ADVERTISEMENT

വീട്ടിലെ ഏറ്റവും അറുബോറൻ പണി എന്താണെന്ന് വീട്ടമ്മമാരോട് ചോദിച്ചാല്‍ അതിനു ഒരുത്തരമേ ഉണ്ടാകൂ, അത് പാത്രം കഴുകലാണ്. ഭക്ഷണം ഉണ്ടാക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം വേണം പാത്രം കഴുകാന്‍ എന്നാണ് വീട്ടമ്മമാരുടെ പരാതി. അതുപോലെ മറ്റൊരു തലവേദനയാണ് അടുക്കളയില്‍ പാത്രങ്ങള്‍ കഴുകുന്ന സിങ്ക് വൃത്തിയാക്കുന്നതും. സദാ പാത്രങ്ങള്‍ കുമിഞ്ഞു കൂടുന്ന സിങ്ക് വൃത്തിയാക്കിയില്ലെങ്കില്‍ അത് വേറെ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കും. എന്നാല്‍ ചില കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ പാത്രം കഴുകുന്ന പരിപാടി വളരെ എളുപ്പത്തില്‍ ചെയ്യാം.

സിങ്ക് എങ്ങനെ - കഴുകാനുള്ള മുഴുവന്‍ പാത്രങ്ങള്‍ കൂടി സിങ്കിനുള്ളില്‍ എടുത്തിടരുത്. ഇത് പാത്രങ്ങള്‍ കുമിഞ്ഞു കൂടി ഇടം ഇല്ലാതാക്കും. വൃത്തിയായി സൂക്ഷിക്കേണ്ട സ്ഥലമാണ് സിങ്ക്. വിനാഗിരി, ബേക്കിങ് സോഡ അല്ലെങ്കില്‍ ആല്‍ക്കഹോള്‍ ഇതില്‍ ഇതു വേണമെങ്കിലും സിങ്കില്‍ ഒഴിച്ച് ഉരച്ചുകഴുകിയാല്‍ സിങ്ക് മിന്നിതിളങ്ങും. ഒപ്പം ദുര്‍ഗന്ധവും ഉണ്ടാകില്ല. 

സോപ്പ് - പാത്രം കഴുകാന്‍ ഏതു സോപ്പാണ് ഉപയോഗിക്കുന്നത് ? പരസ്യത്തില്‍ കണ്ട സോപ്പല്ല മറിച്ചു ലാക്ടിക്‌ ആസിഡ്‌ അടങ്ങിയ സോപ്പ്‌ തിരഞ്ഞെടുത്താല്‍ പാത്രങ്ങള്‍ എളുപ്പത്തില്‍ വൃത്തിയാക്കാം. അതുപോലെ ലൗറാമൈന്‍ ഓക്‌സൈഡ്‌ അടങ്ങിയ സോപ്പുകള്‍ വഴുവഴുപ്പ്‌ നീക്കം ചെയ്യാനും എളുപ്പം സഹായിക്കും.

കുതിര്‍ക്കുക - പാത്രങ്ങള്‍ എളുപ്പം കഴുകാന്‍ ഉള്ള മറ്റൊരു തന്ത്രമാണ് ഭക്ഷണം കഴിച്ച ശേഷം അൽപസമയം പാത്രം വെള്ളത്തില്‍ കുതിര്‍ത്ത ശേഷം കഴുകുക എന്നത്. അടി കരിഞ്ഞ പാത്രങ്ങള്‍ രാത്രിയില്‍ ഉപ്പ്‌ വെള്ളത്തില്‍ മുക്കി വയ്‌ക്കുക. പിന്നീട്‌ വെള്ളം ചൂടാക്കി ഒഴിച്ച് കഴുകിയാല്‍ പാത്രം എളുപ്പം വൃത്തിയാവും. അല്ലെങ്കില്‍ ഒരു ടീസ്‌പൂണ്‍ അല്ലെങ്കില്‍ ടേബിള്‍ സ്‌പൂണ്‍ ബ്ലീച്ച്‌ ചേര്‍ത്ത വെള്ളത്തില്‍ പാത്രം മുക്കി വയ്‌ക്കുക. ഡിഷ്‌ സ്‌പോഞ്ച്‌ വൃത്തിയാക്കാനും സിങ്ക്‌ കഴുകാനും ഈ വെള്ളം ഉപയോഗിക്കാം

