ADVERTISEMENT

ഒരു മുറിയുടെ ഭംഗി നിശ്ചയിക്കുന്നതിൽ ഫർണിച്ചറിന് പ്രധാന പങ്കുണ്ട്. എത്ര ഭംഗിയായി ഒരുക്കിയ മുറിയാണെങ്കിലും ഫർണിച്ചർ മോശമായാൽ കഥ തീർന്നു. ചിലപ്പോൾ അത്ര ഭംഗിയില്ലാത്ത മുറിയെ മെച്ചപ്പെടുത്താനും നല്ല ഫർണിച്ചറിനാവും. അതുകൊണ്ട് ഫർണിച്ചർ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കാം.

 

ഇനി ആകൃതിയില്ലല്ലോ!

പ്രത്യേകിച്ച് ആകൃതിയില്ലാത്തതും ഒഴുകുന്ന(ഫ്ലൂയിഡ്) ഡിസൈനിലുളളതുമായ ഫർണിച്ചറാണ് വരും വർഷങ്ങളിൽ ട്രെൻഡ് ആകാൻ സാധ്യതയുളളത്. കൂർത്ത അരികുകളില്ലാത്തതും മുഴച്ചു നിൽക്കാത്തതുമായ ഡിസൈൻ ആണ് ഇവയ്ക്ക്. അക്രിലിക്, പോളി കാർബണേറ്റ്, ഗ്ലാസ്, സ്റ്റെയിൻലെസ് സ്റ്റീൽ തുടങ്ങിയ മെറ്റീരിയലുകളാണ് ഇവ നിർമിക്കാൻ കുടുതലായും ഉപയോഗിക്കുന്നത്. അവരവരുടെ ശാരീരിക അളവുകൾക്ക് അനുസരിച്ചുളള (ആന്ത്രോപൊമെട്രിക്) ഫർണിച്ചർ തിരഞ്ഞെടുക്കുന്നതിനും പ്രചാരമേറുന്നു. ഇത്തരം ഫർണിച്ചർ സുഖകരമാണെന്നതും അല്ലാതുളളവ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നതും ഇവയോടുളള താല്പര്യം കൂട്ടുന്നു.

തടിമാടൻ ഫർണിച്ചറിൻറെ കാലം കഴിഞ്ഞുവെന്നതാണ് ഫർണിച്ചർ വിപണിയിലെ ഏറ്റവും വലിയ വാർത്ത. മെലിഞ്ഞ, കൊത്തുപണികളില്ലാത്ത, ലളിതവും മാറ്റ് ഫിനിഷിലുളളതുമായ ഫർണിച്ചർ ആണ് ട്രെൻഡ്. ആധുനിക ഫർണിച്ചറിന് ഡിസ്ട്രസ്ഡ് പെയിന്റ് ഫിനിഷ് നൽകുന്നത് അവയ്ക്ക് വ്യക്തിത്വമേകുന്നു. പരമ്പരാഗത ശൈലിക്കാർ കൊത്തുപണിയിൽ ഒരു കൈ നോക്കുമെങ്കിലും ആഡംബരമില്ലാത്ത ലളിതമായ തടി ഫർണിച്ചറിനോടുളള പ്രിയം കൂടിയിട്ടുണ്ട്. ഫ്യൂഷൻ ശൈലിയിലുളള വീടുകളിലും ഇത്തരം ഫർണിച്ചറിനാണ് മുൻ തൂക്കം. ആന്റിക് ഫർണിച്ചറിന്റെ മാതൃകയിൽ പണിയിക്കുന്നവരും ലാളിത്യത്തെ കൂട്ടു പിടിക്കാൻ തുടങ്ങി.

തടി ഫർണിച്ചറിനോടുളള പ്രിയം കുറഞ്ഞുവെന്നതും ഫർണിച്ചർ വിപണിയിലെ പുതുകാഴ്ചയാണ്. ഗ്ലോസി ഫിനിഷിലുളള ഫർണിച്ചറിന് ഗുഡ്ബൈ. മാറ്റ് ഫിനിഷ് ആണ് ഇപ്പോൾ താരം. യൂസ് ആൻഡ് ത്രോ എന്നതാണ് പുതുതലമുറയുടെ ഫർണിച്ചർ നയം. ഒരേ ഫർണിച്ചർ തന്നെ ജീവിതകാലം മുഴുവൻ ഉപയോഗിക്കുന്നത് ഇവർക്ക് ചിന്തിക്കാൻ പോലുമാകില്ല. അഞ്ചു വർഷം കൂടുമ്പോൾ ഫർണിച്ചർ മാറ്റുന്നതിനോടാണ് ന്യുജനറേഷന് താല്പര്യം.

