ADVERTISEMENT

നമ്മള്‍ പുറത്തെ അന്തരീക്ഷമലിനീകരണത്തെ കുറിച്ച് വാതോരാതെ സംസാരിക്കും. എന്നാല്‍ വീട്ടിനുള്ളിലെ മലിനീകരണത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ ? നമ്മള്‍ വീടുകള്‍ക്കുള്ളില്‍ ശ്വസിക്കുന്ന വായു ശുദ്ധം ആണെന്ന് ഉറപ്പുണ്ടോ ? എങ്കില്‍ അത് വെറും മിഥ്യാധാരണം മാത്രം.

വീടുകള്‍ക്കുള്ളിലെ വായു ക്രമാതീതമായി മലിനമാകുന്ന അവസ്ഥയാണ് ഇപ്പോള്‍. പുറത്തെ അന്തരീക്ഷ മലിനീകരണം തന്നെയാണ് ഇവിടെയും വില്ലന്‍. പ്രത്യേകിച്ച് നഗരങ്ങളില്‍ ആണ് നിലവില്‍ ഈ പ്രശ്നം കൂടുതല്‍. ഇത് നമ്മള്‍ കരുതുന്നതില്‍ കൂടുതല്‍ അപകടമാണ്. പലതരത്തിലെ ശാരീരികമാനസികപ്രശ്നങ്ങള്‍ക്ക് ഇത് കാരണമാകും. എന്നാല്‍ നമ്മള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ ഈ വായുമലിനീകരണം ഒരുപരിധി വരെ കുറയ്ക്കാം. അതിനു ചില വിദ്യകള്‍ നോക്കാം. 

വീടിന്റെ ഡിസൈന്‍ - വീട് പണിയുമ്പോള്‍ തന്നെ വായുസഞ്ചാരം സുഗമമാകും എന്നുറപ്പുവരുത്തണം.  ജനലുകളും വാതിലും ശരിയായ ദിശയില്‍ വച്ചാല്‍ മാത്രമേ ഇത് സാധിക്കൂ. ഫ്ലോര്‍ ഏരിയയുടെ ഇരുപതു മുതല്‍ മുപ്പതു ശതമാനം വരെ ഓപ്പണ്‍ ഏരിയ ഉണ്ടാകണം.കാറ്റ് കുറവുള്ള സ്ഥലം ആണെങ്കില്‍ ഇത് അമ്പതു ശതമാനം വരെയാകാം. ഇനി ഓപ്പണ്‍ സ്പെയിസ് കുറവാണെങ്കില്‍ കോര്‍ട്ട്യാര്‍ഡ്‌ നിര്‍മ്മിച്ച്‌ ആ കുറവ് പരിഹരിക്കാം. കാറ്റ് നല്ലപോലെ കടക്കുന്ന രീതിയില്‍ വേണം എപ്പോഴും ജനലുകള്‍ വയ്ക്കാന്‍. സ്ഥലത്തിന്റെയും , കാറ്റിന്റെയും പ്രത്യകത പരിഗണിച്ചു വേണം ജനലുകള്‍ വയ്ക്കാന്‍.

പൊടി തന്നെ വില്ലന്‍ - വീട്ടിനുള്ളില്‍ പൊടി അടിഞ്ഞു കൂടാതെ കഴിവതും സൂക്ഷിക്കുക . ആഴ്ചയില്‍ ഒരിക്കല്‍ എങ്കിലും തറ തുടയ്ക്കണം. കര്‍ട്ടന്‍ , കുഷന്‍ എന്നിവ എല്ലാം ഇടക്കിടെ നനച്ചു വൃത്തിയാക്കണം. വാക്വം ക്ലീനര്‍ കൊണ്ട് കിടക്ക , കാര്‍പ്പറ്റ് എന്നിവ എല്ലാം ഇടക്കിടെ വൃത്തിയാക്കണം. 

dust-broom

എക്സോസ്റ്റ് ഫാന്‍ - വീടിനുള്ളിലെ മലിനവായു പുറത്തുപോകാന്‍ എക്സോസ്റ്റ് ഫാന്‍ ഘടിപ്പിക്കണം. സീലിങ്ങിനു താഴെ കാറ്റിനു എതിര്‍ദിശയില്‍ ആയി വേണം ഇത് ഘടിപ്പിക്കാന്‍. ബാത്ത് റൂം ,സ്റ്റോര്‍ റൂം ,അടുക്കള എന്നിവിടങ്ങളില്‍ എക്സോസ്റ്റ് ഫാന്‍ നിര്‍ബന്ധമായും വയ്ക്കണം. 

exhaust-fan-bathroom

ചിമ്മിനി - നമ്മള്‍ നിത്യവും ആഹാരം പാകം ചെയ്യുന്ന അടുക്കളയിലെ മലിനവായു പുറത്തുപോകേണ്ടത് അത്യാവശ്യമാണ്. ഗ്യാസ് സ്റ്റൗ, കുക്കിംഗ് റയ്ഞ്ച് എന്നിവയുടെ മുകളില്‍ വേണം ചിമ്മിനി ഘടിപ്പിക്കാന്‍. പാത്രങ്ങള്‍ കഴുകാന്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ പോലും ആവശ്യം കഴിഞ്ഞാല്‍ അടച്ചു സൂക്ഷിക്കണം. 

ഇൻസെക്റ്റ് സ്‌ക്രീൻ - പുറത്തുനിന്നുള്ള പൊടിയും ബാക്ടീരിയയും മറ്റും ഉള്ളില്‍ കടക്കാതെ സൂക്ഷിക്കാന്‍ ജനലുകള്‍,വാതിലുകള്‍ എന്നിവയ്ക്ക് ഇൻസെക്റ്റ് സ്ക്രീന്‍ വയ്ക്കാം. ഇളക്കി വൃത്തിയാക്കാന്‍ കഴിയുന്ന സ്ക്രീനുകള്‍ ഘടിപ്പിച്ചാല്‍ കൂടുതല്‍ നന്ന്.

ഹൈജീനിക്ക് മെറ്റീരിയലുകള്‍ - ഭിത്തി കെട്ടാന്‍ ഉപയോഗിക്കുന്ന കട്ട മുതല്‍ പെയിന്റ് വരെ നല്ല ഗുണമേന്മ ഉള്ളതാകാന്‍ സൂക്ഷിക്കണം. വില കുറഞ്ഞ ചില പെയിന്റുകള്‍ ചൂടുള്ള കാലാവസ്ഥയില്‍ വായൂ മലിനീകരണം ഉണ്ടാക്കിയേക്കാം.

കീടനാശിനി - വീടിനുള്ളില്‍ കീടങ്ങളെ തുരത്താന്‍ കീടനാശിനി പ്രയോഗിക്കുന്നത് ഒട്ടും നന്നല്ല. ഇത് കഴിവതും ഒഴിവാക്കുക. കാരണം ഇവ കീടങ്ങളെ കൊല്ലുക മാത്രമല്ല അന്തരീക്ഷം കൂടി മലിനമാക്കും.

English Summary- Air Pollution Inside House

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com