ADVERTISEMENT

ദീർഘകാലത്തെ ഉപയോഗംകൊണ്ട് ഫ്ലാസ്ക്കുകളിൽ ദുർഗന്ധം ഉണ്ടാകുന്നത് പതിവാണ്. സാധാരണ ഡിഷ് വാഷും സോപ്പുലായനിയും മറ്റും ഉപയോഗിച്ച് പലവട്ടം കഴുകിയതിനുശേഷവും ദുർഗന്ധം നിലനിൽക്കുന്നതിനാൽ ഫ്ലാസ്ക് തന്നെ കളഞ്ഞു പുതിയത് വാങ്ങുന്നവരാണ് അധികവും. ഏറെ നാളുകളായി ഉപയോഗമില്ലാതെ അലമാരയിൽ ഇടംപിടിച്ച ഫ്ലാസ്ക്കുകളിൽ നിന്നും ഇത്തരത്തിൽ ദുർഗന്ധം വരാറുണ്ട്. വളരെ എളുപ്പത്തിൽ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ചുതന്നെ ഈ ദുർഗന്ധം പാടെ നീക്കാവുന്നതേയുള്ളൂ. അത് എങ്ങനെ എന്ന് നോക്കാം. 

 

ബ്ലീച്ചിങ് പൗഡർ 

ഒരു നുള്ളു ബ്ലീച്ചിങ് പൗഡർ ഫ്ലാസ്ക്കിനുള്ളിലേക്ക് ഇട്ടശേഷം അല്പം ചെറുചൂടുവെള്ളം ഒഴിച്ച് ഫ്ലാസ്ക് നന്നായി കുലുക്കുക. ഏതാനും മിനിറ്റുകൾ കുലുക്കി ബ്ലീച്ചിങ് പൗഡർ എല്ലാഭാഗത്തും എത്തിയെന്ന് ഉറപ്പായ ശേഷം ഫ്ലാസ്ക് തുറന്ന് ചൂടുവെള്ളം കളയുക. പിന്നീട് സാധാരണ വെള്ളത്തിൽ ഫ്ലാസ്ക് നന്നായി ഒന്ന് കഴുകിയെടുത്താൽ മതിയാകും. 

 

ടീ ബാഗ് 

ടീ ബാഗ് ഉപയോഗിച്ചും ഫ്ലാസ്കിലെ ദുർഗന്ധം അകറ്റിനിർത്താം. നന്നായി തിളച്ച വെള്ളത്തിൽ ടീ ബാഗിട്ട് അൽപ സമയം കഴിഞ്ഞ് ഈ വെള്ളം ഫ്ലാസ്കിൽ ഒഴിച്ച് വയ്ക്കുക. കുറച്ചുനേരം ഇതേ നിലയിൽ തുടരാൻ അനുവദിക്കണം. അതിനുശേഷം വെള്ളം ഊറ്റി കളഞ്ഞ് സാധാരണ വെള്ളത്തിൽ കഴുകിയെടുക്കുക. ഫ്ലാസ്കിലെ ദുർഗന്ധം അകറ്റാൻ ഏറ്റവും എളുപ്പത്തിൽ ചെയ്യാവുന്ന ഒരു മാർഗം കൂടിയാണ് ഇത്. 

 

നാരങ്ങ നീര് 

അൽപം ചൂടുവെള്ളം എടുത്ത് അതിലേക്ക് ഒരുമുറി നാരങ്ങാനീര് നന്നായി പിഴിഞ്ഞ് ചേർക്കുക. അതിനുശേഷം ഈ വെള്ളം ഫ്ലാസ്കിൽ ഒഴിച്ചുവച്ചു നന്നായി കുലുക്കി എല്ലാഭാഗത്തും എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. പിന്നീട് ഈ വെള്ളം മാറ്റി ഫ്ലാസ്ക് നന്നായി കഴുകിയെടുത്താൽ മതിയാകും. 

 

ബേക്കിങ് സോഡ 

ഫ്ലാസ്കിൽ ചൂടുവെള്ളം എടുത്ത് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ബേക്കിങ് സോഡ ചേർത്ത് കൊടുക്കുക. ഫ്ലാസ്ക് അടച്ച ശേഷം അൽപസമയം നന്നായി കുലുക്കണം. പിന്നീട് 10 മിനിറ്റ് വെള്ളം അതേ നിലയിൽതന്നെ ഫ്ലാസ്കിൽ തുടരാൻ  അനുവദിക്കുക. അതിനുശേഷം ഈ വെള്ളം ഊറ്റി കളഞ്ഞു ചെറുചൂടുവെള്ളത്തിൽ കഴുകി  ഉപയോഗിക്കാവുന്നതാണ്. 

 

നനവ് നീക്കം ചെയ്യുക 

ഉപയോഗശേഷം പലരും ഫ്ലാസ്ക് കഴുകി അടച്ചു സൂക്ഷിക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ  ഫ്ലാസ്ക്കിനുള്ളിലെ നനവ് പൂർണമായി മാറുന്നതിന് മുൻപാണ് ഇത്തരത്തിൽ അടച്ചുവയ്ക്കുന്നതെങ്കിൽ പിന്നീട് തുറക്കുമ്പോൾ ദുർഗന്ധം ഉണ്ടാകുമെന്ന് ഉറപ്പ്. അതിനാൽ അടച്ചുവയ്ക്കും മുൻപ് ഫ്ലാസ്കിലെ നനവ് പൂർണമായി നീക്കം ചെയ്ത് ഉണക്കി എടുക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.

English Summary- Remove Bad Odour from Flask; Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com