ADVERTISEMENT

എന്റെ ഒരു ചെറിയ ആശയം ആണ് ഇവിടെ പങ്കുവയ്ക്കുന്നത്. ഒരു 40 ലക്ഷം രൂപയിൽ താഴെ എല്ലാം ഫിനിഷ് ചെയ്യുന്ന, ലോൺ എടുത്തും കടം എടുത്തും അല്ലാതെ പലിശയ്ക്കും മറ്റുംഎടുത്തും വീട് പണിയുന്ന സാധാരണക്കാർക്ക് വേണ്ടിയുള്ള ഒരു കാര്യം. ഇഷ്ടംപോലെ കാശ് ഉള്ളവർക്കും ലോൺ ഒന്നും എടുക്കാതെ വീട് പണിയുന്നവർക്കും വലിയ ബജറ്റിൽ വീടു പണിയുന്നവർക്കും അല്ല ഈ ആശയം. 

സാധാരണരീതിയിൽ മിക്കവരും കയ്യിൽ ഉള്ളതിന്റെ ഇരട്ടി തുകയ്ക്ക് ആയിരിക്കും വീടിന് ബജറ്റ് ഇടുക. അതുതന്നെ മിക്കവാറും എല്ലാം ലോൺ ആയിരിക്കും. പണി ഒരു 70 % കഴിയുമ്പോഴേക്കും കാശ് തീർന്നിട്ടുണ്ടാകും. അപ്പോഴാണ് ഫ്ളോറിങ്, കബോർഡുകൾ, അലമാരികൾ തുടങ്ങിയ അവസാന പണികൾ വരുന്നത്. ഫ്ലോറിങ്ങിനു മിക്കവരും ആദ്യം ചിന്തിക്കുന്നത് ഗ്രാനൈറ്റ് ആയിരിക്കും.എന്റെ വീട് പണി നടന്ന സമയത്ത് ഇതേ വിഷയം ഉണ്ടായി. എന്റെ ഏറ്റവും അടുത്ത ബന്ധു ഗ്രാനൈറ്റ് ഫീൽഡിൽ കുറെ നാളുകൾ ആയി ഉള്ള ആൾ ആണ്. അദ്ദേഹം എന്നോട് ചോദിച്ചു: എന്താണ് ഞാൻ വിരിക്കാൻ ഉദ്ദേശിച്ചിരിക്കുന്നത് എന്ന്. എന്നിട്ട് എന്നോട് പറഞ്ഞു ഗ്രാനൈറ്റ് ആണ് ഇടുന്നതെങ്കിൽ മിനിമം ഒരു 250  അല്ലെങ്കിൽ 300 രൂപ മുതൽ മുകളിലേക്ക് ഒരു സ്‌ക്വയർഫീറ്റിന് വരും. കുഴപ്പം ഇല്ലാത്ത അത്യാവശ്യം നല്ല ഗ്രാനൈറ്റിന് എന്ന്. അതിൽ താഴെ ഉള്ളത് ഒന്നില്ലങ്കിൽ ഡാർക്ക് കളറുകൾ ആയിരിക്കും അതിട്ടാൽ വീടിനകത്ത് എപ്പോഴും ഇരുട്ട് പോലെ തോന്നും, അല്ലെങ്കിൽ കടുപ്പം കുറഞ്ഞ കല്ലുകൾ ആയിരിക്കും എന്നും പറഞ്ഞു. 

ഏറ്റവും കുറഞ്ഞ 80 ,100 രൂപയ്ക്ക്  കിട്ടുന്നതൊന്നും  ഒരിക്കലും എടുക്കരുത് എന്നും. അതല്ല ബജറ്റ്  കുറവ് ആണെങ്കിൽ ടൈൽ ആണ് ഏറ്റവും നല്ലത് എന്നും.അപ്പോൾ ഞാൻ കണക്കു കൂട്ടി നോക്കിയപ്പോൾ 1000 സ്‌ക്വയർഫീറ്റ് ഗ്രാനൈറ്റ് വിരിക്കുമ്പോൾ പണിക്കൂലി ഉൾപ്പെടെ 3 അല്ലെങ്കിൽ 3 1/4  ലക്ഷം രൂപ വരും. പകരം അത്യാവശ്യം കുഴപ്പം ഇല്ലാത്ത ടൈൽ ആണെങ്കിൽ ഇതേ 1000 സ്‌ക്വയർഫീറ്റ് വിരിക്കുമ്പോൾ പണിക്കൂലിയും എല്ലാം ഉൾപ്പെടെ 1  ലക്ഷമേ വരുന്നുള്ളൂ. അപ്പോൾ വ്യത്യാസം  2  അല്ലെങ്കിൽ രണ്ടേകാൽ  ലക്ഷം രൂപ. 

