ADVERTISEMENT

വീട്ടുജോലികളിലെ ബോറൻ ഐറ്റങ്ങളിലൊന്നാണ് തുണിയലക്കൽ. ഓഫിസിൽ ഇട്ടുകൊണ്ടുപോകുന്ന ഫോർമൽ വസ്ത്രങ്ങളിൽ വിയർപ്പുകറ പതിഞ്ഞാൽ തുണിയലക്കൽ ഇരട്ടി തലവേദനയാകും. എത്ര വൃത്തിയാക്കാൻ നോക്കിയാലും വസ്ത്രങ്ങളിൽ പറ്റിപിടിച്ച വിയർപ്പുകറ നീക്കം ചെയ്യുന്നത് ദുഷ്കരമാണ്. കറയകറ്റാനായി ശക്തിയായി കല്ലിലുരയ്ക്കുന്നതു തുണിക്ക് ദോഷം ചെയ്യുകയും ചെയ്യും. എന്നാൽ ഇത്തരം അയാസങ്ങളൊന്നുമില്ലാതെ എളുപ്പത്തിൽ തന്നെ വസ്ത്രത്തിലെ വിയർപ്പുകറ നീക്കം ചെയ്യാനാവും. അതെങ്ങനെയെന്നു നോക്കാം. 

 

ആസ്പിരിൻ ഗുളികകൾ 

ഇളംനിറത്തിലുള്ള തുണികളിൽ കറ പിടിച്ചാൽ അവ മഞ്ഞനിറത്തിലാകും. ആസ്പിരിൻ ഗുളികകൾ ഉപയോഗിച്ചാൽ തുണിയുടെ സ്വാഭാവികനിറം തിരികെ ലഭിക്കും. രണ്ടോ മൂന്നോ ആസ്പിരിൻ ഗുളികകൾ പൊടിച്ച ശേഷം അല്പം വെള്ളം ചേർത്ത് പേസ്റ്റ് പരുവത്തിലാക്കി വസ്ത്രത്തിൽ കറയുള്ള ഭാഗത്ത് പുരട്ടി ഒരു ടൂത്ത് ബ്രഷ് കൊണ്ട് സൗമ്യമായി സ്ക്രബ് ചെയ്യുക. അതിനു ശേഷം സാധാരണ വെള്ളത്തിൽ കഴുകിയെടുത്തു നോക്കൂ. വിയർപ്പുകറ അപ്രത്യക്ഷമായിട്ടുണ്ടാവും. 

ബേക്കിങ്‌ സോഡ 

ബേക്കിങ്‌ സോഡയുടെ ഉപയോഗമാണ് മറ്റൊരു മാർഗം. നാല് സ്പൂൺ ബേക്കിങ്‌ സോഡ, ഒരു കപ്പ് ചെറുചൂടുവെള്ളം എന്നിവ മിശ്രിതമാക്കി വസ്ത്രത്തിൽ കറയുള്ള ഭാഗത്തു ഒഴിച്ചശേഷം കൈകൊണ്ട് തിരുമ്മിയെടുക്കാം. 

ഹൈഡ്രജൻ പെറോക്സൈഡ് 

ഏതുതരത്തിലുള്ള വസ്ത്രങ്ങളിൽ നിന്നും വിയർപ്പുകറ നീക്കം ചെയ്യാൻ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗപ്രദമാണ്. അര ടേബിൾ സ്പൂൺ ഹൈഡ്രജൻ പെറോക്സൈഡ്, അര കപ്പ് വെള്ളം, ഒരു ടീസ്പൂൺ ബേക്കിങ്‌ സോഡ എന്നിവ വലിയ പാത്രത്തിൽ കലർത്തി വച്ചശേഷം കറപിടിച്ച തുണി ഇതിൽ മുക്കി വയ്ക്കാവുന്നതാണ്.10 മിനിറ്റിനു ശേഷം പുറത്തെടുത്ത് സാധാരണ വെള്ളത്തിൽ പതിവുപോലെ കഴുകുക. 

നാരങ്ങാനീര് 

വസ്ത്രങ്ങളിൽ നിന്നും കറയും പാടുകളും മാറ്റാനുള്ള മാജിക് നാരങ്ങാനീരിലുണ്ട് . അരക്കപ്പ് വെള്ളത്തിൽ അഞ്ച് ടേബിൾ സ്പൂൺ നാരങ്ങാനീര് കലർത്തുക. ഈ മിശ്രിതം കറയുള്ള ഭാഗത്ത് ഒഴിച്ച് ഒരു മണിക്കൂറിനുശേഷം സാധാരണരീതിയിൽ തുണി കഴുകി എടുത്താൽ മതിയാകും.

ഓക്‌സിജന്‍ ബ്ലീച്ച് സ്റ്റെയിന്‍ റിമൂവർ 

കറ നീക്കം ചെയ്യാനുള്ള അറ്റകൈ പ്രയോഗമാണിത് . സാധാരണ ബ്ലീച്ചുകളെക്കാൾ കറകൾ നീക്കം ചെയ്യാൻ ഓക്സിജൻ ബ്ലീച്ചിന് സാധിക്കും. ഒരു ടേബിള്‍ സ്പൂണ്‍ ഓക്‌സിജന്‍ ബ്ലീച്ച് സ്റ്റെയിന്‍ റിമൂവര്‍ അര കപ്പ് വെള്ളത്തിൽ ചേർത്ത് കറകളില്‍ ഒഴിക്കുക. 15 മിനിറ്റിനു ശേഷം സാധാരണ വെള്ളം ഉപയോഗിച്ച് വസ്ത്രം കഴുകിയെടുക്കാം.

English Summary- Remove Sweat Stain from Clothes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com