എങ്ങനെയാണ് കഴുകുന്നത് - നല്ല ശക്തിയായി വെള്ളം ഒഴിച്ച് കഴുകിയാല്‍ പാത്രങ്ങള്‍ വേഗം വൃത്തിയാകും. പകരം നേർത്ത ജലപ്രവാഹമുള്ള പൈപ്പിന് ചുവട്ടില്‍ പിടിച്ചു കഴുകിയാൽ സമയം ധാരാളം എടുക്കും എന്ന് പറയേണ്ടല്ലോ. 

 

സ്ക്രബ് - നല്ലയിനം സ്ക്രബ് വേണം പാത്രം കഴുകാന്‍ ഉപയോഗിക്കാന്‍. ഒന്നോ രണ്ടോ ഉപയോഗത്തിന് ശേഷം കുതിര്‍ന്നു വീഴുന്ന ടൈപ്പ് സ്ക്രബ് വാങ്ങിയാല്‍ പാത്രം വൃത്തിയാകില്ല. 

 

സിങ്കിലെ ബ്ലോക്ക് നീക്കാന്‍

സിങ്ക് വൃത്തിയാക്കുമ്പോള്‍ ആദ്യം ശ്രദ്ധിക്കേണ്ടത് അടിഞ്ഞിരിക്കുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കാനാണ്. ഏറ്റവും എളുപ്പമുള്ള വിദ്യ ചൂടുവെള്ളമാണ്. തിളച്ച വെള്ളം എടുത്തു ഘട്ടം ഘട്ടമായി ഓവിലേക്ക് ഒഴിച്ച് കൊടുക്കാം. ഇനി ഇതുകൊണ്ട് കാര്യമില്ലെങ്കിൽ അടുത്ത ആയുധം പുറത്തെടുക്കാം.

വെറ്റ് ആന്റ് ഡ്രൈ വാക്വം ഉപയോഗിച്ചും ഓവിലെ ബ്ലോക്ക് നീക്കം. വാക്വം കുഴലിൽ ഒരു പ്ലൻജർ ഹെഡ് (plunger head) ഘടിപ്പിച്ചശേഷം ഓവിന്റെ വായ്ഭാഗത്തുചേർത്ത് നന്നായി അടച്ചുപിടിക്കുക. അടഞ്ഞിരിക്കുന്ന വസ്തുക്കൾ ഇളകി വാക്വമിന്റെ സഞ്ചിയിലേക്ക് പോകുന്നതിനുവേണ്ടി അതിന്റെ പവ്വർ പരമാവധി ക്രമീകരിക്കുക.

ഒരു പാത്രത്തിന്റെ മൂന്നിലൊന്നു ബേക്കിംഗ് സോഡയും അതേ അളവിന് വിനാഗിരിയും ഒരു പാത്രത്തിൽ എടുത്ത് ഒരുമിച്ച് കലർത്തുക. അപ്പോൾത്തന്നെ അത് നുരഞ്ഞുപൊന്താൻ തുടങ്ങും, ഒട്ടും സമയംകളയാതെ അതിനെ അടഞ്ഞിരിക്കുന്ന ഓവിലേക്ക് ഒഴിക്കുക. ഇത് പൈപ്പില്‍ അടിഞ്ഞു കൂടിയിരിക്കുന്ന അഴുക്കുകളെയും, പാഴ്‌വസ്തുക്കളെയും നീക്കംചെയ്യുവാൻ സഹായിക്കും.

 

English Summary- How to Clean Kitchen Sink Easily; Kitchen Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com