ADVERTISEMENT

കേരളത്തിൽ നിലവിലെ സാമൂഹിക-രാഷ്ട്രീയ- സാമ്പത്തിക സാഹചര്യങ്ങളിൽ മനംമടുത്ത് ഉപജീവനാർഥം നാടുവിടുന്ന മിക്ക ചെറുപ്പക്കാരും ഇവിടേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്നില്ല.ഫലമോ കേരളം വൈകാതെ പ്രായമുള്ളവർ ഏറെയുള്ള ഒരു സംസ്ഥാനമായിമാറും. അത് നമ്മുടെയൊക്കെ വീടുകളിലും വലിയ സ്വാധീനം ചെലുത്തും.

കേരളത്തിലെ  നിരവധി വീടുകളിൽ ഇതുപോലെ വിദ്യാഭ്യാസ-തൊഴിൽ ആവശ്യങ്ങൾക്കായി നാടുവിട്ട മക്കളുടെ മുറികൾ പൂട്ടിക്കിടപ്പുണ്ട്. കേരളത്തിലെ ധാരാളം പ്രവാസികളുള്ള ( വിശേഷിച്ച് മധ്യകേരളം- മലബാർ) പ്രദേശങ്ങളിലെ വീടുകളിൽ പ്രായമായ മാതാപിതാക്കൾ (ചിലപ്പോൾ ഇവരിൽ ഒരാൾമാത്രവും)  ആകും താമസിക്കുന്നത്.

മലയാളികൾ വീടുപണിയുമ്പോൾ ഏറ്റവും പ്രാധാന്യം കൊടുക്കുന്ന ഭാഗങ്ങളിൽ ഒന്നാണ് കിടപ്പുമുറികൾ. എന്നാൽ അവ പലപ്പോഴും ശരിയായ വിധത്തിലല്ല എന്ന് നിരീക്ഷിക്കേണ്ടിവരും. എന്റെ അഭിപ്രായത്തിൽ ബെഡ്റൂമുകളിൽ ഏറ്റവും പ്രാധാന്യം കൊടുക്കേണ്ടത് മാതാപിതാക്കൾക്ക്‌ ഉള്ള ബെഡ്റൂമിനാണ്. അവ എങ്ങനെ ആയിരിക്കണം എന്ന് എന്റെ ചെറിയൊരു കാഴ്ചപ്പാടിൽ ഞാൻ നിങ്ങളോട് പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു. ഇവയെല്ലാം പൂർണമായും ശരിയാകണം എന്നില്ല, നിങ്ങൾക്ക് ഇഷ്ട്ടപ്പെട്ടത് മാത്രം എടുക്കുക, ബാക്കി വിട്ടുകളയുക.

മാതാപിതാക്കൾക്ക്‌ ഉള്ള റൂം എപ്പോഴും കഴിയുമെങ്കിൽ അത്യാവശ്യം വലുപ്പത്തിൽ ഒരുക്കാൻ ശ്രമിക്കണം. ഇതിൽ മിനിമം ഒരു ചെറിയൊരു ടേബിൾ പിന്നെ രണ്ടു ചെയർ എങ്കിലും വേറെ ഇടാനുള്ള സൗകര്യം ഉണ്ടായിരിക്കണം. ഒരു ചെറിയ കട്ടിൽകൂടി ഇടാൻ പറ്റിയാൽ കൂടുതൽ നല്ലത്. വീടിന്റെ എൻ‌ട്രൻസിന്റെ ഏറ്റവും അടുത്തുള്ള റൂം ആയാൽ ഏറ്റവും നല്ലത്, കാണാൻ വരുന്നവർക്കും വീട്ടുകാർക്കും അതാണ് ഏറ്റവും നല്ലത്. കഴിയുമെങ്കിൽ രണ്ടു സൈഡിലും വിൻഡോ ഉള്ള റൂം ആണ് വേണ്ടത്.നല്ല വായുവും വെളിച്ചവും കൂടുതൽ കയറിയിറങ്ങുന്ന റൂം.

