നിങ്ങളുടെ വീടിന്റെ പെയിന്റിൽ വിഷമുണ്ടോ? കണ്ടെത്താം, പരിഹരിക്കാം

paint-house
Representative Image
SHARE

വീടുപണിയുടെ അവസാന ഘട്ടമാണ് പെയിന്റിങ്. എത്ര ലക്ഷങ്ങൾ മുടക്കി വീടു പണിതാലും പെയിന്റിങ് പിഴച്ചാൽ അതിന്റെ സകല ശോഭയും നഷ്ടമാകും. അതിനാൽ വീടു പണിയാൻ മനസ്സിൽ ഒരുക്കം തുടങ്ങുമ്പോഴേ ഏതു പെയിന്റ് വേണം എന്നുകൂടി വീട്ടുടമ ചിന്തിക്കുന്നു. എന്നാൽ ഈ ചിന്ത പലപ്പോഴും നിറങ്ങളുടെ കാര്യത്തിൽ മാത്രമായി ഒതുങ്ങുകയാണു പതിവ്. നിറങ്ങൾക്കപ്പുറം പെയിന്റിന്റെ ഗുണനിലവാരം, അതിലടങ്ങിയിരിക്കുന്ന വിഷാംശത്തിന്റെ അളവ് തുടങ്ങി ഒട്ടേറെ കാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്. 

പല പെയിന്റുകളും ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നു എന്ന തിരിച്ചറിവ് എത്ര പേർക്കുണ്ട്? 

നിറം നൽകുന്ന വർണവസ്തു അഥവാ പിഗ്‌മെന്റ്, വർണവസ്തുവിനെ ഭിത്തിയോടോ മറ്റു പ്രതലത്തോടോ ചേരാൻ സഹായിക്കുന്ന ബൈൻഡർ (binder), ഈ വസ്തുക്കളെ ലയിപ്പിച്ചു ദ്രാവകരൂപത്തിലാക്കുന്ന സോൾവെന്റുകൾ (solvents), ഫംഗസുകളെയും മറ്റും പ്രതിരോധിക്കുന്ന അധികചേരുവകൾ (Additives) എന്നിവയാണു പെയിന്റിലെ പ്രധാന ഘടകങ്ങൾ. ഇവയെല്ലാം പൂർണമായും ശരീരത്തിനു പ്രശ്നമുണ്ടാക്കാത്തവയാണ് എന്ന ചിന്ത വേണ്ട. 

paint

പെയിന്റടിക്കുന്നതിനു മുൻപ് ഉപയോഗിക്കുന്ന പ്രൈമറും, ഫർണിച്ചറുകൾ, കതക്, ജനൽ തുടങ്ങിയവയുടെ രൂപഭംഗി കൂട്ടാൻ സഹായിക്കുന്ന വാർണിഷിങ് തുടങ്ങിയവയും ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകാം. എന്നാൽ ശാരീരികമായി അനുഭവപ്പെടുന്ന ഈ അസ്വസ്ഥതകൾ മറ്റു പല കാരണങ്ങളും കൊണ്ടാണ് എന്ന തെറ്റിദ്ധാരണയിൽ പെയിന്റിൽ അടങ്ങിയിരിക്കുന്ന വില്ലനെ നാം വെറുതെ വിടുന്നു.

അനവധി രാസഘടകങ്ങളുടെ ആകെത്തുകയാണ് പെയിന്റുകൾ. എന്നാൽ വിപണിയിൽ ലഭ്യമായ എല്ലാത്തരം പെയിന്റുകളും ശരീരത്തിനു ഹാനികരമല്ല. പെയിന്റുകളിലും അനുബന്ധ ഘടകങ്ങളിലും ലെഡ്, നിക്കൽ, സിങ്ക്, കാഡ്മിയം തുടങ്ങിയ ഘനലോഹങ്ങൾ, അസറ്റോൺ (Acetone), സയലീൻ (Xylene), ടൊളുവിൻ (Toluene), ഫോർമാൽഡിഹൈഡ് (Formaldehide), ബെൻസീൻ (Benzene), മീതൈൽ ഈതൈൽ കീറ്റോൺ (Methyl Ethyl Ketone), മഗ്‌നീഷ്യം സിലിക്കേറ്റ് (Magnesium Silicate) തുടങ്ങി പെട്ടെന്നു ബാഷ്പീകരിക്കപ്പെടുന്ന ജൈവ സംയുക്തങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു.പലപ്പോഴും ശാരീരികമായ അസ്വസ്ഥതകൾ സൃഷ്ടിക്കുന്നത് ഈ ഘടകങ്ങളാണ്. ബാഷ്പീകരിക്കപ്പെടുന്ന ജൈവ സംയുക്തങ്ങളുടെ അളവ് പെയിന്റുകളിൽ വളരെ കുറഞ്ഞ അളവിലേ ഉണ്ടാകാൻ പാടുള്ളൂ. അതിനാൽ പെയിന്റ് വാങ്ങുമ്പോൾ ഇക്കാര്യം ചോദിച്ചു മനസ്സിലാക്കിയശേഷം മാത്രം വാങ്ങുക എന്നതാണ് അതിന്റെ ശരിയായ രീതി. അൻപതു ഗ്രാമിൽ താഴെ മാത്രമാണ് ഇത്തരം സംയുക്തങ്ങളുടെ അളവെങ്കിൽ പേടിക്കേണ്ട കാര്യമില്ല. അഞ്ചു ഗ്രാമിൽ താഴെയാണ് അളവെങ്കിൽ പൂർണ സുരക്ഷിതമാണ് എന്നു പറയാം. മുൻനിര ബ്രാൻഡ് പെയിന്റുകളിൽ ഇക്കാര്യങ്ങൾ രേഖപ്പെടുത്തിയിരിക്കും.

