന്നതിനൊപ്പം എത്ര കട്ടയുള്ള കറയും അപ്രത്യക്ഷമായിരിക്കും.

2. ജനല്‍ചില്ലിലെയും കണ്ണാടിയിലെയും പാട് മാറ്റാം

ഇവയാണ് വീടിന്‍റെ സൌന്ദര്യം കെടുത്തുന്ന അടുത്ത ഘടകങ്ങള്‍. വിലകൂടിയ ലോഷന് പകരം മുറിച്ച ഉരുളക്കിഴങ്ങ് മതി ഈ കണ്ണാടിയും ചില്ലും പാടുകളില്ലാതെ വൃത്തിയാക്കാന്‍. ഉരുളക്കിഴങ്ങ് തേച്ച് പിടിപ്പിക്കുക. അഞ്ച് മിനുട്ട് കഴിഞ്ഞ് തുണി കൊണ്ട് തുടച്ച് മാറ്റുക. കണ്ണാടിയും ജനല്‍പ്പാളിയും തിളങ്ങുന്നത് കാണാം.

3. തറ തിളങ്ങി നില്‍ക്കാന്‍

തറ ടൈലായാലും, മാര്‍ബിളായാലും വുഡണ്‍ ഫ്ലോറായാലും ഇനി സിമന്‍റിട്ടതായാലും അല്‍പ്പം വിനാഗരി ചേര്‍ത്ത വെള്ളം കൊണ്ട് തുടച്ച് നോക്കൂ. തറ തിളങ്ങുന്നത് കാണാം.

4. കട്ടിംഗ് ബോര്‍ഡ്

കട്ടിംഗ് ബോര്‍ഡില്‍ ഇ-കോളി ബാക്ടീരിയകള്‍ വരെ ഉണ്ടാകുമെന്നാണ് തെളിയിക്കപ്പെട്ടിട്ടുള്ളത്. അതിനാല്‍ ഇവ സുരക്ഷിതമായി വൃത്തിയാക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍ പച്ചക്കറികളും മറ്റും അരിയാന്‍ ഉപയോഗിക്കുന്നതിനാല് കെമിക്കലുകള്‍ അടങ്ങിയ ലോഷനും വൃത്തിയാക്കാന്‍ ഉപയോഗിക്കുന്നത് അത്ര സുരക്ഷിതമല്ല. ഒരു കഷണം നാരങ്ങയാകാം ഇതിന് പകരം. നാരങ്ങ തേച്ച് പിടിപ്പിച്ച ശേഷം അഞ്ച് മിനിറ്റ് കഴിഞ്ഞ് ബേക്കിംഗ് സോഡ കൊണ്ട് കട്ടിംഗ് ബോര്‍ഡ് ഉരച്ച് കഴുകിയാല്‍ മതി.

5. ഫ്രിഡ്ജിലെ മോശം മണം മാറാന്‍

പഴകിയ സാധനങ്ങള്‍ ഇരുന്നാല്‍ പിന്നെ ഫ്രിഡ്ജ് തുറക്കുമ്പോള്‍ ഉള്ള മണം സഹിക്കാനാകില്ല. സാധനങ്ങള്‍ മാറ്റിയാലും ഈ മണം മാറുകയുമില്ല. നാരങ്ങ ചേര്‍ത്ത വെള്ളം കൊണ്ട് ഫ്രിഡ്ജ് തുടച്ചാല്‍ ഈ മണത്തെ തുരത്താം. വേണമെങ്കില്‍ ഒരു നുള്ള് ബേക്കിംഗ് സോഡയും ഈ നാരങ്ങ വെള്ളത്തില്‍ ചേര്‍ക്കാം.

6. ബാത്റൂം ടൈലും ഭിത്തിയും വാതിലും

എപ്പോഴും വെള്ളം വീഴുന്ന സ്ഥലമാണെങ്കിലും ഇത്രയധികം ചളിപ്പാടുകള്‍ ബാത്റൂമിന്‍റെ ഭിത്തിയില്‍ മാത്രം വരുന്നതെങ്ങനെ എന്ന് അമ്പരക്കാത്തവര്‍ ഉണ്ടാകില്ല. ഈ പ്രദേശം വൃത്തിയാക്കാനും നാരങ്ങയും ബേക്കിംഗ് സോഡയും ചേര്‍ന്ന മിശ്രിതം ഉപയോഗിക്കാം. ഇവ ഉപയോഗിച്ച് വൃത്തിയാക്കിയ ശേഷം അല്‍പ്പം ഡെറ്റോള്‍ തളിച്ച വെള്ളം ഉപയോഗിച്ചും കഴുകാം. ആഴ്ചയിലൊരിക്കല്‍ മാത്രം ഇങ്ങനെ ചെയ്താല്‍ ബാത്റൂമിന്്‍റെ ഭിത്തി നോക്കി പിന്നീട് നിങ്ങള്‍ക്ക് നെടുവീര്‍പ്പ് ഇടേണ്ടി വരില്ല.

Content Summary: House Cleaning Tips

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME DECOR
SHOW MORE
FROM ONMANORAMA