സമകാലിക ഡിസൈനിലുളള ഫർണിച്ചറാണ് ഹിറ്റ് ലിസ്റ്റിൽ ഒന്നാമതുളളത്. ലളിതവും നേർ രേഖയിലുളളതുമായ സമകാലിക ഡിസൈൻ വൃത്തിയാക്കാനും എളുപ്പമായിരിക്കും. തടി ഫർണിച്ചറിനെ അപേക്ഷിച്ച് ചെലവും ഭാരവും ഇവയ്ക്ക് കുറവായിരിക്കും. പ്ലൈവുഡ്, എംഡിഎഫ്, എച്ച്ഡിഎഫ്, ഗ്ലാസ്, മെറ്റൽ തുടങ്ങിയ മെറ്റീരിയലുകളിലാണ് സമകാലിക ഫർണിച്ചർ കൂടുതലായും നിർമിക്കുന്നത്. ഫർണിച്ചറിന് വിവിധ തരം ഫിനിഷും ടെക്സ്ചറും നൽകുന്ന പുതിയ ലാമിനേറ്റുകളും സുലഭമാണ്.

ലോബാക്ക് ആണെന്നതും കന്റെംപ്രറി ഫർണിച്ചറിന്റെ പ്രത്യേകതയാണ്. ഉയരം കുറഞ്ഞ കട്ടിലുകളോടാണ് ഇന്ന് പ്രിയം. മുറികൾക്കു വലുപ്പം തോന്നിക്കാനും കന്റെംപ്രറി ഫർണിച്ചർ ഉപകരിക്കും അതിനാൽ ഫ്ലാറ്റുകളിലേക്കും യോജിക്കും.

 

കസ്റ്റമൈസ്ഡ് വന്നു കഴിഞ്ഞു

മറ്റാർക്കുമില്ലാത്ത എക്സ്ക്ലൂസിവ് ഡിസൈൻ ആണ് ഇന്ന് മിക്ക വീട്ടുകാരും ആഗ്രഹിക്കുന്നത്. അതുകൊണ്ട് റെഡിമെയ്ഡ് ഫർണിച്ചർ വാങ്ങാതെ അവരവരുടെ വീടിന്റെ നിറത്തിനും തീമിനും ഇണങ്ങുന്ന രീതിയിൽ ഫർണിച്ചർ പണിയിച്ചെടുക്കുന്നതിനോടാണ് മിക്കവർക്കും താല്പര്യം. ഇത്തരത്തിലുളള കസ്റ്റംമെയ്ഡ് ഫർണിച്ചറിന് ആരാധകർ കൂടിവരികയാണ്. പ്രമുഖ ഡിസൈനർമാർ രൂപകൽപന ചെയ്യുന്ന ഡിസൈനർ ഫർണിച്ചറും കേരളത്തിൽ വേരോടി തുടങ്ങിയിട്ടുണ്ട്.

കടക്കാരോടു പറഞ്ഞ് ഇഷ്ട ഡിസൈൻ പണിയിക്കാം. അല്ലെങ്കിൽ സ്വന്തമായി പണിയിച്ചെടുക്കുകയുമാകാം. എക്സ്ക്ലൂസീവ് ഡിസൈനിന് ചെലവുണ്ട്. ഒരൊറ്റ പീസ് പണിയുന്നതുകൊണ്ട് ഇവയ്ക്കു ചെലവ് കൂടും. മാത്രമല്ല, പ്രത്യേകം പണിയിക്കുന്ന ഡിസൈൻ ആയതുകൊണ്ട് തെറ്റുപറ്റിയാൽ മാറ്റുമ്പോൾ അധികച്ചെലവുണ്ടാകും. അതുകൊണ്ട് കടയിൽ പണിയിക്കുകയാണ് നല്ലത്. വീട്ടിലാണ്് പണിയിക്കുന്നതെങ്കിൽ ഡിസൈൻ കൃത്യമായി പണിക്കാരെ കാണിച്ചു മനസ്സിലാക്കണം.