പെയിന്റ് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ടോ? 

painting-girl

പെയിന്റിങ് പൂർത്തിയായ മുറിക്കുള്ളിൽ പ്രവേശിക്കുമ്പോൾ കണ്ണുകൾ എരിയുക, ശരീരം പുകയുക, തലകറങ്ങുക, ശക്തമായ തലവേദന, ഛർദിക്കാൻ തോന്നുക, മേലു വേദനിക്കുക തുടങ്ങിയ ശാരീരികാവസ്ഥകൾ വരുന്നുണ്ട് എങ്കിൽ തീർച്ചയായും പെയിന്റിൽ അടങ്ങിയിരിക്കുന്ന വിഷാംശങ്ങൾ നിങ്ങളുടെ ശരീരത്തെ മോശമായി ബാധിക്കുന്നുണ്ടെന്ന് മനസ്സിലാക്കാം. ഇത്തരത്തിലുള്ള അവസ്ഥയെത്തുടർന്നു ശ്വാസതടസ്സം, ബിപി വർധിക്കൽ എന്നിവ വരാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം പ്രശ്നങ്ങൾ കുട്ടികളെയും പ്രായമായവരെയുമാണ് കൂടുതലായി ബാധിക്കുന്നത്.സൈനസൈറ്റിസ്, ശ്വാസകോശവീക്കം തുടങ്ങിയ രോഗാവസ്ഥകളും വളരെ സാധാരണമാണ്. 

ചില വ്യക്തികൾക്ക് പെയിന്റുകൾ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചു വ്യക്തമായ ധാരണയുണ്ട്. എന്നാൽ പുതുമോടി കഴിയുന്നതോടെ ഈ പ്രശ്നങ്ങൾ ഇല്ലാതാകും എന്നാണ് ആളുകൾ വിശ്വസിക്കുന്നത്. ഇതു തെറ്റായ ഒരു ധാരണയാണ്. ആദ്യഘട്ടത്തിൽ അപകടകാരികളായ ഘടകങ്ങളുടെ അളവു വളരെ കൂടുതലായിരിക്കും. പിന്നീട് അത് കുറഞ്ഞു വരും. എന്നാൽ പൂർണമായും ഇല്ലാതാവുകയില്ല. പത്തിലേറെ വർഷങ്ങൾ വരെ ഈ രാസഘടകങ്ങളുടെ സാന്നിധ്യം നിലനിൽക്കുന്നതായി കണ്ടുവരുന്നു.പെയിന്റിലെ പല ഘടകങ്ങളും കാൻസറുണ്ടാക്കാൻ വിദൂര സാധ്യതയുള്ള കാർസിനോജനുകളാണ്. വില കുറഞ്ഞ, ഗുണനിലവാരമില്ലാത്ത പെയിന്റുകളിൽ ഇത്തരം ഘടകങ്ങളുടെ അളവു താരതമ്യേന കൂടുതലായിരിക്കും. ഈ പെയിന്റടിച്ച ഗൃഹാന്തരീക്ഷത്തിൽ കഴിയുന്നത് അപകടകരം. 

ആന്തരാവയവങ്ങളെയും ബാധിക്കാം

painting-ladder

ഗുണനിലവാരമില്ലാത്ത പെയിന്റുകളുടെ ഉപയോഗം ഒരു വ്യക്തിയുടെ ആന്തരാവയവങ്ങളെയും ബാധിക്കാം. കരൾ, വൃക്കകൾ, ദഹനേന്ദ്രിയ വ്യവസ്ഥ, നാഡികൾ എന്നിവയെയാണ് പ്രത്യക്ഷത്തിൽ പെയിന്റുകളിൽ അടങ്ങിയിരിക്കുന്ന ടോക്സിനുകൾ ബാധിക്കുന്നത്. പെയിന്റ് പെട്ടെന്നുണങ്ങാൻ സഹായിക്കുന്ന സംയുക്തങ്ങളാണ് ഇവിടെ വില്ലൻ. ഗുണനിലവാരമുള്ള പെയിന്റുകൾ ഉപയോഗിക്കുക എന്നതു മാത്രമാണ് ഇത്തരം ആരോഗ്യപ്രശ്നങ്ങളിൽനിന്നു രക്ഷപ്പെടുന്നതിനുള്ള പരിഹാരം. വില അൽപംകൂടിയാലും ഘനലോഹങ്ങളും അപകടകാരികളായ ഘടകങ്ങളും ഇല്ലാത്ത അല്ലെങ്കിൽ കുറവായ പെയിന്റുകൾ വാങ്ങുക. മുറികൾ പെയിന്റ് ചെയ്യുമ്പോൾ മതിയായ വെന്റിലേഷൻ ഉറപ്പു വരുത്തുക, പൂപ്പലും മറ്റും പിടിക്കാതിരിക്കാനുള്ള രാസചേരുവകൾ അമിതമായി ഉപയോഗിക്കാതിരിക്കുക, ജലത്തിൽ ലയിപ്പിച്ചെടുക്കുന്ന പെയിന്റുകൾ തിരഞ്ഞെടുക്കുക. മുൻനിര ബ്രാൻഡുകൾ അവരുടെ പെയിന്റിന് ഏഴു വർഷം വരെ വാറന്റി നൽകുന്നുണ്ട്.  

English Summary- Health Hazards of Paints; Healthy House Paiting Tips

മികച്ച ആർക്കിടെക്റ്റുകളെ തിരയുകയാണോ? ഇപ്പോൾ തന്നെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME DECOR
SHOW MORE
FROM ONMANORAMA