ADVERTISEMENT

മഴക്കാലമായാൽ ഏറ്റവും അധികം ബുദ്ധിമുട്ട് തുണികൾ ഉണക്കിയെടുക്കുന്നതിലാണ്. പലപ്പോഴും തുണികൾ പൂർണമായി ഉണക്കാൻ സാധിച്ചെന്നുവരില്ല. ഫലമോ? ഈർപ്പം തങ്ങിനിൽക്കുന്നത് മൂലം തുണികളിൽ കരിമ്പൻ പിടിക്കും. ഇളംനിറത്തിലുള്ള വസ്ത്രമാണെങ്കിൽ പറയുകയും വേണ്ട. വസ്ത്രങ്ങളെ ബാധിക്കുന്ന ഒരുതരം ഫംഗസ് തന്നെയാണ് കരിമ്പൻ. ഇതുമൂലം വസ്ത്രം പിന്നീട് ഉപയോഗിക്കാനാവാത്ത അവസ്ഥയിലെത്തും. എന്നാൽ കരിമ്പൻ വേഗത്തിലകറ്റാൻ വീട്ടിൽ തന്നെ പ്രയോഗിക്കാവുന്ന ചില പൊടിക്കൈകളുണ്ട്. അവ ഏതൊക്കെയെന്നു നോക്കാം. 

അകറ്റി നിർത്തുന്നതുതന്നെ എളുപ്പവഴി 

കരിമ്പൻ വന്നിട്ട്  നീക്കം ചെയ്യുന്നതിലുമെളുപ്പം കരിമ്പൻ വരാതെ നോക്കുന്നതാണ്. വസ്ത്രങ്ങൾ പൂർണ്ണമായി ഉണങ്ങിയ ശേഷം മാത്രം  മടക്കിയെടുത്തു അലമാരയിൽ വയ്ക്കാൻ ശ്രമിക്കുക. അൽപമെങ്കിലും ഈർപ്പം ഉണ്ടെന്നു തോന്നിയാൽ അയൺ ചെയ്തു വയ്ക്കാൻ ശ്രദ്ധിക്കുക.

വിനാഗിരി 

കുറച്ച് വെള്ളമെടുത്ത് അതിൽ അൽപം വിനാഗിരി കലർത്തിയ ശേഷം കരിമ്പൻ ബാധിച്ച തുണി അരമണിക്കൂർ നേരം മുക്കിവയ്ക്കുക. അതിനു ശേഷം നല്ല വെയിലിൽ ഉണക്കാനിടണം. കരിമ്പൻ അപ്പാടെ മാറും. 

ബേക്കിങ് സോഡ

ആദ്യം ഒരു ബക്കറ്റ് ചൂടുവെള്ളത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ ഡിറ്റര്‍ജന്റ് ചേര്‍ക്കണം. ഇതിലേക്ക് കരിമ്പനുള്ള വസ്ത്രങ്ങള്‍ മുക്കി കുറച്ചുസമയത്തിനുശേഷം ബേക്കിങ് സോഡ വിതറുക. പത്തുമിനിറ്റിനുശേഷം ശുദ്ധജലത്തില്‍ കഴുകാം. ബേക്കിങ് സോഡയിൽ മുക്കിയ ബ്രഷ് ഉപയോഗിച്ച് കരിമ്പനുള്ള ഭാഗത്ത് ഉരയ്ക്കുന്നതും ഫലപ്രദമാണ്. 

നാരങ്ങനീര് 

കരിമ്പൻ അകറ്റാനുള്ള മറ്റൊരു എളുപ്പവഴിയാണ് നാരങ്ങാനീരിന്റെ പ്രയോഗം. കരിമ്പനുള്ള ഭാഗത്ത് നാരങ്ങാനീര് ഒഴിച്ചശേഷം ഒരു ബ്രഷ് ഉപയോഗിച്ച് ഉരച്ചാൽ മതിയാകും. 

ഉരുളക്കിഴങ്ങ് നീര് 

നാരങ്ങാനീര് പോലെതന്നെ ഉരുളക്കിഴങ്ങിന്റെ നീരും കരിമ്പനകറ്റാൻ ഫലപ്രദമായി ഉപയോഗിക്കാവുന്ന മാർഗ്ഗമാണ്. അതിനായി ഉരുളക്കിഴങ്ങിന്റെ നീരെടുത്ത് കരിമ്പനു മുകളിൽ പുരട്ടുക. 20 മിനിറ്റ് നേരം ഇതേനിലയിൽ തുടരാൻ  അനുവദിക്കണം. അതിനുശേഷം തുണി നന്നായി കഴുകി വെയിലത്ത് ഉണക്കാൻ ഇടാം. 

പുളിച്ച മോര് 

പുളിച്ച മോരിന് കരിമ്പൻ അകറ്റിനിർത്താനുള്ള ശക്തിയുണ്ട്. മോര് നല്ലതുപോലെ പുളിപ്പിച്ച ശേഷം കരിമ്പനുള്ള ഭാഗത്ത് നന്നായി തേച്ചുപിടിപ്പിക്കുക. രണ്ടുമൂന്നു മണിക്കൂർ അത് തുണിയിൽ പിടിക്കാൻ അനുവദിച്ച ശേഷം കഴുകിക്കളയാം. കരിമ്പൻ അധികമായുണ്ടെങ്കിൽ അടുപ്പിച്ച് രണ്ടുമൂന്നു ദിവസം ഈ മാർഗം പരീക്ഷിക്കാവുന്നതാണ്.. 

English Summary- Remove Mildew from Shirts during Rainy Season; Home Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com