ADVERTISEMENT

വീട്ടിലെ ഏറ്റവും ബോറൻ പണിയേതെന്ന് വീട്ടമ്മമ്മാരോട് ചോദിച്ചാൽ ഭൂരിഭാഗവും പറയും അത് പാത്രം കഴുകലാണെന്ന്.  ഭക്ഷണവിഭവങ്ങൾ ഉണ്ടാക്കുമ്പോൾ അടിയിൽ പിടിക്കുന്നത് പാചകം ചെയ്യുന്നവരെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിലാക്കുന്നത്. ആരോഗ്യവും സമയവും കളഞ്ഞിട്ടും കരിപോകാതെ വരുന്നതോടെ ഒടുവിൽ പാത്രംതന്നെ അടുക്കളയിൽ നിന്ന് ഒഴിവാക്കുകയാണ് പലരും ചെയ്യുന്നത്. പരസ്യങ്ങളിൽ കാണിക്കുന്ന ഡിഷ് വാഷുകൾ മാറിമാറി പരീക്ഷിച്ചിട്ടും കരി പൂർണമായി നീക്കം ചെയ്യാൻ സാധിക്കാതെ വിഷമിക്കുന്നവർക്ക് സഹായകരമായ ചില പൊടികൈകൾ നോക്കാം. 

 

വെളുത്ത വിനാഗിരി 

വിഭവങ്ങൾക്ക് സ്വാദ് കൂട്ടുന്നതിൽ മാത്രമല്ല പാത്രങ്ങൾ തിളങ്ങാനും വിനാഗിരി സഹായിക്കും. കരിപിടിച്ച പാത്രത്തിൽ അല്പം വെള്ളമെടുത്തശേഷം രണ്ടോ മൂന്നോ സ്പൂൺ വിനാഗിരി ഒഴിച്ച് അടുപ്പിൽ വയ്ക്കുക. കരി പിടിച്ചിരിക്കുന്ന എല്ലാ ഭാഗത്തും വിനാഗിരി എത്തിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തണം. അതിനുശേഷം നാലഞ്ചു മിനിറ്റ് നേരം ഈ വെള്ളം തിളപ്പിക്കുക. കരി പൂർണമായും നീക്കം ചെയ്യാനാവും. 

 

സോപ്പുപൊടി 

പാത്രത്തിൽ അല്പം വെള്ളമെടുത്ത് കുറച്ചു സോപ്പുപൊടി ചേർത്ത് നന്നായി യോജിപ്പിക്കുക. അതിനുശേഷം പാത്രം അടുപ്പിൽവച്ച്  വെള്ളം തിളപ്പിക്കാം. തേച്ചുരയ്ക്കാതെ തന്നെ കരി ഇളകി വരുന്നത് കാണാനാകും. കരി പൂർണമായി നീങ്ങിയെന്ന് മനസ്സിലായാൽ പാത്രം  തിരികെ എടുത്ത് ഡിഷ് വാഷ് ഉപയോഗിച്ച് നന്നായി കഴുകി സൂക്ഷിക്കുക. 

 

burnt-pan
Shutterstock By SrideeStudio

നാരങ്ങനീര് 

നാരങ്ങാനീരും ഉപ്പും കലർത്തിയ ശേഷം ഇതുപയോഗിച്ച്  കരിഞ്ഞ പാത്രത്തിന്റ ഉൾഭാഗം നന്നായി തേച്ചുരയ്ക്കുക.  അഞ്ചു മിനിറ്റ് നേരം പാത്രം മാറ്റി വയ്ക്കാം. പിന്നീട് പാത്രം കഴുകിയ ശേഷം നാരങ്ങാനീര് ചേർത്ത് ഒന്നുകൂടി ഉരച്ചെടുത്താൽ കരി നീങ്ങുന്നതിനൊപ്പം പാത്രം വെട്ടിത്തിളങ്ങുകയും ചെയ്യും. 

 

ബേക്കിങ് സോഡാ 

കരിഞ്ഞുപിടിച്ച പാത്രത്തിൽ അല്പം വെള്ളം ഒഴിച്ച് അടുപ്പത്തുവച്ച് നന്നായി ചൂടാവാൻ അനുവദിക്കുക. ഈ വെള്ളത്തിലേക്ക് രണ്ടോ മൂന്നോ സ്പൂൺ ബേക്കിങ് സോഡ ചേർത്ത് നന്നായി തിളപ്പിച്ചു വയ്ക്കാം. അൽപസമയം കഴിഞ്ഞ് കുറച്ച് നാരങ്ങാനീര് കൂടി ചേർത്ത്  പാത്രം ഉരച്ചു കഴുകിയാൽ കരി എളുപ്പത്തിൽ അകന്നുകിട്ടും. 

 

ഉപ്പിട്ട ചൂടുവെള്ളം 

കരി അധികമായി അടിയിൽ പിടിച്ചിട്ടില്ലെങ്കിൽ സാധാരണ ചൂടുവെള്ളം കൊണ്ടുപോലും അത് നിസാരമായി നീക്കം ചെയ്യാം. കരിഞ്ഞ പാത്രത്തിൽ അല്പം വെള്ളമെടുത്ത് നന്നായി ഉപ്പിട്ട് അടുപ്പത്തുവച്ച് ഏറെനേരം തിളപ്പിക്കണം. പിന്നീട് സ്ക്രബർ ഉപയോഗിച്ച് പാത്രം കഴുകിയെടുത്താൽ മതിയാകും. 

English Summary- Clean Stained Vessel in Kitchen; Home Cleaning Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com