ADVERTISEMENT

ഞാൻ ഒരു ആർക്കിടെക്ചർ പ്രൊഫസറും ഭർത്താവ് സിവിൽ എൻജിനീയറും ആണ്. വർഷങ്ങളായി മറ്റുള്ളവർക്കായി വീടുകൾ ഡിസൈൻ ചെയ്ത ശേഷം ഒടുവിൽ ഞങ്ങളുടെ സ്വന്തം വീട് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പാലുകാച്ചി. സ്വന്തം വീട് മനസ്സിൽ ഡിസൈൻ ചെയ്യാൻ തുടങ്ങിയപ്പോൾ ആദ്യം ആലോചിച്ചത് അടുക്കളയെപ്പറ്റി ആണ്. അടുക്കളയുടെ പൊസിഷൻ വീട്ടിൽ എവിടെ വേണം? പലർക്കും അതേക്കുറിച്ച് പല ആശയങ്ങൾ ആണ്. 

പൊതുവെ പാചകം ഇഷ്ടമല്ലെങ്കിലും ചെയ്യണമല്ലോ.. അപ്പോൾ അടുക്കളയിൽ കയറിയേ പറ്റൂ. കുട്ടിയായിരിക്കുമ്പോൾതന്നെ ഞാൻ ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യം ആണ്, അമ്മ അടുക്കളയിൽ ജോലിയിൽ ആവും, അച്ഛൻ പുറത്ത് ലിവിങ് റൂം അല്ലെങ്കിൽ ഓഫീസ് റൂമിൽ. അവിടുന്ന് അച്ഛൻ എന്തെങ്കിലും ഉറക്കെ വിളിച്ചു പറഞ്ഞാലും പാത്രത്തിന്റെയും വെള്ളത്തിന്റെയും ഒക്കെ ശബ്ദത്തിൽ അത് മുങ്ങിപോകും, അമ്മ കേൾക്കില്ല. 

അതുപോലെ അമ്മയ്ക്ക് എന്തെങ്കിലും പറയണമെങ്കിൽ ജോലിക്കിടയിൽ ഇറങ്ങി പോയി പറയണം. ഈ communication gap ചില തിരക്കിട്ട കാര്യങ്ങൾ ചെയ്യുമ്പോൾ വളരെ ബുദ്ധിമുട്ടാണ്. എന്നെ സംബന്ധിച്ച് ഈ ഗ്യാപ് മാത്രമല്ല പ്രശ്നം. അടുക്കളയിൽ നിന്ന് കുട്ടികളുടെ ഹോംവർക് ചെയ്യാൻ സഹായിക്കണം. അതിഥികൾ വന്നാൽ അവരോട് വാചകമടിക്കുന്നതിനു പകരം ചായ ഉണ്ടാക്കാൻ പോകുമ്പോൾ സംസാരം മുറിയും. ഭർത്താവും  കുക്ക് ചെയ്യും, അപ്പോൾ കൂട്ടത്തിൽ ടിവി കാണാനും പറ്റുന്നെങ്കിൽ നല്ലത്..വർക്കിങ് ഡേ ആണെങ്കിൽ രാവിലെ ഓട്ടം, തിരക്ക്, കുട്ടികളെ റെഡി ആക്കലും ടിഫിൻ എടുക്കലും ഒക്കെ വേഗം നടക്കണം... അപ്പോൾ അടുക്കള വീട്ടിൽ എവിടെ, ഏതു ഭാഗത്താണ് എന്നത് ഏറെ പ്രധാനം ആണ്. 

