ഇത്തവണ ചൂട് നേരത്തേയെത്തി; എസിയും ഫാനും വയ്ക്കുമ്പോൾ ശ്രദ്ധിക്കുക

summer-heat-house
SHARE

അതിരാവിലെ തണുപ്പ്, ഉച്ചയായാൽ ഭയങ്കര ചൂട്. ജനുവരിയായപ്പോഴേക്കും ഇത്രയും ചൂടാണെങ്കിൽ മാർച്ചും ഏപ്രിലും മേയും ഒക്കെ എന്താകും അവസ്ഥ?  ആളുകൾ കൂളറും എസിയും വാങ്ങാൻ ഓട്ടപ്പാച്ചിൽ തുടങ്ങുന്ന മാസങ്ങളാണ് വരാൻ പോകുന്നത്. ഫാനും എസിയും വയ്ക്കുന്നതിനു മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പിന്നീടുള്ള അസൗകര്യങ്ങൾ ഒഴിവാക്കാം.

ഇരിക്കുന്ന ഇടത്തിനും കിടക്കുന്ന ഇടത്തിനും മുകളിലായി ഫാൻ പിടിപ്പിച്ചാൽ കാറ്റ് നന്നായി ലഭിക്കും. ചെറിയ മുറിയാണെങ്കിൽ മധ്യത്തിൽ നൽകാം. പെഡസ്റ്റൽ, ഓസിലേറ്റിങ് ഫാൻ ആണെങ്കിൽ ആളുകൾ ഇരിക്കുന്നതിനോ കിടക്കുന്നതിനോ അഭിമുഖമായി വയ്ക്കുന്നതാണ് കാറ്റ് കിട്ടാൻ നല്ലത്. വലിയ മുറികളിൽ സീലിങ് ഫാനും ചെറിയ മുറികളിൽ ഓസിലേറ്റിങ് ഫാനും ആണ് നല്ലത്.

ഡൈനിങ് റൂമിലേക്ക് കൂടുതൽ ഇണങ്ങുക ഓസിലേറ്റിങ് ഫാൻ ആണ്. കാരണം, കാറ്റ് ഭക്ഷണം കഴിക്കുന്നവർക്കാണ് ലഭിക്കേണ്ടത്. അല്ലാതെ മേശപ്പുറത്തിരിക്കുന്ന ഭക്ഷണസാധനങ്ങൾക്കല്ല. പൊതുവെ കണ്ടുവരുന്നത് ഊണുമേശയ്ക്കു മുകളിലായി ഫാൻ നൽകുന്നതാണ്. ഫാൻ കൃത്യമായി വൃത്തിയാക്കിയില്ലെങ്കിൽ ഫാനിൽ നിന്നുള്ള പൊടിപടലങ്ങൾ കിടക്കയിലും ഊണുമേശയിലും വീഴാൻ സാധ്യതയുണ്ടെന്നതും ഓസിലേറ്റിങ് ഫാനിനോടുള്ള താൽപര്യം കൂട്ടുന്നു.

എസി വയ്ക്കുമ്പോൾ ഇരിപ്പിടത്തോടും കിടക്കയോടും ചേർന്നുള്ള ചുവരിൽ വച്ചാൽ മുറി മുഴുവൻ തണുക്കാൻ കാത്തുനിൽക്കാതെ തന്നെ ആളുകൾക്ക് തണുപ്പ് കിട്ടും. പക്ഷേ, എസി വൃത്തിയാക്കുമ്പോൾ കിടക്കയിലും ഇരിപ്പിടത്തിലും അഴുക്ക് പുരളാൻ സാധ്യതയുണ്ടോ എന്നു നോക്കണം. മാത്രമല്ല കിടക്കുമ്പോൾ നേരിട്ട് മുഖത്തേക്ക് തണുപ്പടിക്കുന്നത് അസുഖങ്ങൾ വരുത്താനും സാധ്യതയുണ്ട്.

ac

എസി ഉയരത്തിൽ നൽകുന്നതാണ് തണുപ്പ് കൂടുതൽ ലഭിക്കാൻ നല്ലത്. പക്ഷേ, വൃത്തിയാക്കാൻ ബുദ്ധിമുട്ടാകില്ല എന്നുറപ്പു വരുത്തണം. ഇലക്ട്രിക്കൽ ഫിറ്റിങ്സിന്റെ മുകളിൽ എസി വരാതെ ശ്രദ്ധിക്കണം. ചോർച്ചയുണ്ടായാൽ അപകടമാണ്. അതുപോലെ പൊടി എളുപ്പം അടിയാൻ സാധ്യതയുള്ളയിടത്തും എസി വയ്ക്കരുത്. ഇടയ്ക്കിടെ ഫിൽറ്റർ വൃത്തിയാക്കേണ്ടിവരും.

നേരിട്ട് സൂര്യപ്രകാശം അടിക്കാനും തീപിടിക്കാനും ദ്രവിക്കാനും സാധ്യതയുള്ളിടത്ത് എസിയുടെ പുറംഭാഗം വയ്ക്കരുത്. മെയിന്റനൻസിന് എളുപ്പമുണ്ടായിരിക്കണം. തടസ്സങ്ങളില്ലാതെ വായു പുറത്തു പോകാനുള്ള സ്ഥലവും എസിക്കു ചുറ്റുമുണ്ടായിരിക്കണം.

English Summary- Cooling House in Summer

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME DECOR
SHOW MORE
FROM ONMANORAMA