house-interior

ലോൺ എടുത്തിട്ടോ അല്ലെങ്കിൽ മറ്റു പലിശക്ക് എടുത്തിട്ടോ ആണ് വീട് പണിയുന്നത് എങ്കിലും ഈ കൂടുതൽ വരുന്ന തുകയ്ക്കുംകൂടി ലോൺ എടുക്കേണ്ടി വരും. അടച്ചു കഴിയുമ്പോൾ ആ തുക പലിശ ഉൾപ്പെടെ ഇരട്ടിയിൽ അധികമാകും. ഒന്ന് ശെരിക്കും ചിന്തിച്ചാൽ ടൈൽ ആണ് ഇടുന്നത് എങ്കിൽ നമ്മൾ വെറുതെ ഇപ്പോൾ കൂടുതൽ കൊടുക്കുന്ന കാശും, ആ കാശിനു വെറുതെ കൊടുക്കുന്ന ആ പലിശ കൊണ്ട് മാത്രം ഓരോ 10 വർഷം കഴിയുമ്പോഴും നമുക്ക് ഇട്ടിരിക്കുന്ന ടൈലുകൾ മാറ്റി അപ്പോഴത്തെ ട്രെൻഡിൽ ഉള്ള പുതിയത് ഇടാൻസാധിക്കും.

ഇതുപോലെ തന്നെയാണ് കബോർഡുകളും. ഞങ്ങളുടെ ഏരിയ ചിതൽ കൂടുതൽ ഉള്ളതായതുകൊണ്ട് മരം ആണെങ്കിൽ തേക്കു കൊണ്ടോ അല്ലെങ്കിൽ നല്ല മറ്റു മരങ്ങൾ കൊണ്ടോ ചെയ്യേണ്ടി വരും. ഞാൻ ചോദിച്ചപ്പോൾ എല്ലാ കബോർഡുകളും മരം കൊണ്ടാണെങ്കിൽ (തേക്ക് ) ആണെങ്കിൽ 9 ലക്ഷവും മറൈൻ പ്ലൈവുഡ് ആണെങ്കിൽ 7 ലക്ഷവും ഹൈ ക്വാളിറ്റി അലുമിനിയം കൊണ്ട് 1/2 ലക്ഷവും ആണ് പറഞ്ഞത്. 

ഇത് അലുമിനിയം ആണ് ചെയ്യുന്നത് എങ്കിൽ നേരത്തേ പറഞ്ഞ കണക്കു പ്രകാരം  ഓരോ 10 വർഷം കൂടുമ്പോഴും മാറ്റി പുതിയ രീതിയിൽ ചെയ്യാൻ പറ്റും. വീടിന് അകത്തു മാറ്റം ഉണ്ടാക്കാനും ഒരു പുതുമ കൊണ്ടുവരാനും പറ്റും. 

ഞാൻ ചെയ്ത ടൈൽ വർക്കിന്‌ പണിക്കൂലിയും ഉൾപ്പെടെ 100 രൂപയെ വന്നിട്ടുള്ളൂ.(ടൈലിന്റെ വില 72)അതുപോലെ തന്നെ അലുമിനിയം ACP വർക്കുകളുടെയും. ഇപ്പോൾ മൂന്നര വർഷം കഴിഞ്ഞു. പിന്നെ 2018 ലെ വെള്ളപ്പൊക്കത്തിൽ കുറച്ചു വെള്ളവും കയറി. ഭാഗ്യത്തിന് ACP ആയതുകൊണ്ട് ഒന്നിനും ഒരു കുഴപ്പവും സംഭവിച്ചില്ല.പിന്നെ എന്നെങ്കിലും പൊളിച്ചു മാറ്റി പുതിയത് ചെയ്യുമ്പോൾ അലുമിനിയം ആയതുകൊണ്ട് പഴയത് കൊടുത്താലും അത്യാവശ്യം കാശ് കിട്ടും എന്നുള്ളത് കൊണ്ടും അത്യാവശ്യം ഭംഗി ഉള്ളത്കൊണ്ടും ആണ് ഞാൻ ഇത് തിരഞ്ഞെടുത്തത്.

നിങ്ങൾ ഈ ആശയം മാത്രം എടുത്ത് ഇപ്പോൾ നിലവിൽ ഉള്ള മറ്റു പ്രൊഡക്ടുകളും പരീക്ഷിക്കാവുന്നത് ആണ്. കാശ്  ഉണ്ടെങ്കിൽ നല്ല മരമോ അല്ലെങ്കിൽ അതുപോലുള്ള ഒരുപാട് ലൈഫ് കിട്ടുന്നതും പ്രൗഢി ഉള്ളതുമായ മറ്റു പ്രൊഡക്ടുകൾ ഉപയോഗിക്കുന്നത് ആയിരിക്കും കൂടുതൽ നല്ലത്..

English Summary- Cost cuting tips for House furnishing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com