പ്രകൃതിയോടിണങ്ങിയതും പുനരുപയോഗം ചെയ്തതും ഗ്രീൻ വിഭാഗത്തിൽ പെട്ടതുമായ ഫർണിച്ചറിന് കാലം ചെല്ലുംതോറും പ്രിയം കൂടിവരികയാണ്. പ്രകൃതിയിൽ സുലഭമായ നിർമാണ സാമഗ്രികൾകൊണ്ടുണ്ടാക്കുന്നതും കേടായാൽ മണ്ണിൽ ലയിച്ചു ചേരുന്നതുമായ ഫർണിച്ചർ ആണ് ഇതിൽപെടുന്നത്. തടി, ചൂരൽ, മുള, പ്ലാന്റേഷൻ വുഡ് തുടങ്ങിയവകൊണ്ടുളള ഫർണിച്ചർ പ്രകൃതിക്കിണങ്ങിയതാണ്. ചൂരൽ, മുള ഫർണിച്ചിന് താരതമ്യേന വില കുറവാണ്. എന്നാൽ ഇവകൊണ്ടുളള ഇറക്കുമതി ചെയ്ത ഫർണിച്ചറിന് വിലകൂടും. പഴയ തടികൊണ്ടു പണിയുന്ന ഫർണിച്ചറിനും ചെലവ് കുറവാണ്. വാഴനാര്, കുളവാഴ, സീഗ്രാസ് എന്നിവ കൊണ്ടുളള റെഡിമെയ്ഡ് ഫർണിച്ചറും ലഭ്യമാണ്.

ഫ്ലാറ്റുകൾ വ്യാപകമായതോടെ സ്ഥലം ലാഭിക്കുന്നതും പല ഉപയോഗങ്ങളുളളതുമായ മൾട്ടി പർപസ് ഫർണിച്ചറിനും പ്രചാരമേറിയിട്ടുണ്ട്. സ്റ്റോറേജ് സൗകര്യമുളള ഫർണിച്ചർ ചെറിയ വീടുകൾക്ക് അനുയോജ്യമാണ്.

 

ഇടയ്ക്കിടെ മാറ്റാം

‘യൂസ് ആൻഡ് ത്രോ’ ഫർണിച്ചറിന് ആരാധകരേറിയതോടെ ഈ വിഭാഗത്തിൽപെട്ട ഡിറ്റാച്ബൾ ഫർണിച്ചറിന് ആവശ്യക്കാർ കൂടിയിട്ടുണ്ട്. പലഭാഗങ്ങളായി അഴിച്ചെടുത്ത് ആവശ്യാനുസരണം യോജിപ്പിക്കാവുന്ന ഫർണിച്ചറാണ് ഇവ. ഔദ്യോഗികാ വശ്യങ്ങൾക്കായി ഇടയ്ക്കിടെ താമസം മാറുന്നവർക്ക് അനുഗ്രഹമാണ് ഇത്തരം ഫർണിച്ചർ. ഇടയ്ക്കിടെ ഇന്റീരിയർ പുതുക്കുന്നതിനനുസരിച്ച് ഫർണിച്ചർ പുതുക്കാമെന്നതും ഇതിൻറെ ഗുണമാണ്. ചൈന, ഇന്തൊനീഷ്യ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഈ ഫർണിച്ചറിന് ദീർഘകാല ഈട് ഉറപ്പു നൽകാനാവില്ല.

തടി ഫർണിച്ചറിനോടുളള താല്പര്യം കുറഞ്ഞിട്ടുണ്ടെങ്കിലും അന്നും ഇന്നും എന്നും തടിയെ ഹൃദയത്തിൽ കൊണ്ടു നടക്കുന്ന ഒരു പറ്റം ആളുകളുണ്ട്. പരമ്പരാഗത ശൈലിയിലുളള വീടുകൾക്ക് തടിയോളം ചേർച്ച വേറൊന്നില്ല. എത്നിക്, ആന്റിക് ശൈലിയിലുളള ഇന്റീരിയറിനും തടി തന്നെ മികച്ചത്. പ്രകൃതി ദത്തമാണെന്നതും കേരളീയ കാലാവസ്ഥയ്ക്ക് ഏറ്റവും യോജിച്ചതാണെന്നതും തടിയുടെ മേന്മകളാണ്. ഓർമകളുണർത്തുന്ന പഴയ ഫർണിച്ചർ പുതുക്കി ഉപയോഗിക്കുന്നവരുടെ എണ്ണവും കൂടി വരുന്നു.

English Summary- Furniture Trends 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com