kitchen-surya

അങ്ങനെയാണ് ഞങ്ങളുടെ വീടിന്റെ ഫോക്കസ്, അഥവാ എല്ലാ ആക്ടിവിറ്റികളും സംഗമിക്കുന്ന ആ പ്രധാന ഭാഗം, അടുക്കള ആക്കാൻ തീരുമാനിച്ചത്. അങ്ങനെ ചെയ്യുമ്പോൾ സ്വകാര്യത കുറയില്ലേ എന്ന് ആലോചിച്ചു. കുറയും എന്നല്ല, തീരെ ഉണ്ടാവില്ല. പക്ഷേ ഒരു വർക്കിങ് പ്രൊഫഷണലും ഒപ്പം മൂന്ന് കൊച്ചുകുട്ടികളുടെ അമ്മയും ആണ് ഞാൻ. വീട്ടിൽ സിറ്റൗട്ടിന് അകത്തേക്ക് വരുന്ന എല്ലാ അതിഥികളും എന്റെ കൂടി ബന്ധുക്കളോ സുഹൃത്തുക്കളോ ആണ്. അവിടെ സ്വകാര്യത ആരിൽ നിന്ന് വേണം? പിന്നെ അടുക്കളയിൽ ഉണ്ടാക്കുന്ന പാത്രങ്ങൾ, സിങ്ക് ഒക്കെ മറ്റുള്ളവർ കാണില്ലേ, ശബ്ദം കേൾക്കില്ലേ, മണം വരില്ലേ മുതലായ കാര്യങ്ങൾ.. അത്യാവശ്യം വൃത്തിയായി അടുക്കള സൂക്ഷിക്കാൻ പറ്റുന്ന രീതിയിൽ പ്ലാൻ ചെയ്താൽ മറ്റുള്ളവർ കാണുന്നത് ഒരു പ്രശ്നമേ ആവില്ല..അവർ കാണട്ടെ. മണം വരുന്നത് അവർ കൂടി കഴിക്കുന്ന ഭക്ഷണത്തിന്റെ അല്ലെ പിന്നെന്താ!..

പിന്നെ ജോലി സംബന്ധമായി കാണാൻ വരുന്നവർ, കുട്ടികളുടെ ഫ്രണ്ട്‌സ്, ഒക്കെ ആണെങ്കിൽ അവർക്ക് സിറ്റൗട്ടിൽ ഇരിക്കാം അതുമല്ലെങ്കിൽ മുകളിലെ നിലയിലേക്ക് നേരെ പോകാം, ആ രീതിയിൽ പ്ലാൻ ചെയ്യണം..അങ്ങനെ ആലോചിച്ചപ്പോൾ തെറ്റില്ല എന്ന് തോന്നി. അങ്ങനെ ഞങ്ങളുടെ 'വിഹായസ്സി'ൽ ഏറ്റവും പ്രധാനമായ സ്ഥാനം അലങ്കരിച്ചു എന്റെ ഓപ്പൺ കിച്ചൻ.

കിച്ചൻ ഫോക്കസ് ആണെങ്കിലും ഓപ്പൺ ആണെങ്കിലും പൂർണമായി മോഡുലാർ  ആക്കുന്നതിനോട് എനിക്ക് താല്പര്യം ഇല്ലായിരുന്നു. മോഡുലാർ കിച്ചൻ ഏതെടുത്താലും ഏതാണ്ട് ഒരുപോലെ ഉണ്ട്.. നമ്മുടെ പ്രത്യേകമായ ആവശ്യങ്ങൾക്ക് അത് ശരിയാവില്ല. വലിയ പാത്രങ്ങൾ വയ്ക്കാൻ ബുദ്ധിമുട്ടാണ്. കിച്ചൻ കൗണ്ടർ എപ്പോഴും ഫ്രീ ആയി ഭംഗി ആയി ഇരിക്കണമെങ്കിൽ സിങ്കിൽനിന്ന് കഴുകിയ പാത്രങ്ങൾ അപ്പോൾ തന്നെ ഷെൽഫിൽ എടുത്ത് വയ്ക്കണം. അപ്പോൾ നനവുള്ള പാത്രങ്ങൾ വയ്ക്കാൻ പറ്റിയ ഷെൽഫ് വേണം. അത്രയും കസ്റ്റമൈസ് ചെയ്യുമ്പോൾ കോസ്റ്റ് കൂടും... അതൊക്കെ കൊണ്ട് കിച്ചൻ കുറച്ച് ഭാഗം മാത്രം മോഡുലാർ യൂണിറ്റ് ചെയ്ത് ബാക്കി തുറന്ന ഷെൽഫ് ഡിസൈൻ ആക്കി. ഞങ്ങളും ഹാപ്പി...

English SUmmary- Benefits of Open Kitchen; Architect share Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com