വീട്ടുകാർക്ക് വീട് സ്വയം പെയിന്റ് ചെയ്യാമോ?

painting-house-self
SHARE

പെയിൻറിങ്ങുമായി ബന്ധപ്പെട്ട് പൊതുവായി ഉണ്ടാകുന്ന ചില സംശയങ്ങളും അവയ്ക്കുളള മറുപടിയും.

സ്പ്രേ ചെയ്ത് പെയിന്റ് അടിക്കാവുന്ന പല തരത്തിലുളള ഉപകരണങ്ങൾ വിപണിയിൽ ലഭിക്കുന്നുണ്ട്. ഇതുപയോഗിച്ച് വീട്ടുകാർക്കു തനിയെ പെയിൻറ് ചെയ്യാൻ സാധിക്കുമോ ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ് ?

വീട് തനിയെ പെയിൻറ് ചെയ്യാവുന്ന വിവിധ തരം സ്പ്രേ പെയിൻറ് ഗണ്ണുകൾ ഇപ്പോൾ  വിപണിയിൽ ലഭ്യമാണ്. കബോർഡുകളിലും മെറ്റൽ ഭാഗങ്ങളിലും പെയിൻറ് ചെയ്യാവുന്ന സ്പ്രേ പെയിൻറ് ബോട്ടിലുകളും ലഭ്യമാണ്. ശ്രദ്ധയോടെ ചെയ്താൽ വളരെ എളുപ്പമാണ് സ്പ്രെയർ ഉപയോഗിച്ച് പെയിൻറ് ചെയ്യാൻ.

1. പെയിൻറ് ചെയ്യേണ്ടാത്ത സാധനങ്ങൾ പേപ്പർ ഉപയോഗിച്ച് മൂടി വയ്ക്കുകയാണ് ആദ്യത്തെ ഘട്ടം.

2. പെയിൻറ് ബക്കറ്റിൽ നിന്ന് വൃത്തിയുളള മറ്റൊരു ബക്കറ്റിലേക്ക് പെയിൻറ് അരിച്ച് ഒഴിക്കണം. പെയിൻറിൽ കരട് ഉണ്ടെങ്കിൽ സ്പ്രേ ഗണ്ണിന്റെ ദ്വാരം അടഞ്ഞിരിക്കും. അത് ഒഴിവാക്കാനാണ് പെയിന്റ് അരിക്കുന്നത്.

3. പെയിന്റ് ഗണ്ണിന്റെ ടാങ്കിൽ അരിച്ചെടുത്ത പെയിന്റ് നിറയ്ക്കുക. ഉപയോഗിക്കുന്ന പെയിന്റിനനുസൃതമായി നോസിൽ ഘടിപ്പിക്കുകയാണ് അടുത്ത ഘട്ടം. ഓരോ ആവശ്യത്തിനുമുളള നോസിലുകൾ ഏതെല്ലാമാണെന്ന് ഇൻസ്ട്രക്ഷൻ മാനുവലിൽ വിവരിച്ചിട്ടുണ്ടാകും.

4. ഒരു കഷണം കാർഡ് ബോർഡിലോ തടിക്കഷണത്തിലോ അടിച്ചു നോക്കിയതിനുശേഷം വേണം  ഭിത്തിയിൽ അടിക്കാൻ. ഏത് സ്പീഡിൽ അടിക്കണമെന്ന് മനസ്സിലാക്കാൻ പ്രഷർ നോസിൽ വ്യത്യാസപ്പെടുത്തി നോക്കണം.

5. ഭിത്തിയിൽ നിന്ന് ഏകദേശം 12 ഇഞ്ച് മാറ്റി സ്പ്രേ ഗൺ പിടിച്ചതിനുശേഷം വേണം പെയിന്റ് ചെയ്യാൻ. ഒന്നുകിൽ തിരശ്ഛീനമായോ അല്ലെങ്കിൽ  ലംബമായോ വേണം ഗൺ ചലിപ്പിക്കാൻ. ഒരു കോട്ട് അടിച്ചു കഴിഞ്ഞ് ഉടൻ തന്നെ രണ്ടാമത്തെ കോട്ട് അടിക്കുന്നതാണ് നല്ലത്. ആദ്യത്തെ കോട്ട്  മുഴുവനായി ഉണങ്ങിയതിനുശേഷം രണ്ടാം കോട്ടടിച്ചാൽ ആദ്യമടിച്ചതിന്റെ പാടുണ്ടാകും.

6. ഭിത്തിയുടെ അവസാന ഭാഗമെത്തുന്നതിനു തൊട്ടുമുമ്പ് പെയിന്റങ് ഗൺ ഓഫ് ചെയ്യുന്നതാണ് നല്ലത്. അല്ലെങ്കിൽ കൂടുതൽ പെയിന്റ് പതിച്ച് മറ്റു ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായ ഫിനിഷിൽ കാണും.

7. മികച്ച ഫിനിഷിനുവേണ്ടി കനം കുറഞ്ഞ ഒന്നോ രണ്ടോ കോട്ട് അടിക്കുന്നതാണ് നല്ലത്. കനം കൂടിയ കോട്ടാണെങ്കിൽ ഫിനിഷ് കുറവായിരിക്കും.

8. ഉപയോഗശേഷം പെയിന്റ് തിന്നർ ഉപയോഗിച്ച് ഗൺ തുടച്ചു സൂക്ഷിക്കാം. വീട്ടുകാരുടെ സമയത്തിനും സൗകര്യത്തിനും അനുസരിച്ച് പെയിന്റ് ചെയ്യാമെന്നതാണ് ഗുണം.

home-interior-painting

പെയിൻറ് ചെയ്ത ഭിത്തിയിലെ വിളളൽ മാറാൻ എന്തു ചെയ്യണം ?

ഭിത്തി നിർമിക്കുന്ന സമയത്തെ പല അപാകതകൾ കൊണ്ടും തലനാരിഴ വലുപ്പമുളള വിളളലുകൾ മുതൽ വലിയ വിളളലുകൾ വരെ ഉണ്ടാകാറുണ്ട്. ഈ ഭാഗത്തെ പെയിൻറ് പൊളിഞ്ഞിളകി വരുകയും ചെയ്യും. ഇത്തരം ചെറിയ വിളളലുകൾ വീട്ടുകാർക്കു തന്നെ പരിഹരിക്കാവുന്നതാണ്.

1. ഒരു സ്ക്രൂ ഡ്രൈവർ അല്ലെങ്കിൽ പുട്ടിയിടാനുളള കത്തി ഉപയോഗിച്ച് വിളളലിന്റെ മുഖം ചെറുതായൊന്ന് വലുതാക്കണം.

2. ഈ വിളളലിനിടയിലെ പൊടിയും അഴുക്കുമെല്ലാം ഒരു ബ്രഷ് ഉപയോഗിച്ച് കളഞ്ഞ് വൃത്തിയാക്കുകയാണ് അടുത്ത ഘട്ടം.

3. വിപണിയിൽ ലഭിക്കുന്ന ഫില്ലറുകൾ, പുട്ടിയിടാൻ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് ഈ വിളളലിൽ നിറയ്ക്കുകയാണ് അടുത്ത ഘട്ടം.

4. ഉണങ്ങിക്കഴിഞ്ഞാൽ സാൻഡ് പേപ്പർ ഉപയോഗിച്ച് മിനുസപ്പെടുത്തി മുകളിൽ  പെയിന്റടിക്കാം.

English Summary- Painting House Self Painting Tips

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME DECOR
SHOW MORE
FROM ONMANORAMA