സോഫ കൃത്യമായി മെയിന്റനൻസ് െചയ്തില്ലെങ്കിൽ മുറിയുടെ ഭംഗി കെടുത്തും. അപ്ഹോൾസ്റ്ററി മാറുന്നതു പുത്തൻ ലുക്ക് കിട്ടാൻ നല്ലതാണ്. ലിനൻ ക്ലോത്തിനു പകരം വെൽവറ്റ്, സാറ്റിന്‍ ഫാബ്രിക് പരീക്ഷിക്കാം. ലെതർ മെറ്റീരിയലിലും ഇത്തരത്തിൽ നിറങ്ങൾ മാറാൻ ഓപ്ഷനുണ്ട്. സോഫ കവറും കുഷ്യനും ചെയർ ബാക്കും ഇന്റീരിയറിന്റെ ഭംഗി കൂട്ടുന്ന എലമെന്റ്സ് ആണ്. മുറിയുടെ പെയിന്റിനു ചേരുന്ന നിറങ്ങളോ ഒരു നിറത്തിന്റെ തന്നെ പല ഷേഡുകളോ ഇവയ്ക്കായി തിരഞ്ഞെടുക്കാം.
സോഫ്റ്റ് ഫർണിഷിങ്ങിന്റെ നിറത്തിനു ചേരുന്ന വാൾ ഡെക്കോറുകൾ വച്ചും മാച്ചിങ് ലുക് നേടാം. ഡൈനിങ് ചെയറുകൾക്കും ഫാബ്രിക് കവർ വാങ്ങാൻ കിട്ടും. ഇത്തരത്തിൽ ഒന്നോ രണ്ടോ സെറ്റ് വാങ്ങിവച്ചാൽ ഇടക്കിടെ ഡൈനിങ്ങിന്റെ ലുക് മാറ്റാം. ലിവിങ് ഏരിയയിലെ സോഫയും സെറ്റിയും നടുഭാഗത്തായി ചതുരാകൃതിയിലാണോ ഉള്ളത്? എങ്കിൽ ഇക്കുറി അതുമാറ്റി ചുമരിനോട് ചേർത്ത് ‘L’ ഷേപ്പിലാക്കാം. അല്ലെങ്കിൽ ‘U’ ഷേപ്പിലോ ‘C’ ആകൃതിയിലോ ആക്കാം. പഴയ ഷോകെയ്സ് വൃത്തിയാക്കി, സ്ലൈഡിങ് ഗ്ലാസ് മാറ്റി, റാക്കുകൾ ബലപ്പെടുത്തിയാൽ ഉഗ്രൻബുക് ഷെൽഫായി. അതല്ലെങ്കിൽ ക്യൂരിയോ സ്റ്റാൻഡ് ആയി ഇതിനെ മാറ്റാം.

സിംഗിൾ കളർ സാരിക്കൊപ്പം ഡിസൈനുള്ള ബ്ലൗസ് ട്രെന്‍ഡായതു പോലെയാണ് ഇന്റീരിയറിലെ പുതിയ ട്രെന്‍ഡ്. വാൾ പെയിന്റും കർട്ടനും പേസ്റ്റൽ നിറങ്ങളില്‍ തിളങ്ങുമ്പോൾ മാച്ചിങ് ബ്രൊക്കേഡ് കുഷ്യൻ കവറോ, വൈബ്രന്റ് നിറത്തിലുള്ള ലാംപ് ഷേഡോ, ഹെവി ലുക്കുള്ള വാൾ ഡെക്കോർ പീസോ കൂടി ചേർത്തു വച്ചാൽ റിച്ച് ഇന്റീരിയർ സ്വന്തമാക്കാം. ഇന്റീരിയറിലെ ഫോക്കൽ പോയിന്റിൽ ഇഷ്ടമുള്ള ഒരു യൂണീക് പീസ് വയ്ക്കാനാണ് പലർക്കും ഇഷ്ടം. യാത്ര ചെയ്യുമ്പോഴും മറ്റും ഇഷ്ടത്തോടെ വാങ്ങിക്കൊണ്ടുവരുന്ന ഇത്തരം പീസുകൾ ഉള്‍പ്പെടുത്താൻ മോഹമുള്ളവർ അക്കാര്യം ഇന്റീരിയർ ഡിസൈനറോട് നേരത്തേ പറയണം. നിറത്തിലും പാറ്റേണിലും ശ്രദ്ധിച്ച് ഇന്റീരിയർ ഒരുക്കാൻ അവർക്കാകും.

ചെടികളും ന്യൂട്രൽ ടോണുകളും വച്ച് സിംപിൾ ലുക്കിൽ ഇന്റീരിയർ ചെയ്യുമ്പോഴും ചില ഇടങ്ങളെ വൈബ്രന്റ് ആക്കി നിർത്താം. റീഡിങ് ഏരിയ, ലൈബ്രറി, കോഫി ഏരിയ തുടങ്ങിയവ വ്യത്യസ്തമായ നിറങ്ങളിൽ പരീക്ഷിക്കാം. ഇവിടേക്ക് തിരഞ്ഞെടുക്കുന്ന കാർപറ്റ്, ഭിത്തിയിൽ തൂക്കുന്ന പെയിന്റിങ്ങോ ഡെക്കോറോ തുടങ്ങിയവയൊക്കെ ലൗഡ് ഡിസൈനിലും നിറങ്ങളിലുമാകട്ടെ.
Content Summary : Easy ways to make your home look expensive and high end