ADVERTISEMENT

വേഗത്തിൽ എടുക്കാനുള്ള സൗകര്യമോർത്ത് സോപ്പിന് പുറമേ ചീപ്പ്, ഷാംപൂ പോലെയുള്ള വസ്തുക്കൾ കുളിമുറികളിൽ തന്നെ സൂക്ഷിക്കുന്നവരുണ്ട്. ചിലരാകട്ടെ ഡ്രസിംഗ് ടേബിളിൽ  എന്നപോലെ കുളിമുറികളിൽ ഇത്തരം സാധനങ്ങൾ സൂക്ഷിക്കാൻ പ്രത്യേക സൗകര്യം തന്നെ ഒരുക്കുകയും ചെയ്യും. എന്നാൽ മറ്റു മുറികളിൽ ഇത്തരം സാധനങ്ങൾ വയ്ക്കുന്നതിൽനിന്നും വ്യത്യസ്തമായി കുളിമുറികളിൽ സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. 

നനഞ്ഞ ടവ്വലുകളുടെ കാര്യമാണ് അതിൽ പ്രധാനം. കുളിച്ച ശേഷം നനഞ്ഞ ടവ്വലുകൾ ബാത്റൂമിൽ തന്നെ വിരിച്ചിടുന്ന പതിവ് അത്ര നല്ലതല്ല. കുളിമുറികളിൽ എപ്പോഴും നനവ് ഉണ്ടാകും എന്നതാണ് പ്രധാന കാരണം. പരിമിതമായ വിസ്തൃതിയുള്ള കുളിമുറികൾ കൂടുതൽ സമയം അടഞ്ഞു കിടക്കുന്നതിനാൽ  ടവ്വലുകൾ ഉണങ്ങാൻ ഏറെ സമയമെടുക്കും. ഈർപ്പം ഏറെനേരം നിലനിൽക്കുന്നത് മൂലം  ഇവയിൽ ബാക്ടീരിയകൾ പെരുകാൻ സാധ്യത ഏറെയാണ്.  ഇതേപോലെ കുളി കഴിഞ്ഞ് ധരിക്കാനുള്ള വസ്ത്രം ഏറെ മുൻപുതന്നെ കുളിമുറികളിൽ സൂക്ഷിക്കുന്നതും  ദോഷകരമാണ്. ഫംഗസും ബാക്ടീരിയയും വളരെ പെട്ടെന്ന് തുണിത്തരങ്ങളിൽ കടന്നു കൂടുന്നതിനാൽ അവയ്ക്ക് ദുർഗന്ധം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

മുഖത്ത് പുരട്ടുന്ന ക്രീമുകൾ, മേക്കപ്പ് സാധനങ്ങൾ, ഷേവിങ് സെറ്റുകൾ എന്നിവയും കുളിമുറികളിൽ സൂക്ഷിക്കുന്നത് നന്നല്ല. ഇവയിൽ ബാക്ടീരിയകൾ ഇടം പിടിച്ചാൽ ത്വക്‌രോഗങ്ങൾ നിത്യസന്ദർശകരായിരിക്കും. സ്ത്രീകൾ പലപ്പോഴും ആഭരണങ്ങൾ കുളിമുറികളിൽ തന്നെ സൂക്ഷിക്കുന്ന പതിവുണ്ട്.  എന്നാൽ ആഭരണങ്ങളുടെ ഭംഗി വേഗം നഷ്ടമാവുന്നതിന് ഇത് കാരണമാകും. വെള്ളി ആഭരണങ്ങളാണെങ്കിൽ അവ ഈർപ്പം കൂടുതലായി വലിച്ചെടുക്കുന്നതിനാൽ  വളരെ പെട്ടെന്ന് തിളക്കം നഷ്ടപ്പെട്ട് മടങ്ങിപ്പോവുകയും ചെയ്യും. 

എപ്പോഴും വെള്ളത്തിന്റെ സാന്നിധ്യം ഉണ്ടാകുന്നതിനാൽ വീട്ടിലെ മറ്റു മുറികളിൽ നിന്നും കുളിമുറികളിലെ താപനില വ്യത്യാസപ്പെട്ടു കൊണ്ടിരിക്കും. പെർഫ്യൂമുകൾ കുളിമുറിയിലാണ് സൂക്ഷിക്കുന്നത് എങ്കിൽ താപനിലയിൽ ഉണ്ടാകുന്ന ഈ മാറ്റങ്ങൾ അവയിലെ തന്മാത്രകളെ കാര്യമായി ബാധിക്കും. ഈ വ്യതിയാനം മൂലം പെർഫ്യൂമുകളുടെ സുഗന്ധം നഷ്ടപ്പെടാനും സാധ്യതയേറെയാണ്. 

English Summary- Never Keep this in Bathroom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com