റൂമിൽ നിന്നും വീടിന്റെ പുറത്തേക്ക് എത്തുന്ന വരെയുള്ള പാസേജിൽ യാതൊരു തടസ്സങ്ങളും ഉണ്ടാകരുത്, അതായത് അകത്തേക്ക് വരുമ്പോഴും പുറത്തേക്ക് പോകേണ്ടിവന്നാലും ഒന്നൊരണ്ടോ പേർ പിടിച്ചുകൊണ്ടു പോകേണ്ടി വന്നാൽ പാസേജിൽ ഒരു തടസ്സങ്ങളും ഉണ്ടാകരുത്.ഈ റൂമിനുള്ള ബാത്ത്റൂം ഡോറുകൾ അല്പം കൂടി വീതിയിൽ എടുക്കുന്നതാണ് ഏറ്റവും നല്ലത്, ഫ്ലോറിൽ അതികം ഹൈറ്റ് വെത്യാസം കൊടുക്കരുത്. പരമാവധി ലൈറ്റ് കളർ ടൈലും പെയിന്റും കൊടുക്കാൻ ശ്രമിക്കണം.

ബാത്ത് റൂമിന്റെ ഉള്ളിലും കുറേ കാര്യങ്ങൾ എക്സ്ട്രാ ചെയ്യാൻ ഉണ്ട്, അത് ചുരുക്കിപ്പറയാം. ഇരുന്നു കുളിക്കാൻ ഉള്ള സൗകര്യവും പിടിച്ചു എഴുന്നേൽക്കാനുള്ള സൗകര്യവും ചൂടുവെള്ളം കിട്ടാനുള്ള സൗകര്യവും, അത്യാവശ്യം ഗ്രിപ്പ് ഉള്ള ടൈലും, അത്യാവശ്യം വലുപ്പവും കൊടുക്കുന്നത് നല്ലതാണ്.

ഈ കിടപ്പുമുറിയിലെങ്കിലും ഒറ്റ സ്വിച്ചിൽ വീടിനു പുറത്ത് എല്ലാ വശങ്ങളിലും ലൈറ്റുകൾ ഒരേ സമയം പ്രകാശിക്കാൻ പറ്റുന്ന രീതിയിൽ ചെയ്യുന്നത് വളരെ നല്ലതാണ്. മാസ്റ്റർ ബെഡ് റൂമിൽ ഒരു TV ക്കുള്ള പോയിന്റ് ഇടണം, മാത്രമല്ല ഇതു ഭാവിയിൽ ക്യാമറയുടെ മോണിറ്റർ ആയി ഉപയോഗിക്കാനും സാധിക്കും.

ഓർക്കുക, ഈ റൂം എപ്പോഴും ഒരു രോഗിക്ക് വേണ്ടിയെന്ന രീതിയിൽ ആണ് ചെയ്യേണ്ടത്, കാരണം അടുത്ത 10 വർഷത്തിനുള്ളിൽ എല്ലാവർക്കും വീട് കാർ, എന്ന് പറയുന്നപോലെ, അടുത്ത 10 വർഷത്തിനുള്ളിൽ 'മിക്ക വീടുകളിലും ഒരു രോഗി' എന്ന രീതിയിലേക്കാണ് ഇന്ന് നാം പോയിക്കൊണ്ടിരിക്കുന്നത്. ചെറുപ്പക്കാരുടെ കുടിയേറ്റത്തിനൊപ്പം നമ്മുടെ ജീവിതരീതികളും ഭക്ഷണവും ഒക്കെ ഇതിന് വഴിയൊരുക്കുന്നുണ്ട്. ഒരുപക്ഷേ നാളെ നമ്മൾ തന്നെ ഈ റൂമിലേക്ക് മാറേണ്ടി വരുകയോ അല്ലെങ്കിൽ മാറ്റപ്പെടുകയോ ചെയ്തേക്കാം. അപ്പോൾ ഈ സൗകര്യങ്ങൾ നമ്മൾക്ക് തന്നെ അനുഭവിക്കാൻ സാധിക്കുകയും ചെയ്യും.

English Summary- Migration and Influence on Designing House; Expert Talk

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com